ന്യൂദല്‍ഹി: ബീഹാറില്‍ ബിജെപിയുടെ എതിര്‍പ്പിനെ വകവെയ്ക്കാതെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജാതി സെന്‍സസിന് ഉത്തരവിട്ടിരിക്കുകയാണ്. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹിന്ദുമതത്തിലെ പിന്നാക്കവിഭാഗം ഉള്‍പ്പെടെയുള്ള എല്ലാ ജാതി വിഭാഗങ്ങളില്‍ നിന്നും പിന്തുണ ലഭിച്ച് യോഗി ആദിത്യനാഥ് ഭരണം പിടിച്ചപ്പോള്‍ തന്നെ ബുദ്ധിജീവികള്‍ ഉപദേശിച്ച തന്ത്രം ഇതാണ്. ജാതി സെന്‍സസ് ശക്തമാക്കുക, ജാതി ചിന്ത വളര്‍ത്തുക- അതുവഴി ഹിന്ദു ഐക്യത്തെ ഇല്ലായ്മ ചെയ്യുക വഴി 2024ല്‍ ബിജെപിയുടെ കുതിപ്പിന് തടയിടാം എന്നാണ് ബുദ്ധിജീവികളുടെ കണക്കുകൂട്ടല്‍.
ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ യോഗി ജയിച്ചപ്പോള്‍ പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചത് ഇതാണ്: “ഉത്തര്‍പ്രദേശില്‍ ജാതി ഇല്ലാതായിരിക്കുന്നു. ഇത് ജാതിക്കപ്പുറത്തുള്ള ഹിന്ദുത്വത്തിന്റെ വിജയമാണ്.” എന്നാല്‍ ഹിന്ദുത്വത്തിന്റെ ജാതി വേര്‍തിരിവുകള്‍ക്കപ്പുറമുള്ള ഐക്യത്തെയാണ് ഇടത്-ലിബറല്‍ ബുദ്ധിജീവികള്‍ ഭയക്കുന്നത്. അതുകൊണ്ട് ജാതി ഭൂതത്തെ കുടത്തില്‍ നിന്നും തുറന്നുവിട്ട് ഇന്ത്യയുടെ ഐക്യം തകര്‍ക്കുക വഴി ദുര്‍ബലമായ ഏതെങ്കിലും കൂട്ടുമുന്നണിയെ അധികാരത്തിലെത്തിക്കാം എന്നതാണ് ഇവരുടെ ലക്ഷ്യം. അങ്ങിനെയെങ്കില്‍ മാത്രമേ ഇവരുടെ ഗൂഢ അജണ്ടകള്‍ നടപ്പിലാക്കാന്‍ കഴിയൂ.
1931ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിയ്ക്കുമ്പോഴാണ് ജാതി അടിസ്ഥാനത്തിലുള്ള സെന്‍സസ് ഒടുവില്‍ നടന്നത്. ഭിന്നിപ്പിച്ചു ഭരിയ്ക്കുക എന്ന തന്ത്രം പയറ്റുന്ന ബ്രിട്ടീഷുകാര്‍ക്കും ഹിന്ദു മതത്തെ ജാതികളായി വിഭജിക്കുക എന്നത് ഇന്ത്യക്കാരെ ഹിന്ദുക്കളും മുസ്ലിങ്ങളുമായി വിഭജിക്കുന്നതുപോലെ തന്നെയുള്ള ഗൂഢ തന്ത്രമായിരുന്നല്ലോ. അന്ന് അവര്‍ 52 ശതമാനം മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ ഇന്ത്യയില്‍ ഉണ്ട് എന്ന് കണ്ടെത്തിയിരുന്നു. ഈ കണ്ടെത്തല്‍ അടിസ്ഥാനമാക്കിയാണ് മണ്ഡല് കമ്മീഷന് ഇന്ത്യയില്‍ മറ്റ് പിന്നാക്ക വിഭാഗം 52 ശതമാനമുണ്ടെന്ന് കണക്കാക്കിയത്.
2011ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ജാതി സെന്‍സസിന് ഉത്തരവിട്ടതാണ്. എന്നാല്‍ ഇത്തരം സെന്സസുകളില് സ്ഥിരത നിലനിര്‍ത്തുക വിഷമകരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അത് വേണ്ടെന്ന് വെച്ചു. 2021ല്‍ സോഷ്യല്‍ ജസ്റ്റിസ് ആന്റ് എംപവര്‍മെന്റ് മന്ത്രാലയം സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തിലും ജാതി സെന്‍സസ് എന്തുകൊണ്ട് അപ്രായോഗികം എന്ന് വിശദീകരിച്ചിട്ടുണ്ട്. “മുന്‍കാലങ്ങളില്‍ ജാതി സെന്‍സസിന്റെ സാധ്യതകളെക്കുറിച്ച് വിവിധ ഘട്ടങ്ങളില്‍ ആഴത്തില്‍ പരിശോധിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പിന്നാക്കവിഭാഗത്തില്‍പ്പെട്ടവരുടെ ജാതിക്കണക്ക് എടുക്കുക എന്നതിന് പിന്നില്‍ ഭരണനിര്‍വ്വഹണത്തില്‍ തന്നെ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ശേഖരിക്കുന്ന വിവരങ്ങളുടെ കൃത്യതയും സമഗ്രതയും നിലനിര്‍ത്തുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഇത് ഉപയോഗിക്കുക പ്രായോഗികവുമല്ല. “- സത്യവാങ്മൂലം പറയുന്നു.
ബീഹാറില്‍ പിന്നാക്ക വിഭാഗങ്ങളെ ഉയര്‍ത്തി നേട്ടം കൊയ്യാമെന്ന കണക്കുകൂട്ടലിലാണ് നിതീഷ് കുമാറിന്റെ ജെഡിഎസും തേജസ്വി യാദവിന്റെ ആര്‍ജെഡിയും ജാതി സെന്‍സസിന് കുഴലൂതുന്നത്. ബീഹാറിന് പിന്നാലെ മഹാരാഷ്ട്ര, ഒഡീഷ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളും ജാതി സെന്‍സസിനുള്ള പ്രക്രിയ തുടങ്ങിക്കഴിഞ്ഞു. ഇതുവഴി ജാതി അടിസ്ഥാനത്തിലുള്ള പാര്‍ട്ടികളെ ഉയര്‍ത്തിക്കൊണ്ട് വന്ന് ഹിന്ദുത്വ ഐക്യം തകര്‍ക്കാമെന്ന ഗൂഡാലോചനയാണ് ഇടതുപാര്‍ട്ടികള്‍ക്കും ജാതി പാര്‍ട്ടികള്‍ക്കും ലിബറലുകള്‍ക്കും ഉള്ളത്. ഹിന്ദുഐക്യം ദുര്‍ബലമാക്കുക വഴി വീണ്ടും അധികാരത്തില്‍ പിടി ഉറപ്പിക്കാമെന്ന് ഇസ്ലാമിക ശക്തികളും കണക്കുകൂട്ടുന്നു.
പണ്ട് മണ്ഡല് കമ്മീഷന് വഴി ബിജെപിയെ തടഞ്ഞുനിര്‍ത്തിയതുപോലെ ഹിന്ദുക്കളെ ജാതീയമായി വിഘടിപ്പിച്ച് 2024ല്‍ നേട്ടങ്ങള്‍ കൊയ്യാമെന്ന് കോണ്‍ഗ്രസും ബിജെപി വിരുദ്ധപാര്‍ട്ടികളും മനപ്പായസമുണ്ണുന്നു.
വാസ്തവത്തില്‍ ഫെഡറല്‍ തത്വങ്ങളെ കാറ്റില്‍ പറത്തിയാണ് ബീഹാര്‍ ജാതി സെന്‍സസിന് ഒരുങ്ങുന്നത്. വാസ്തവത്തില്‍ സെന്‍സസ് എന്നത് കേന്ദ്ര സര്‍ക്കാരിന്റെ വിഷയമാണ്. സെന്‍സസ് നടത്താന്‍ തീരുമാനിച്ചാല്‍ ആ സര്‍വ്വേയുടെ നടപടിക്രമങ്ങള്‍ തീരുമാനിക്കുക മാത്രമാണ് സംസ്ഥാന മന്ത്രിസഭകളുടെ ഉത്തരവാദിത്വം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: