പൊന്‍കുന്നം(കോട്ടയം): അടിസ്ഥാന സൗകര്യ വികസനം, നവീകരണം, ശൃംഖലയുടെ ശേഷി വിപുലീകരണം, ചരക്ക് ഗതാഗത വൈവിധ്യവത്കരണം എന്നീ മേഖലകളില്‍ ശ്രദ്ധയൂന്നി റെയില്‍വെ വികസനക്കുതിപ്പിലേക്ക്. പ്രവര്‍ത്തനത്തിലും മാനേജ്മെന്റ് തലത്തിലും ഉള്‍പ്പെടെ എല്ലാ മേഖലകളിലും പുത്തന്‍ മാറ്റങ്ങളാണ് നടപ്പാക്കുന്നത്.
രാജ്യത്തെ ആദ്യത്തെ ഐഎസ്ഒ സര്‍ട്ടിഫൈഡ് പിപിപി മാതൃകയിലുള്ള റെയില്‍വെ സ്റ്റേഷനായ റാണി കമലാപതി റെയില്‍വെ സ്റ്റേഷന് 2021 നവംബര്‍ 15നാണ് രാജ്യത്തിന് സമര്‍പ്പിച്ചത്. ഇതേ മാതൃകയില്‍ ഇരുന്നൂറോളം സ്റ്റേഷനുകളുടെ പണി പുരോഗമിക്കുകയാണ്. 2014 മുതല്‍ 2021 വരെ പുതിയ പാതകളും പാതകള്‍ ഇരട്ടിപ്പിക്കലും ഉള്‍പ്പെടെ പ്രതിവര്‍ഷം 1,835 കിലോമീറ്റര്‍ പുതിയ ട്രാക്കുകള്‍ നിര്‍മിച്ചു. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ പാത ഇരട്ടിപ്പിക്കല്‍, ഗേജ്മാറ്റം എന്നിവയിലൂടെ 2400 കിലോമീറ്ററായിരുന്നു ലക്ഷ്യം. എന്നാല്‍ 2904 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി. തിരുവനന്തപുരം-എറണാകുളം പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായതോടെ കേരളം മുഴുവന്‍ ഇരട്ടപ്പാതയിലായി. ഇതോടെ ഇനി ട്രെയിനുകള്‍ പിടിച്ചിടേണ്ട അവസ്ഥ മാറി.
2014 മുതല്‍ വൈദ്യുതീകരണം പതിന്മടങ്ങായി വര്‍ധിപ്പിച്ചു. 2022 മാര്‍ച്ച് 31 വരെ ബ്രോഡ്ഗേജ് ശൃംഖലയുടെ 52,247 ബിജി റൂട്ട് കിലോമീറ്റര്‍ വൈദ്യുതീകരിച്ചു. മൊത്തം 65,141 ബിജി റൂട്ട് കിലോമീറ്റര്‍ ശൃംഖലയുടെ 80 ശതമാനവും വൈദ്യുതീകരിച്ചു. 68,800 കോച്ചുകളില്‍ ബയോ ടോയ്ലറ്റുകള് സ്ഥാപിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 വന്ദേ ഭാരത് ട്രെയിനുകള്‍ തുടങ്ങാനാണ് പദ്ധതി. ഏഴ് അതിവേഗ റെയില്‍ ഇടനാഴികള്‍ക്കായി സര്‍വേ നടത്തി.
ജീവനക്കാരുടെ പരിശീലന പരിപാടികളുടെ ആദ്യഘട്ടത്തില്‍ 51,000 പേര് പങ്കെടുത്തു. ആറുമാസത്തിനുള്ളില്‍ ഒരുലക്ഷം പേര് കൂടി പരിശീലനം നേടും. അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പുരോഗമിക്കുകയാണ്. ബറൂച്ചില്‍ തൂണുകളുടെ പണി പൂര്‍ത്തിയായി. 2026ല്‍ ഗുജറാത്തിലെ ബിലമോറയ്ക്കും സൂറത്തിനും ഇടയില്‍ പരീക്ഷണ ഓട്ടം നടത്താനാകും. കശ്മീരിലെ ചെനാബ് നദിക്ക് കുറുകെയുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വെ പാലത്തിന്റെ കമാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: