ഹേ മാധവഗുരോ! മഹാത്മന്
പ്രണാമഗീതങ്ങള്! പ്രണാമഗീതങ്ങള്
ഒഴുകും കണ്ണീരഭിഷേകങ്ങള്
തിരുവടി കാണും മാനസപത്മ
തടങ്ങളിലലിയും നിശ്വാസങ്ങള്‍
നിര്‍മ്മല മന്ത്രജപങ്ങള്‍
നൃസിംഹനാഥാനന്ദാ നാഥാ ദേവാ
നിരുപമ ഗുരവേ നമോസ്തുതേ!
ഉയര്‍ന്ന ഗിരിശിഖരങ്ങള്‍ മേലേ
വിടര്‍ന്ന കല്‍പ്പതരുവിന്‍ ചോട്ടില്
ഭസ്മ വിഭൂഷിത ദേഹം
ശുദ്ധസ്ഫടികതരം കമനീയം
കാണൂ മൃഗമുദ്രിത കരമൊന്നും
രക്തകുഠാര സമന്വിതമൊന്നും
ദേവാ ശംകര, അഭയവരം കര
ദിവ്യം താവക രൂപം!
പിന്നെ പടികളിറങ്ങിവരുമ്പോള്
പുഞ്ചിരി തഞ്ചും പല്ലവസദൃശമൊരധരം
ശ്രുതികള്‍ വിടര്‍ന്നു ദിഗന്തങ്ങളിലാ
യോളംതല്ലും താളം
ശ്രുതികള്‍, സ്മൃതികള്‍,ആഗമനിഗമ
സഹസ്രങ്ങള്‍ തന്ത്ര പരമ്പര
ഹാ നിന് ചുണ്ടു വിരിയ്ക്കും ജ്ഞാനപ്പൂക്കള്‍
അവന് തന് സുരഭിലമായ സുഗന്ധം
പാരില്‍ പാടേപാംട പകരുമ്പോള്‍
അമ്പത്തൊന്നളി വൃന്ദങ്ങള്‍
പുതുചിറകാര്ന്നു പറന്നു ചുറ്റും
ഋക്കുകള്‍ ഋതമായ് നിന്നില്‍ നിന്നു
വഴിഞ്ഞൊഴുകുമ്പോള്‍
ജടയില്ലാത്ത ശിവന് നീ, ദേവാ
നിന്റെ ഭഗീരഥിയായി വരുന്നോരമൃതിന്
ധാര പരത്തി മേദിനി, രസനിഷ്യന്ദിയതായല്ലോ
ഇഡയില്‍ പിംഗളയില്‍ മേളിച്ചൊരു
ജീവിതതാളം ഹംസം
നിന്നുടെ മാനസ സാഗരതീരേ
ചിറകുമടിച്ചു പറക്കുമ്പോള്‍
അമൃതവുമുണ്ടു നടന്നേന് ഞങ്ങള്‍
പുതുചിറകാര്ന്നൊരു മധുപങ്ങള്‍
പ്രസാദമായിട്ടങ്ങു തരുന്നു
ദധ്യാന്നത്തിന് മധുരം രുചിരം
താവക വിദ്യാവര്ണ്ണാക്ഷങ്ങള് വഴിയും
ജിഹ്വ നുകര്‍ന്നു കഴിഞ്ഞോരമൃതം
നുനുത്ത പക്വ ഫലങ്ങള്‍ മാത്രം
നുറുക്കി ഞങ്ങള്‍ക്കേകീ ഭവാന്
ഹാ തവ ജീവിത ദൗത്യം നിത്യം
ചോദനമേകാവൂ! ഞങ്ങളിലമൃതം വിതറാവൂ…
പിന്നെ ചിതിയില്‍ ജനിച്ചോരഗ്നിജ്വാല
ചിദഗ്നി കുണ്ഡമതാകുമ്പോള്
അവിടെ വിളങ്ങീ അംബിക
ദേവകള്‍ കാര്യം നിറവേറ്റാനായ്
ഉദ്യദ്ഭാനുസഹസ്രപ്രഭയില്
വന്നോരമ്മയിലങ്ങലിയുമ്പോള്
ഹാസം വിടരുന്നധരങ്ങളുമായ്
അമൃതു ചുരത്തും കുച കുംഭങ്ങളു
മന്പു കലര്‍ന്ന കടാക്ഷങ്ങളുമായ്
സിന്ദൂരാരുണ വിഗ്രഹമാര്ന്നോ
രമ്മ നിറഞ്ഞേന് നിന്നില്‍
രുദ്രാക്ഷങ്ങളിയന്നഗളത്തില്
അംബികവാണരുളുമ്പോള്
നൃസിംഹ വാഹനനായി ഭവാന്
ഭാരതവര്‍ഷം നീളെ നടന്നു
അംബികവാണരുളുന്നോ
രമ്പത്തൊന്നു തടങ്ങളിലും
ദിഗംബര ഭഗവാന് വാണരുളും
പന്ത്രണ്ടിലുമങ്ങനെ
അംബര വീഥിയിലെന്നും നിറയും
യോഗിനി വൃന്ദമഹോ
ആശിഷമേകി ഭവാനെ, പോരാ
അര്‍ച്ചനയേകി നമിച്ചല്ലോ
എട്ടിനെ എട്ടുപെരുക്കിയ തന്ത്രങ്ങളിലെ
മന്ത്രാക്ഷരമെല്ലാം നിന്റെ ഹൃദത്തില്‍ നിറഞ്ഞു
പത്തു മഹാവിദ്യകളും നിന്റെ മനസ്സിലലിഞ്ഞു
മേരു സമാനമുയര്ന്നു വിളങ്ങും
ശ്രീചകം നിന്നില്‍ വിരിഞ്ഞു.
(ഇന്ന് മാധവ്ജി സ്മൃതിദിനം. മാധവ്ജിയുടെ
ദീക്ഷാനാമമായിരുന്നു നൃസിംഹനാഥാനന്ദ)
പ്രതികരിക്കാൻ ഇവിടെ എഴുതുക: