ലക്നൗ: അല്‍ ഖ്വായ്ദ ഉസാമ ബിന്‍ ലാദന്റെ ചിത്രം ലോകത്തിലെ ഏറ്റവും മികച്ച ജൂനിയര്‍ എഞ്ചിനീയര്‍ എന്ന് വിശേഷിപ്പിച്ച് ഓഫിസില്‍ പതിപ്പിച്ചതിന് സര്‍ക്കാര്‍ വൈദ്യുതി വിതരണ കമ്പനിയിലെ ഉദ്യോഗസ്ഥനെ ബുധനാഴ്ച സസ്പെന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കീഴിലുള്ള ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ് നിഗം ലിമിറ്റഡ് ഓഫീസിലെ സബ് ഡിവിഷണല്‍ ഓഫീസറായ രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സസ്പെന്‍ഡ് ചെയ്തത്.
‘ബഹുമാനപ്പെട്ട ഒസാമ ബിന്‍ ലാദന്, ലോകത്തിലെ ഏറ്റവും മികച്ച ജൂനിയര്‍ എഞ്ചിനീയര്‍’ എന്ന് എഴുതിയ ഒരു ചെറിയ കുറിപ്പും ഇയാള്‍ ചിത്രത്തിന് താഴെ ഇട്ടിരുന്നു. സംഭവം സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഇത് മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്ന് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ഇയാളെ ജോലിയില്‍ നിന്നും സസ്പെന്റ് ചെയ്യുകയായിരുന്നു. ബിന്‍ ലാദന്റെ ചിത്രവും ഓഫീസില്‍ നിന്നും എടുത്തുമാറ്റി.
എന്നാല്‍ സംഭവത്തെ ന്യായീകരിച്ചാണ് ഉദ്യോഗസ്ഥന് വീണ്ടും സംസാരിച്ചത്. ആര്‍ക്കും ആരെയും ആരാധിക്കാനാകും. ലോകത്തെ തന്നെ മികച്ച ജൂനിയര്‍ എഞ്ചിനീയര്‍ ആയിരുന്നു ലാദനെന്നും ഒരു ചിത്രം മാത്രമാണ് ഓഫീസില്‍ നീക്കിയതെന്നും തന്റെ കൈയില്‍ ചിത്രത്തിന്റെ നിരവധി കോപ്പികളുണ്ടെന്നും രവീന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: