തിരുവനന്തപുരം : കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് മാത്രം വിചാരിച്ചാല്‍ ശമ്പളം നല്‍കാനാവില്ലെന്ന് ബോധ്യപ്പെട്ടു. കെഎസ്ആര്‍ടിസിയെ നിലനിര്‍ത്തേണ്ടത് സര്‍ക്കാരിന്റെ കൂടി ആവശ്യമാണ്. വെള്ളിയാഴ്ചയോടെ ജീവനക്കാര്‍ക്കെല്ലാം ശമ്പളം കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.
ജീവനക്കാരുടെ ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിനായി ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി സംസാരിച്ചിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി കൂടുതല്‍ പണം കിട്ടാന്‍ ഇന്ന് തന്നെ അപേക്ഷിക്കും.സര്‍ക്കാരുമായി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. അതേസമയം സിഎന്‍ജി ബസുകള്‍ വാങ്ങുന്നത് സ്വിഫ്ട് സര്‍വീസുകള്‍ക്കായാണെന്നും മന്ത്രി പറഞ്ഞു.
ഏപ്രില്‍ മാസത്തെ ശമ്പളം മുടങ്ങിയതോടെ ഇടത് സംഘടനയായ സിഐടിയു വരെ മാനേജ്‌മെന്റിനെതിരെ അനിശ്ചിത കാല പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഐഎന്‍ടിയുസിയും എഐടിയുസിയും അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
അതേസമയം കെഎസ്ആര്‍ടിസിക്ക് എത്ര രൂപ വരെ സമാഹരിക്കാന്‍ കഴിയും. ശമ്പളം നല്‍കാന്‍ ഇനി എത്ര രൂപ വേണം, വരും മാസത്തിലെ ശമ്പളത്തിന് എന്ത് ചെയ്യും തുടങ്ങിയ വിവരങ്ങള്‍ ധന വകുപ്പ് ശേഖരിച്ചെന്നാണ് സൂചന. ഇതും കണക്കിലെടുത്താകും കെഎസ്ആര്‍ടിസിക്ക് ധനസഹായം നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: