പാലക്കാട്: മുട്ടിക്കുളങ്ങരയിൽ പന്നിക്കെണിയിൽ നിന്നും പോലീസുകാര്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കസ്റ്റഡിയിലുള്ള ഒരാളിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. പന്നിക്കെണി വച്ച സുരേഷിന്റെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സുരേഷിനെയും സുഹൃത്ത് സജിയെയും ഇന്നലെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇരുവരും വനം വകുപ്പിന്റെ കേസിലും പ്രതികളാണ്. 2016ല്‍ കാട്ടുപന്നിയെ വൈദ്യുതിക്കെണി വെച്ച് പിടികൂടിയതിനാണ് കേസ്.
വീടിന്റെ മതിലിന് സമീപത്താണ് സുരേഷ് കെണി വച്ചിരുന്നത്. മൃതദേഹങ്ങൾ ക്യാമ്പിന് സമീപത്തുള്ള പാടത്ത് കൊണ്ടിട്ടത് കൈവണ്ടിയിലാണെന്നും ക്യാമ്പിന് സമീപം ഫോൺ കൊണ്ടിട്ടത് സുരേഷാണെന്നും പാലക്കാട് പോലീസ് മേധാവി ആർ. വിശ്വനാഥ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് മുട്ടിക്കുളങ്ങര പോലീസ് ക്യാമ്പില്‍ രണ്ട് പോലീസുകാര്‍ മരിച്ചത്. മുട്ടിക്കുളങ്ങര കെഎപി ക്യാമ്പിലെ ഹവില്‍ദാര്‍മാരായ എലവഞ്ചേരി സ്വദേശി അശോകന്, അത്തിപ്പൊറ്റ സ്വദേശി മോഹന്‍ദാസ് എന്നിവരെയാണ് ക്യാമ്പിന് പുറക് വശത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച്ച രാത്രി ഒന്‍പതരയോടെ ക്വാര്‍ട്ടേഴ്സില്‍ നിന്നും സമീപത്തെ തോട്ടിലേക്ക് മീന്‍ പിടിക്കാന്‍ പോയതായിരുന്നു അശോകനും മോഹന്‍ദാസും. ഏറെ നേരം കഴിഞ്ഞും തിരിച്ചു വരാത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇന്നലെ രാവിലെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: