ബെംഗളൂരു: ബജ്റംഗ്ദള്‍ കര്‍ണ്ണാടകത്തില്‍ ആയുധപരിശീലനം നടത്തിയെന്ന വ്യാജ പരാതിയുമായി എസ് ഡിപി ഐ. സ്വന്തം മന്ത് മറയ്ക്കാന്‍ മറ്റുള്ളവരെ മന്താ എന്ന് വിളിക്കുന്ന ശ്രമമാണ് എസ് ഡിപി ഐ നടത്തുന്നത്. കൊടക് ജില്ലയിലെ പൊന്നാംപേട്ടെയിലെ സായി ശങ്കര്‍ എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രവര്‍ത്തകര്‍ക്ക് ഒരാഴ്ച ആയുധപരിശീലനം നടത്തിയെന്നാണ് ആരോപണം.
തോക്കും മൂര്‍ച്ചയേറിയ തൃശൂലങ്ങളും ഉപയോഗിച്ച് മെയ് അഞ്ച് മുതല്‍ 11 വരെ ആയുധപരിശീലനം നടത്തിയെന്ന വ്യാജ ആരോപണമാണ് എസ് ഡിപി ഐ ഉയര്‍ത്തുന്നത്. ഇത്തരത്തില്‍ ആയുധപരിശീലനങ്ങള്‍ രഹസ്യമായി നടത്തുന്ന എസ് ഡിപി ഐ അതില്‍ നിന്നും തലയൂരാന്‍ നടത്തുന്ന ശ്രമമാണിതെന്ന് ബജ്രംഗ് നേതാക്കള്‍ പറഞ്ഞു. മാത്രമല്ല, ഹിജാബ് സമരത്തിലൂടെ പ്രതിരോധത്തിലായ പോപ്പുലര്‍ ഫ്രണ്ടും എസ് ഡിപിഐയും കാമ്പസ് ഫ്രണ്ടും തീവ്രവാദത്തിന്റെ കുറ്റം ബജ് രംഗ് ദളില്‍ ചാര്‍ത്താന്‍ ശ്രമിക്കുകയാണ്. സ്കൂളുകള്‍ കേന്ദ്രീകരിച്ച് ഹിജാബ് വിവാദമുണ്ടാക്കിയവര്‍ ഇപ്പോള്‍ സ്കൂളുകള്‍ കേന്ദ്രീകരിച്ച് ബജ്രംഗ് ദളിനെയും പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിക്കുകയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ഇതുപോലുള്ള പരിശീലന ക്യാമ്പുകള്‍ ബജ് രംഗ്ദള്‍ സംഘടിപ്പിക്കുന്നതായി സംഘടനയുടെ അഖിലേന്ത്യ കോ-കണ്‍വീനര്‍ സുര്യനാരായണ്‍ പറയുന്നു. എസ് ഡിപി ഐ ക്യാമ്പിന്റെ വ്യാജചിത്രങ്ങള്‍ സൃഷ്ടിച്ച് പുകമറ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും സൂര്യനാരായണ്‍ പറഞ്ഞു. കുട്ടികള്‍ക്ക് നല്‍കിയത് എയര്‍ഗണ്‍ മാത്രമാണെന്നും ഇത് സ്കൂള്‍ കുട്ടികള്‍ക്കല്ല, സംഘടനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് ഈ പരിശീലനം നല്‍കിയതെന്നും സൂര്യനാരായണ്‍ പറയുന്നു.
“പരിശീലനം നല്‍കാനും പ്രചോദനം നല്‍കാനും തെരഞ്ഞെടുത്ത ഏതാനും പേരെ മാത്രമാണ് അനുവദിച്ചത്. പരിശീലനം നല്കാന് ഉപയോഗിച്ചത് എയര്‍ഗണ്ണുകളാണ്. കുട്ടികള്‍ കളിക്കുന്ന എയര്‍ഗണ്ണുകളാണ് ഉപയോഗിച്ചത്. വസ്തുക്കളില്‍ ഉന്നം വെയ്ക്കാന്‍ സഹായിക്കുന്നതിനും ഏകാഗ്രത വര്‍ധിപ്പിക്കാനും വേണ്ടിയുള്ള പരിശീലനമാണത്. ബജ്രംഗ്ദള് ആയുധപരിശീലനം നല്‍കാറില്ല. പകരം ശാരീരികക്ഷമത വര്‍ധിപ്പിക്കാനുള്ള റോപ് ക്ലൈംബിങ്ങ്, ലോംഗ്ജമ്പ് എന്നിവയിലാണ് പരിശീലനം നല്‍കാറുള്ളത്”.- സൂര്യനാരായണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: