പത്തനാപുരം: പത്തനാപുരത്തെ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് 30 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ മനംനൊന്ത് ബാങ്ക് ഉടമ ആത്മഹത്യക്ക് ശ്രമിച്ചു. പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍നായര്‍ (62)ആണ് കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം.
വീടിന്റെ ടെറസില്‍ സ്ഥാപിച്ചിരുന്ന ടാങ്കില്‍ രക്തം വാര്‍ന്ന് നിലയില്‍ കണ്ട സമീപവാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ള രാമചന്ദ്രന്‍നായര്‍ അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ പറഞ്ഞു. ജനതാ ജങ്ഷനിലുള്ള പത്തനാപുരം ബാങ്കേഴ്സ് എന്ന സ്ഥാപനത്തില്‍ തിങ്കളാഴ്ചയാണ് പണയ സ്വര്‍ണ ഉരുപ്പടികളും പണവുമടക്കം വന്‍ തുക മോഷണം പോയത്. മുപ്പത് ലക്ഷമാണ് നഷ്ടപെട്ടതെന്ന് പോലീസ് പറയുന്നതെങ്കിലും ഒരുകോടിയോളം രൂപ മോഷണം പോയതയാണ് വിവരം.
മോഷണ വിവരമറിഞ്ഞ് ഇടപാടുകാര്‍ നിരന്തരം പണയം വെച്ച സ്വര്‍ണ്ണം ആവശ്യപ്പെട്ട് ഉടമയെ ബന്ധപ്പെടാന്‍ തുടങ്ങിയതോടെയാണ് ആത്മഹത്യാ ശ്രമം നടത്താനുള്ള കാരണമെന്നാണ് അറിയുന്നത്. പുനലൂരിലുളള ഇന്‍ഷുറന്‍സ് കമ്പനിയില്‍ പോയതിന് ശേഷമാണ് സംഭവം. ഇദ്ധേഹത്തിന് ഭാര്യയും പന്ത്രണ്ട് വയസുളള ഒരു മകനുമുണ്ട്. നിലവില്‍ തമിഴ്നാട് പോലീസിന്റെ സഹായത്തോടെ തിരുട്ടുഗ്രാമങ്ങളിലെ സ്ഥിരം മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. മോഷണം നടത്തുന്നതിനുമുമ്പ് പൂജ നടത്തിയതുള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ വെച്ചാണ് തിരുട്ട് സംഘങ്ങളെ സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: