കല്‍പ്പറ്റ: സമരകേന്ദ്രങ്ങളില്‍ ദുരിതം പേറി ആദിവാസികള്‍. 10 വര്‍ഷമായിട്ടും എങ്ങുമെത്താതെ വയനാട്ടിലെ ആദിവാസി ഭൂസമരം. ബിജെപിയും ആദിവാസി ക്ഷേമ സമിതിയും കോണ്‍ഗ്രസും മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു കീഴിലുള്ള സംഘടനകളുടെയും നേതൃത്വത്തില്‍ 2012 മെയ്, ജൂണ്‍ മാസങ്ങളില്‍ വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിക്ഷിപ്ത വനഭൂമിയില്‍ ആരംഭിച്ച സമരമാണ് അനിശ്ചിതമായി നീളുന്നത്.
സമരത്തിന്റെ ഭാഗമായി നോര്‍ത്ത്, സൗത്ത് വനം ഡിവിഷനുകളിലായി ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ കൈയേറിയ സ്ഥലങ്ങളില്‍ അധികവും കൃഷിഭൂമിയായി മാറി. എന്നിട്ടും ഭൂമി അളന്നുതിരിക്കാനും കുടുംബങ്ങള്‍ക്കു കൈവശരേഖ നല്‍കാനും നടപടിയില്ല. ഒന്നാംഘട്ട ഭൂസമരത്തിന്റെ ഭാഗമായി കാടു കൈയേറിയ പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കു വനാവകാശ രേഖ ലഭിച്ചിരുന്നു. ആദിവാസി സംഘം, ആദിവാസി മഹാസഭ, ആദിവാസി കോണ്‍ഗ്രസ്, ആദിവാസി ഗോത്രമഹാസഭ, കേരള ആദിവാസി ഫോറം എന്നിവരാണ് വനഭൂമി കൈയേറ്റത്തിനു നേതൃത്വം നല്‍കിയത്.
സൗത്ത് വയനാട് വനം ഡിവിഷനില്‍ ഇരുളം, ചീയമ്പം, മൂന്നാനക്കുഴി, വാകേരി, മൂടക്കൊല്ലി, കൃഷ്ണഗിരി ആവയല്‍, ചൂണ്ടേല് ആനപ്പാറ, മേപ്പാടി കുന്നമ്പറ്റ, പൂത്തകൊല്ലി എന്നിവിടങ്ങളിലാണ് ഭൂസമരം. ഇത്രയും സ്ഥലങ്ങളിലായി ഏകദേശം 600 ഏക്കര്‍ വനഭൂമിയാണ് ആദിവാസികളുടെ കൈവശത്തില്‍. സമരമുഖത്തുള്ള കുടുംബങ്ങളുടെ എണ്ണം 500നടുത്തുവരും. സൗത്ത് വയനാട് വനം ഡിവിഷനില്‍ ബത്തേരി താലൂക്കിലെ ഇരുളം വില്ലേജില്‍പ്പെട്ട മൂന്നാനക്കുഴി, ചീയമ്പം സമരകേന്ദ്രങ്ങളിലാണ് കൂടുതല്‍ ആദിവാസി കുടുംബങ്ങളുള്ളത്. ആദിവാസി ക്ഷേമ സമിതിയില്‍പെട്ടവരാണ് ചീയമ്പം സമര കേന്ദ്രത്തില്‍. കേരള ആദിവാസി ഫോറം, ആദിവാസി കോണ്‍ഗ്രസ് എന്നിവയുടെ നേതൃത്വത്തില്‍ വനം കൈയേറിയവരാണ് മൂന്നാനക്കുഴിയിലുള്ളതില്‍ അധികവും. ചീയമ്പം സമരകേന്ദ്രത്തില്‍ പണിയ, അടിയ, കാട്ടുനായ്ക്ക, ഊരാളി വിഭാഗങ്ങളിലെ 200 ഓളം കുടുംബങ്ങളാണ് സമരം ചെയ്യുന്നത്.
നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ മാനന്തവാടി, പേരിയ, ബേഗൂര്‍ റേഞ്ചുകളിലായി 332 ഹെക്ടര്‍ നിക്ഷിപ്ത വനഭൂമിയാണ് ആദിവാസി കുടുംബങ്ങള്‍ കൈയേറിയത്. മാനന്തവാടി റേഞ്ചില്‍ മക്കിയാട് തുമ്പശേരി, ചമോലി, നെല്ലേരി, പെരടശേരി, പാതിരിമന്ദം, വേടബേരി, വട്ടോളി എന്നിവിടങ്ങളിലാണ് ആദിവാസി ഭൂസമരം. ബേഗൂര്‍ റേഞ്ചില്‍ കല്ലോടുകുന്ന്, തവിഞ്ഞാല്‍, പിലാക്കാവ്, താരാട്ട്, പഞ്ചാരക്കൊല്ലി, റസല്‍, അമ്പുകുത്തി, പനവല്ലി പുളിമൂടുകുന്ന്, തിരുനെല്ലി ബി എസ്റ്റേറ്റ്, മക്കിമല, പൊയില്‍, വീട്ടിക്കുന്ന്, ഭഗവതിമൊട്ട, കുമാരമല എടപ്പടി എന്നിവിടങ്ങളിലാണ് സമരകേന്ദ്രങ്ങള്‍.
പേരിയ റേഞ്ചിലെ മാനോത്തിക്കുന്ന്, അച്ചിലാന്‍കുന്ന്, അയ്യാനിക്കല്‍, കാപ്പാട്ടുമല, പാലക്കോളി, പേരിയ പീക്ക്, കരിമാനി, എടത്തന, കൊല്ലങ്കോട്, നാല്‍പ്പത്തിയൊന്നാം മൈല്‍, ഇല്ലത്തുമൂല, പണിക്കര്‍കുഴിമല, വരയാല്‍ കരിമാനി, കണിപ്പുര ചമ്പക്കുന്ന് എന്നിവിടങ്ങളിലാണ് കൈയേറ്റം നടന്നത്. നോര്‍ത്ത് വയനാട് വനം ഡിവിഷനില്‍ വിവിവിധ കേന്ദ്രങ്ങളിലായി 1500 ഓളം ആദിവാസികളാണ് വനം കയറിയത്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി 2012 ജൂലൈയില്‍ നോര്‍ത്ത് വയനാട് ഡിവിഷനില്‍ 1,287 കുടിലുകള്‍ വനപാലകര്‍ പൊളിച്ചുനീക്കിയിരുന്നു. സ്ത്രീകളും കുട്ടികളും അടക്കം 826 പേരെ അറസ്റ്റുചെയ്യുകയുമുണ്ടായി. എന്നാല്‍ ആദിവാസികള്‍ ജാമ്യം ലഭിച്ച മുറയ്ക്കു സമരകേന്ദ്രങ്ങളില്‍ തിരിച്ചെത്തി. ഇവര്‍ക്കെതിരായ കേസുകള്‍ 2012 ജൂലൈ ആറിനും ഓഗസ്റ്റ് ഒന്നിനുമായി പുറപ്പെടുവിച്ച ഉത്തരവുകളിലൂടെയാണ് സര്‍ക്കാര്‍ റദ്ദാക്കിയത്.
കൈയേറ്റം ഒഴിപ്പിക്കാന്‍ പിന്നീട് വനം വകുപ്പ് നീക്കം നടത്തിയില്ല. ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനു സംസ്ഥാന സര്‍ക്കാരിന്റെ പരിഗണയിലുള്ളതാണ് സമരകേന്ദ്രങ്ങളായി മാറിയ വനപ്രദേശങ്ങളില്‍ പലതും. കൈവശഭൂമി എന്നു സ്വന്തമാകുമെന്ന ആകുലതയിലാണ് ആദിവാസി കുടുംബങ്ങള്‍. കൈയേറിയ ഭൂമിയില്‍ ഭക്ഷ്യവിളകള്‍ക്കുപുറമേ കാപ്പി, കുരുമുളക് തുടങ്ങിയ ദീര്‍ഘകാല വിളകളും ആദിവാസികള്‍ കൃഷി ചെയ്യുന്നുണ്ട്. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തില്‍ ദുരിതം സഹിച്ചാണ് ആദിവാസി കുടുംബങ്ങള്‍ സമര കേന്ദ്രങ്ങളില്‍ തുടരുന്നത്.
തട്ടിക്കൂട്ടിയ കുടിലുകളിലാണ് മിക്ക കുടുംബങ്ങളുടെയും താമസം. ആന ഉള്‍പ്പെടെ വന്യജീവികള്‍ വിഹരിക്കുന്നതാണ് സമരഭൂമികളില്‍ പലതും. സമരഭൂമികളിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിര്‍മിച്ച ചെറുകുളങ്ങളില്‍നിന്നാണ് കുടുംബങ്ങള്‍ വീട്ടാവശ്യത്തിനു വെള്ളം ശേഖരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: