കൊച്ചി : വോട്ടര്‍ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കാന്‍ നല്കിയ പുതിയ പേരുകളില്‍ ഭൂരിഭാഗവും തള്ളിയെന്ന് ആരോപിച്ച് എറണാകുളം ജില്ലയിലെ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റി. യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കളക്ടര്‍ അനിത കൂമാരിയെ വയനാട്ടിലേക്ക് മാറ്റുകയായിരുന്നു.
തൃക്കാക്കരയിലെ വോട്ടര്‍ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കാന്‍ നല്കിയ പുതിയ വോട്ടുകളില്‍ ഭൂരിഭാഗവും തള്ളിയെന്ന് ആരോപിച്ചാണ് യുഡിഎഫ് പരാതി നല്‍കിയത്. വയനാട് ഡെപ്യൂട്ടി കളക്ടര്‍ നിര്‍മല്‍ കുമാറിനാണ് പുതിയ ചുമതല. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എറണാകുളം – കോഴിക്കോട് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റി നിയമിക്കുകയായിരുന്നു.
2011- ല്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് കാട്ടിയെന്ന ആരോപണത്തില്‍ നടപടി നേരിട്ടയാളാണ് ഇലക്ഷന് ഡെപ്യൂട്ടി കളക്ടറായി എറണാകുളത്ത് നിയമിച്ചത് എന്നായിരുന്നു യുഡിഎഫിന്റെ പ്രധാന ആരോപണം. ഭരണാനുകൂല സര്‍വീസ് സംഘടന നേതാവായ ഇവര്‍ക്ക് ഭരണകക്ഷി നേതാക്കളുമായി നേരിട്ട് ബന്ധമുണ്ട്. ഈ സാഹചര്യത്തില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്താന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നായിരുന്നു യുഡിഎഫിന്റെ പരാതി.
തൃക്കാക്കരയില്‍ ആകെ എട്ട് സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ബാലറ്റില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന്റെ പേര് ഒന്നാമതെത്തും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫായിരിക്കും രണ്ടാമത്. മൂന്നാമതായി ബിജെപി സ്ഥാനാര്‍ത്ഥി എഎന്‍ രാധാകൃഷ്ണനായിരിക്കും. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ അപരനായി കരുതപ്പെടുന്ന ജോമോന് ജോസഫ് ബാലറ്റില്‍ അഞ്ചാമതാണ്. ഇദ്ദേഹത്തിന് അനുവദിച്ച ചിഹ്നം കരിമ്പ് കര്‍ഷകന്റേതാണ്. അനില്‍ നായര്‍, ബോസ്കോ കളമശേരി, മന്മഥന്, സിപി ദിലീപ് നായര്‍ എന്നിവരാണ് മത്സരരംഗത്തുള്ള മറ്റുള്ളവര്‍. മെയ് 31-നാണ് വോട്ടെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ജൂണ്‍ അഞ്ചോടെ എല്ലാ തെരഞ്ഞെടുപ്പ് നടപടികളും പൂര്‍ത്തിയാക്കാനാണ് ഇലക്ഷന് കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: