കൊല്ലം : കോടതിയില്‍ നിന്നും നീതി കിട്ടിയെങ്കിലും തല്ക്കാലം താടിയും മുടിയും എടുക്കില്ലെന്ന് വിസ്മയയുടെ അച്ഛന് ത്രിവിക്രമന്‍ നായര്‍. മകളുടെ മരണത്തെ തുടര്‍ന്ന് ത്രിവിക്രമന്‍ നായരും ഭാര്യ സജിതയും മാനസികമായി ഏറെ തകരുകയും തന്റെ മകളുടെ മരണത്തിന് ഉത്തരവാദിയായ കിരണിന് തക്ക ശിക്ഷ കിട്ടണമെന്ന പ്രാര്‍ത്ഥനയിലുമായിരുന്നു.
വിസ്മയുടെ മരണത്തിന് ശേഷം ത്രിവിക്രമന്‍ നായര്‍ ഇന്നുവരെ താടിയും മുടിയും വെട്ടിയിട്ടില്ല. മകള്‍ക്ക് നീതി കിട്ടിയെങ്കിലും തത്കാലത്തേയ്ക്കിപ്പോള് വെട്ടുന്നില്ലെന്നാണ് വിസ്മയയുടെ പിതാവിന്റെ തീരുമാനം. എത്രകാലം ഇതുപോലെ തന്നെ തുടരുമെന്നും പ്രതീക്ഷയില്ല. വിസ്മയയുടെ വിവാഹ ചിത്രങ്ങളിലെല്ലാം മുടിയും താടിയുമെല്ലാം വെട്ടിയൊതുക്കിയ ത്രിവിക്രമന്‍ നായരാണ്. കേസില്‍ തനിക്കൊപ്പം നിന്ന എല്ലാവര്ക്കും നന്ദി അറിയിക്കുന്നതായും ത്രിവിക്രമന്‍ നായര്‍ അറിയിച്ചു.
അതേസമയം കിരണ്‍കുമാറിന് ജീവപര്യന്തം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായി വിസ്മയയുടെ മാതാവ് സജിത അറിയിച്ചു. വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും സജിത വ്യക്തമാക്കി. കേസില്‍ ആകെ പത്തുവര്‍ഷമാണ് കിരണ്‍ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരുക. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.എന്‍.സുജിത്തിന്റേതാണ് വിധി.
ഐപിസി 304 പ്രകാരം 10 വര്‍ഷം, ഐപിസി 306 പ്രകാരം 6 വര്‍ഷം, ഐപിസി 498 പ്രകാരം 2 വര്‍ഷവും ഉള്‍പ്പെടെ ആകെ 18 വര്‍ഷമാണ് ശിക്ഷ വിധിച്ചത്. ശിക്ഷ പ്രതി ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിക്കുകയായിരുന്നു. 12.5 ലക്ഷം രൂപ പിഴയില്‍ 2 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: