ലക്നൗ: സംസ്ഥാനത്തെ മദ്രസകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി ഉത്തര്‍പ്രദേശ്. ദേശീയ ഗാനം ആലപിച്ചുകൊണ്ടുവേണം ക്ലാസുകള്‍ ആരംഭിക്കാനെന്ന മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. എല്ലാ അംഗീകൃത, എയ്ഡഡ്, അണ് എയ്ഡഡ് മദ്രസകളിലും ഉത്തരവ് ബാധകമായിരിക്കും.
മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് രജിസ്ട്രാര്‍ എസ്.എന്‍.പാണ്ഡെ മെയ് 9 ന് എല്ലാ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസര്‍മാര്‍ക്കും ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. മാര്‍ച്ച് 24 ന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലെ തീരുമാനത്തെ അടിസ്ഥാനമാക്കിയായിരുന്നു ഉത്തരവ്. പുതിയ അക്കാദമിക് സെഷന് മുതല്‍ എല്ലാ മദ്രസകളിലും പ്രാര്‍ത്ഥനാ സമയത്ത് ദേശീയ ഗാനം നിര്‍ബന്ധമാക്കിയിട്ടുണ്ട്.
മദ്രസകളില്‍ ഇതുവരെ ഹംദ് (അല്ലാഹുവിന് സ്തുതികള്‍), സലാം (മുഹമ്മദിന്റെ ആശംസകള്‍) എന്നിവയായിരുന്നു ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുമ്പ് ആലപിച്ചിരുന്നത്. എന്നാല്‍ ദേശീയഗാനം ആലപിക്കണമെന്ന് നിര്ബന്ധമില്ലായിരുന്നു. സംസ്ഥാനത്ത് നിലവില്‍ ആകെ 16,461 മദ്രസകളാണുള്ളത്. അതില്‍ 560 എണ്ണം സര്‍ക്കാരില്‍ നിന്നുള്ള ഗ്രാന്റ് സ്വീകരിക്കുന്നവയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: