കോഴിക്കോട്: നരേന്ദ്രമോദി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തില്‍ ഇന്ത്യ ലോകത്തിലെ വന്‍ശക്തിയായി മാറിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. രാജ്യത്തെ ഭരണസ്തംഭനവും വികസന മുരടിപ്പും അവസാനിപ്പിച്ചത് 2014ല്‍ അധികാരത്തിലേറിയ മോദി സര്‍ക്കാരാണെന്നും കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നാണ് എല്ലാ റിപ്പോര്‍ട്ടുകളും പറയുന്നത്. ഈ വര്‍ഷത്തെ ജിഡിപി 8.47 ആയി ഉയര്‍ന്നത് ഇതിന്റെ ഉദ്ദാഹരണമാണ്. കഠിന പ്രയത്നത്തിലൂടെയാണ് മോദി എട്ട് വര്‍ഷം കൊണ്ട് ലോകത്തിലെ വന്‍ ശക്തിയാക്കി രാജ്യത്തെ മാറ്റിയത്. രണ്ട് വര്‍ഷത്തെ കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രതലവനായി ഇന്ത്യന്‍ പ്രധാനമന്ത്രി മാറി. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങള്‍ക്ക് രണ്ട് വര്‍ഷമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുന്ന സര്‍ക്കാരാണ് ഡല്‍ഹിയിലുള്ളത്.
കേരളത്തിന് ഏറ്റവും കൂടുതല്‍ സഹായം നല്‍കിയത് മോദി സര്‍ക്കാരാണെന്ന് സുരേന്ദ്രന് ചൂണ്ടിക്കാണിച്ചു. 5,600 കോടി രൂപയാണ് ഇന്നലെ ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത്. റവന്യു ഡെഫിസന്റ് ഗ്രാന്‍ഡായി എല്ലാ വര്‍ഷവും കേരളത്തിന് 3,000 കോടി കേന്ദ്രം അനുവദിക്കുന്നുണ്ട്. നികുതി പിരിവിന്റെ 42 ശതമാനം സംസ്ഥാനത്തിന് നല്കുന്ന കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.
1.22 കോടി പേര്‍ക്ക് പിഎംഎവൈ പ്രകാരം നഗരങ്ങളില്‍ വീട് നല്കിയ കേന്ദ്രസര്‍ക്കാര്‍ 2.3 ലക്ഷം വീടുകള്‍ ഗ്രാമങ്ങളില്‍ നിര്‍മ്മിച്ചു നല്കി. 2.35 കോടി ശൗചാലയങ്ങള്‍ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ രാജ്യത്ത് നിര്‍മ്മിച്ചു. 6.5 കോടി വീടുകളില്‍ ജല്‍ജീവന്‍ മിഷന് പ്രകാരം കുടിവെള്ളം എത്തിക്കാന്‍ സാധിച്ചു. 3.2 കോടി ആളുകള്‍ക്ക് അഞ്ച് ലക്ഷം രൂപ പരിരക്ഷയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ സഹായം അനുവദിച്ചു. 18 കോടി ആയുഷ്മാന്‍ കാര്‍ഡുകളാണ് കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തത്. 190 കോടി ഡോസ് കൊവിഡ് വാക്സിന് വിതരണം ചെയ്യാന്‍ നരേന്ദ്രമോദിക്ക് സാധിച്ചത് ലോകം അത്ഭുതത്തോടെയാണ് കണ്ടതെന്ന് സുരേന്ദ്രന് പറഞ്ഞു.
ജീവന് രക്ഷാ മരുന്നുകള്‍ക്ക് വില കുറച്ച് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ മോദിക്ക് കഴിഞ്ഞു. 8,627 കോടി ജന്‍ഔഷധി ശാലകള്‍ തുറന്ന് തുച്ഛമായ വിലയ്ക്ക് മരുന്ന് എല്ലാവര്ക്കും എത്തിച്ച് കോടിക്കണക്കിന് ജനങ്ങള്‍ ആശ്വാസം നല്കി. രാജ്യത്ത് പുതുതായി 15 എയിംസുകളും 200 മെഡിക്കല്‍ കോളേജും കൊണ്ടു വന്നു.
11.32 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി സമ്മാന്‍ നിധി നല്കി വരുന്നു. ഫസല്‍ ഭീമായോജനയിലൂടെ കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കുന്നു. 3.54 കോടി കര്‍ഷകര്‍ക്ക് കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ലഭിച്ചു. കൂടുതല്‍ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് താങ്ങുവില വര്‍ദ്ധിപ്പിച്ചു.ഉജ്ജ്വല യോജ പദ്ധതിയില്‍ 9 കോടി പാചകവാത സിലിണ്ടര്‍ പുതുതായി നല്കി സ്ത്രീകളുടെ സ്വപ്നം പൂവണിയിച്ചു. സ്റ്റാര്‍ട്ട്അപ്പ് ലോണുകളില്‍ 80 ശതമാനം സ്ത്രീകള്‍ക്ക് നല്കാന് തീരുമാനിച്ചു. ഉന്നത പഠനത്തിനും തൊഴില്‍ നേടാനും വിവാഹത്തിനും സ്ത്രീകള്‍ക്ക് സഹായം. പ്രസവാവധി ശമ്പള സഹിതം 26 ആഴ്ചകളായി മോദി വര്‍ദ്ധിപ്പിച്ചു. ആദ്യത്തെ പ്രസവത്തിന് 5000 രൂപ നല്കുന്നു.
ദേശീയപാത വികസനം ഒരു ദിവസം 12 കിലോമീറ്ററായിരുന്നു 2014ന് മുമ്പ് എങ്കില്‍ ഇപ്പോള്‍ 37 കിലോമീറ്ററായി വര്‍ദ്ധിപ്പിച്ചു. 80 പുതിയ വിമാനത്താവളങ്ങള്‍ വന്നു. അടിസ്ഥാന വികസന രംഗത്ത് രാജ്യം വലിയ പുരോഗതി ആര്‍ജ്ജിച്ചു.സ്ത്രീകള്‍, കുട്ടികള്‍, പട്ടികജാതിക്കാര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ നല്കി മോദി മുന്നോട്ട് പോവുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമനയങ്ങള്‍ എല്ലാവരിലും എത്തിക്കാന്‍ വിപുലമായ പരിപാടികളാണ് ബിജെപി നടത്തുന്നതെന്നും സുരേന്ദ്രന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വിവി രാജന്, ജില്ലാ അദ്ധ്യക്ഷന്‍ വികെ സജീവന്. ജില്ലാ ജനറല്‍സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: