ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ഹിന്ദു, ക്രിസ്ത്യന്‍ മതവിഭാഗങ്ങള്‍ക്കെതിരെ കുട്ടി കൊലവിളി നടത്തിയ സംഭവത്തില്‍ 24 പേര് പോലീസ് കസ്റ്റഡിയില്‍. കുട്ടി വിളിച്ച മുദ്രാവാക്യം ഏറ്റിവിളിച്ചവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ളവരാണ് ഇവര്‍.
വീഡിയോ ദൃശ്യങ്ങളില്‍ നിന്നാണ് ഇവരെ പോലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഇവരെല്ലാവരും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലാണ് ഇപ്പോള്‍ ഉള്ളത്. ഇവരെ കോടതിയില്‍ ഹാജരാകും. കുട്ടി വിളിയ്ക്കുന്ന മുദ്രാവാക്യം ചുറ്റും നിന്ന് ഇവര്‍ ഏറ്റുവിളിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
സംഭവത്തില്‍ ഹൈക്കോടതി ഇടപെട്ടിരുന്നു. ശക്തമായ നടപടി സ്വീകരിക്കണമെന്നും മുദ്രാവാക്യം വിളിച്ചവര്‍ മാത്രമല്ല സംഘാടകരും ഇതിന് ഉത്തരവാദികളാണെന്നും ഹൈക്കോടതി പറഞ്ഞു.
റാലിയില്‍ എന്തും വിളിച്ചുപറയാമെന്ന അവസ്ഥയാണോയെന്നും കോടതി ചോദിച്ചു. സംഘാടകര്‍ക്കെതിരെ കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. കൊലവിളി നടത്തിയ സംഭവത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.
വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയെ തിരിച്ചറിഞ്ഞിട്ടും പിടികുടാനാകാതെ പോലീസ്. അറസ്റ്റ് ചെയ്യുമെന്ന് ഉറപ്പായതോടെ പോലീസിനെ ഭയന്ന് കുടുംബം ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജ്ജിത അന്വേഷണം തുടരുകയാണെന്നാണ് പോലീസ് പറയുന്നത്.
സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ച് നാല് ദിവസം കഴിഞ്ഞാണ് പൊലീസിന് കുട്ടിയെ തിരിച്ചറിയാന്‍ കഴിഞ്ഞിരിക്കുന്നത്. ആലപ്പുഴയില്‍ നിന്നുള്ള പോലീസ് സംഘം കൊച്ചി തോപ്പുംപടിക്ക് സമീപമുള്ള വീട്ടിലെത്തിയെങ്കിലും അടച്ചിട്ട നിലയിലായിരുന്നു. ദൃശ്യങ്ങള്‍ വിവാദമായതിന് പിന്നാലെ കുടുംബം സ്ഥലം വിട്ടെന്ന് പോലീസ് അറിയിച്ചു. പോപ്പുലര്‍ ഫ്രണ്ടിന്റെ സജീവ പ്രവര്‍ത്തകനാണ് പിതാവ്. ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിന് കുട്ടിയെ കൊണ്ടുവന്നത് പിതാവ് തന്നെയായിരുന്നു.
കുട്ടിയെ തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കള്‍ക്കെതിരെ അറസ്റ്റുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിരുന്നു. കുട്ടിയെ പൗരത്വ നിയമ ഭേദഗതിയ്ക്കെതിരായ പ്രതിഷേധ പ്രകടനങ്ങളില്‍ ഉള്‍പ്പെടെ പിതാവ് പങ്കെടുപ്പിച്ചിട്ടുണ്ട്. കുട്ടിയ്ക്കും രക്ഷിതാക്കള്‍ക്കുമായി ജില്ല കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: