തൃശൂര്‍ : തൃശൂരില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ച മധ്യവയസ്കന് മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി ജോബി(47) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ജോബിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് വെസ്റ്റ് നൈല്‍ ബാധിച്ച രോഗി മരിക്കുന്നത്.
ഏപ്രില്‍ 17നാണ് ജോബിക്ക് പനി പിടിപെടുന്നത്. തുടര്‍ന്ന് വിവിധ ആശുപത്രികളിലായി ചികിത്സ തേടി. ഒടുവിലാണ് മെഡിക്കല്‍ കോളേജിലേക്ക് എത്തുന്നത്. ഇതോടെയായിരുന്നു സാധാരണ പനിയല്ലെന്ന വിവരം തിരിച്ചറിഞ്ഞത്. കൃത്യമായ സമയത്ത് രോഗനിര്‍ണയവും ചികിത്സയും ലഭിക്കാതിരുന്നതാണ് മരണത്തിലേക്ക് നയിച്ചത്.
പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജോബിയുടെ പാണഞ്ചേരി പഞ്ചായത്തില്‍ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. നിലവില്‍ ജോബിയില്‍ നിന്നും മറ്റാര്‍ക്കും രോഗം പകര്‍ന്നിട്ടില്ലെന്നാണ് വിലയിരുത്തല്‍. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ തന്നെ പഞ്ചായത്തും ആരോഗ്യവകുപ്പും ചേര്‍ന്ന് യോഗം സംഘടിപ്പിച്ചിരുന്നു. ഇപ്പോള്‍ മരണം സംഭവിച്ചതോടെ കനത്ത ജാഗ്രതയിലാണ് പ്രദേശം. പ്രദേശത്ത് രോഗം പരത്തുന്ന ക്യൂലെക്സ് കൊതുകുകളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണിത്. വെസ്റ്റ് നൈല്‍ വൈറസാണ് രോഗകാരി. അണുബാധയുള്ള പക്ഷികളില്‍ നിന്നും കൊതുകുകള്‍ വഴി രോഗം മനുഷ്യരിലെത്തുന്നു. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേയ്ക്ക് വൈറസ് നേരിട്ട് പകരില്ലെങ്കിലും രക്തദാനത്തിലൂടെയും അവയവ മാറ്റത്തിലൂടെയും മുലയൂട്ടലിലൂടെയും രോഗം പകരാം.
തലവേദന, പനി, പേശിവേദന, തടിപ്പ്, തലചുറ്റല്‍, ഓര്‍മ്മ നഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. 75% ശതമാനം ആളുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായി അനുഭവപ്പെടാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: