ന്യൂദല്‍ഹി: ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നതില്‍ കേരള സര്‍ക്കാരിന് സുപ്രീംകോടതിയുടെ നിര്‍ദേശം. സ്ഥാനക്കയറ്റ സംവരണം നടപ്പാക്കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചു. അര്‍ഹതപ്പെട്ടവര്‍ക്ക് തസ്തിക കണ്ടെത്തി നിയമനം നല്‍കണമെന്നും നിയമനം നടത്തിയതിന്റെ റിപ്പോര്‍ട്ട് ജൂലൈ രണ്ടാം വാരം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. ഹര്‍ജി ജൂലൈ മൂന്നാംവാരം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണം നടപ്പാക്കാന്‍ 2021 സപ്തംബറില്‍ സുപ്രീംകോടതി കേരളത്തിന് നാല് മാസത്തെ സമയം അനുവദിച്ചിരുന്നു. ഈ ഉത്തരവ് നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനയായ ഡിഫറന്റ്ലി ഏബ്ള്‍ഡ് എംപ്ലോയീസ് അസോസിയേഷന് കേരള സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എന്‍. ആനന്ദ് ഉള്‍പ്പെടെയുള്ളവര്‍ നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് നിര്‍ദേശം.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 40 വകുപ്പുകളിലായി 380 തസ്തികകള്‍ നിയമനത്തിനായി കണ്ടെത്തിയതായും നിയമനം നടത്തുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ വളരെക്കുറച്ച് തസ്തികകള്‍ മാത്രമേ ഭിന്നശേഷിക്കാരുടെ സ്ഥാനക്കയറ്റ സംവരണത്തിനായി കണ്ടെത്തുന്നുള്ളുവെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. തസ്തികകള്‍ കണക്കാക്കുന്നത് ശരിയായ രീതിയില്‍ അല്ലെന്നും അവര്‍ വാദിച്ചു. തുടര്‍ന്നാണ് നിയമന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: