കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനുള്ള സമയം വീണ്ടും നീട്ടി നല്‍കണമെന്ന് ക്രൈംബ്രാഞ്ച്. കേസില്‍ തുടരന്വേഷണം നടത്തുന്നതിനുള്ള സമയ പരിധി ഈ മാസം 30ന് അവസാനിക്കാനിരിക്കേയാണ് വീണ്ടും നീട്ടി നല്‍കണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈക്കോടതിയില്‍ ഇതുസംബന്ധിച്ച് ക്രൈംബ്രാഞ്ച് ഹര്‍ജി നല്‍കും.
തുടര്‍ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ഈ മാസം 30ന് സമര്‍പ്പിക്കാനാണ് ഹൈക്കോടതി മുമ്പ് നിര്‍ദ്ദേശം നല്‍കിയത്. എന്നാല്‍ കേസിലെ പ്രധാന സാക്ഷി ഉള്‍പ്പടെയുള്ളവരുടെ മൊഴികള്‍ ഇനിയും രേഖപ്പെടുത്താനുണ്ട്. തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്.
നേരത്തെ സമയം നീട്ടി നല്‍കണമെന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. അതേസമയം അന്വേഷണം അട്ടിമറിക്കാന്‍ പ്രതിസ്ഥാനത്തുള്ള നടനും സര്‍ക്കാരും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നടി നല്കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിഷയത്തില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നതാണ്. ജസ്റ്റിസ് സിയാദ് റഹ്മാന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: