പാരീസ്: കളിമണ്‍ പ്രതലത്തില്‍ എതിരാളികളില്ലാത്ത പോരാളിയാണെന്ന് റാഫേല്‍ നദാല്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. റോളന്‍ഡ് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ തനിക്ക് ശൗര്യമേറുമെന്നും… ഫ്രഞ്ച് ഓപ്പണിലെ പതിനാലാം കിരീടം റാഫയ്ക്ക് സ്വന്തം. ഫൈനലിന്റെ പ്രൗഢിക്ക് ഒട്ടും യോജിക്കാത്ത ഏകപക്ഷീയമായ ഫൈനലില്‍ നോര്‍വെയുടെ എട്ടാം സീഡ് കാസ്പര്‍ റൂഡിനെ കീഴടക്കി (6-3, 6-3, 6-0). ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനാകുന്ന പ്രായമേറിയ പുരുഷ താരമെന്ന ബഹുമതിയും സ്പാനിഷ് താരത്തിന് സ്വന്തം.
ഇതോടെ, കരിയറിലെ 22-ാം ഗ്രാന്‍ഡ്സ്ലാം കിരീടമായി സ്പാനിഷ് താരത്തിന്. പുരുഷ താരങ്ങളില്‍ കൂടുതല്‍ ഗ്രാന്‍ഡ്സ്ലാമെന്ന നേട്ടത്തിന്റെ പകിട്ടിന് തിളക്കമേറി. 20 ഗ്രാന്‍ഡ്സ്ലാമുകളുമായി ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോകൊവിച്ചും മുന്‍ ഒന്നാം നമ്പര്‍ റോജര്‍ ഫെഡററുമാണ് രണ്ടാമത്.
ടൂര്‍ണമെന്റില്‍ അഞ്ചാം സീഡായ നദാലിന് മുന്‍ മത്സരങ്ങളില്‍ നേരിടേണ്ടിവന്ന കടുത്ത പരീക്ഷണം ഇന്നലെയുണ്ടായില്ല. തന്റെ അക്കാദമിയില്‍ ഒപ്പം പരിശീലിക്കുന്ന റൂഡിനെതിരെ ആദ്യ സെറ്റ് മുതല്‍ ആധിപത്യം നിലനിര്‍ത്തി റാഫ. ആദ്യ സെറ്റില്‍ ഒരു ഗെയിം ബ്രേക്ക് ചെയ്ത് റൂഡ് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നെ പിടിച്ചുനില്‍ക്കാനായില്ല. രണ്ടാമത്തേതില്‍ തുടക്കത്തില്‍ രണ്ട് ഗെയിം റൂഡ് ബ്രേക്ക് ചെയ്തെങ്കിലും പിന്നീട് തിരിച്ചെത്തിയ നദാല്‍, എതിരാളിക്ക് അവസരം നല്‍കിയില്ല. അവസാന സെറ്റില്‍ ഒന്നു പൊരുതാന്‍ പോലുമാകാതെ റൂഡ് കീഴടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: