ആലപ്പുഴ: രണ്ടു കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ചും ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കിയ സംഭവത്തിലേയ്ക്ക് നയിച്ചത് ഭര്‍ത്താവ് റനീസിന്റെ നിരന്തര പീഡനമെന്ന് റിപ്പോര്‍ട്ട്. വണ്ടാനം മെഡിക്കല്‍ കോളേജ് പോലീസ് എയ്ഡ്പോസ്റ്റിലെ സിവില്‍ പൊലീസ് ഓഫിസര്‍ സക്കറിയ വാര്‍ഡ് നവാസ് മന്‍സിലില്‍ റനീസിന്റെ(32) പീഡനങ്ങളാണ് ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് കണ്ടെത്തല്‍. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജിലയെ റനിസ് നിരന്തരം പീഡിപ്പിച്ചിരുന്നത് അടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
10 വര്‍ഷം മുമ്പ് നടന്ന വിവാഹത്തിന് സ്ത്രീധനമായി 40 പവനും 10ലക്ഷം രൂപയും ബൈക്കും നല്‍കിയിരുന്നു. സ്ത്രീധനം കൂടാതെ കൂടുതല്‍ പണം ആവശ്യപ്പെട്ട് നജിലയെ മാനസികമായി പീഡിപ്പിച്ചിരുന്നു. പണം ലഭിക്കുന്നതിന് പലതവണ നജിലയെ വീട്ടിലേക്ക് പറഞ്ഞച്ചിരുന്നു. ഇതേത്തുടര്‍ന്ന് സ്ത്രീധനംകൂടാതെ പലപ്പോഴായി വന്‍തുകയും റെനീസിന് നല്‍കിയയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കുടുംബപ്രശ്നങ്ങള്‍ പുറത്തറിയാതിരിക്കാന്‍ ഫോണ്‍പോലും ഉപയോഗിക്കാന്‍ നല്‍കിയിരുന്നില്ല. ജോലിക്കായും അല്ലാതെയും പുറത്തു പോകുമ്പോള്‍ നജിലയെ മുറിയില്‍ പൂട്ടിയിരുന്നു. മറ്റുസ്ത്രീകളുമായും റനീസിന് അടുത്തബന്ധമുണ്ടായിരുന്നു. രാത്രി വൈകിയുള്ള റെനീസിന്റെ ഫോണ്‍ വിളികളെ ചൊല്ലി തര്‍ക്കവും വഴക്കും പതിവായിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
ആലപ്പുഴ എആര്‍ ക്യാമ്പ് ക്വാര്‍ട്ടേഴ്സില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് റെനീസിന്റെ ഭാര്യ നജില (27), മക്കളായ ടിപ്പു സുല്‍ത്താന്‍ (അഞ്ച്), മലാല (ഒന്നര) എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ ദിവസം തന്നെ സൗത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്ത ഭര്‍ത്താവ് റെനീസിനെ (32) മേയ് 24 വരെ റിമാന്‍ഡ് ചെയ്തിരുന്നു. സൗത്ത് സിഐയില്‍ നിന്ന് കേസിന്റെ അന്വേഷണ ചുമതല ഇന്നലെ ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയ്ക്ക് കൈമാറി. റനീസിനെതിരെ നജിലയുടെ ബന്ധുക്കള്‍ പിന്നീട് സൗത്ത് സിഐയ്ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങള്‍ ചുമത്തി കേസ് എടുത്തു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. വിശദമായ അന്വേഷണത്തിനായി റിമാന്‍ഡിലായ റെനീസിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനായി ചോദ്യംചെയ്യാന്‍ നാളെ കോടതിയില്‍ അപേക്ഷ നല്‍കുമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: