കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത് അറസ്റ്റില്‍. നടിയെ ആക്രമിച്ച ദൃശ്യ തെളിവുകള്‍ നശിപ്പിച്ച കുറ്റത്തിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലും ശരത്ത് പ്രതിയാണ്.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ എത്തിച്ചത് ശരത്താണ്. ആലുവയിലെ ഹോട്ടല്‍ ഉടമയാണ് ശരത്. സംവിധായകന് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ശരത്തിനെ പ്രതിയാക്കി അന്വേഷണം ആരംഭിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷം ദൃശ്യങ്ങള്‍ പെന്‍ഡ്രൈവിലാക്കി വിഐപി ദിലീപിന് കൈമാറിയെന്നായിരുന്നു വെളിപ്പെടുത്തല്‍. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ദിലീപിന്റെ വീട്ടില്‍ എത്തിയ ‘വിഐപി’ എന്ന് വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ശരത്. വധഗൂഢാലോചന കേസിലും ശരത് ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്.
നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ അറസ്റ്റാണ് ശരതിന്റേത്. 2018 നവംബര്‍ 15 ന് നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ശരത്ത് ടാബിലാക്കി ദിലീപിന്റെ പത്മസരോവരം വീട്ടിലെത്തി കൈമാറിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
ബാലചന്ദ്രകുമാര്‍ നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബില്‍ ശരത്തിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്. തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിച്ച് വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ശബ്ദ സാംപിള്‍ പരിശോധിച്ചാണ് ശരത്താണ് ഗൂഢാലോചനയില്‍ പങ്കാളിയായിരുന്നുവെന്ന് കണ്ടെത്തിയത്. അന്വേഷണം തന്നിലേക്കു നീളുന്നതു തിരിച്ചറിഞ്ഞ ശരത് മൊബൈല്‍ ഫോണ്‍ ഓഫാക്കി മുങ്ങിയിരുന്നു. അതിനുശേഷമാണ് പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: