ദുബായ്: കുരങ്ങുപനി ബാധിച്ച നാലു പേരെ കൂടി കണ്ടെത്തിയതോടെ യുഎഇയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം എട്ടായി. പരിശോധനകള്‍ കര്‍ശനമാക്കിയതോടെയാണ് പുതിയ കേസുകള്‍ വേഗത്തില്‍ കണ്ടെത്താനായതെന്ന് മന്ത്രാലയം അറിയിച്ചു. ലോകത്ത് 30 രാജ്യങ്ങളിലായി ഏകദേശം 550ഓളം കുരങ്ങുപനി കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മേയ് 24നാണ് രാജ്യത്ത് ആദ്യ കേസ് സ്ഥിരീകരിച്ചത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിന്നും വന്ന 29 കാരിക്കാണ് ആദ്യമായി രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ ദുബായിലാണോ അബുദാബിയിലാണോ അതോ ഷാര്‍ജയിലാണോ എന്ന കാര്യം ആരോഗ്യമന്ത്രാലയം പുറത്തുവിട്ടിട്ടില്ല. മെയ് 29ന് മൂന്ന് പുതിയ കേസുകള്‍ കൂടി കണ്ടെത്തിയിരുന്നു. ഈ പുതിയ കേസുകള്‍ ആരൊക്കെ എന്ന വിവരം പുറത്തുവിട്ടിട്ടില്ല.
യുഎഇയിലെ പൗരന്മാര്ക്ക് മന്ത്രാലയം വേണ്ട ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. രോഗം വരാതിരിക്കാനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കുക, രോഗത്തിനെതിരെ ജാഗ്രത പാലിക്കുക എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍. ആള്‍ക്കൂട്ടങ്ങളില്‍ പോകാതിരിക്കാനും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനും രോഗബാധിതരെ ഏകാന്തതയില്‍ പാര്‍പ്പിക്കാനും സമ്പര്‍ക്ക രോഗികളെ ക്വാറന്റൈന് ചെയ്യുന്നതിനുമുള്ള കൃത്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കഴിഞ്ഞ ദിവസം മന്ത്രാലയം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. രോഗം ബാധിച്ചവര്‍ പൂര്‍ണമായും ഭേദപ്പെടുന്നതുവരെ ആശുപത്രിയില്‍ കഴിയണമെന്നും അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ 21 ദിവസം വീടുകളില്‍ ക്വാറന്റൈനില്‍ കഴിയണമെന്നുമാണ് നിര്‍ദേശം.
പനി, ക്ഷീണം, തളര്‍ച്ച, ശരീരവേദന, തലവേദന, വിറയല്‍, ക്ഷീണം എന്നിവയാണ് കുരങ്ങുപനിയുടെ പ്രധാന ലക്ഷണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പനി അനുഭവപ്പെട്ട് ഒരാഴ്ച കഴിയുന്നതോടെ മുഖത്തും കൈകളിലും മറ്റും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. ചെറിയ പനി അനുഭവപ്പെട്ട് ഒരാഴ്ച കഴിയുന്നതോടെ മുഖത്തും കൈകളിലും മറ്റും ചുണങ്ങുകളും മുറിവുകളും ഉണ്ടാകാം. രോഗം പകരുന്നത് തടയാന്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ കൈകള്‍ വൃത്തിയാക്കണം.
സാധാരണ രണ്ടോ നാലോ ആഴ്ചകള്‍ക്കകം രോഗം ഭേദമാകാറുണ്ടെങ്കിലും ചില കേസുകളില്‍ ഇത് മാരകമാകാറുമുണ്ട്. കുട്ടികളിലാണ് രോഗം മാരകമാവുന്നത്. കുരങ്ങുകളിലും കാട്ടുമൃഗങ്ങളിലുമാണ് ഈ വൈറസ് ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: