തൃശൂര്‍ : മഴയെ തുടര്‍ന്ന് തൃശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താത്തിന്റെ പേരില്‍ ചൈനീസ് പടക്കം പൊട്ടിച്ച കോട്ടയം സ്വദേശികളായ മൂന്ന് പേര് അറസ്റ്റില്‍. തേക്കിന്‍കാട് മൈതാനത്തെ വെടിക്കെട്ടുപുരയ്ക്ക് സമീപമാണ് ഇവര്‍ പടക്കം പൊട്ടിച്ചത്. തുടര്‍ന്ന് കോട്ടയം പാപ്പാടി പുളിത്താഴെ അജി (42), കാഞ്ഞിരപ്പിള്ളി കരോട്ടുപറമ്പില്‍ ഷിജാസ്, എല്‍ത്തുരുത്ത് തോട്ടുങ്ങല്‍ നവീന്‍ (33) എന്നിവരെയാണ് ഈസ്റ്റ് പോലീസ് അറസ്റ്റുചെയ്തത്.
മദ്യലഹരിയില്‍ കാറിലെത്തിയ മൂവരും വെടിക്കെട്ട്പുരയ്ക്ക് സമീപത്തായാണ് ചൈനീസ് പടക്കം പൊട്ടിച്ചത്. വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് സംഭവം. മഫ്ടിയില് തേക്കിന്‍കാട് മൈതാനത്ത് നടക്കാനിറങ്ങിയ അസിസ്റ്റന്റ് കമ്മിഷണര്‍ വി.കെ. രാജുവിന്റെ സമയോചിതമായി ഇടപെട്ടതിനാല്‍ വന്‍ദുരന്തം ഒഴിവാക്കാനായി.
തൃശ്ശൂര്‍പൂരം വെടിക്കെട്ട് മഴ കാരണം മാറ്റിവെച്ചതിനാല്‍ വെടിക്കെട്ട് സാമഗ്രികളെല്ലാം ഇവിടെയുണ്ടായിരുന്നു. അതിനിടെയാണ് ചൈനീസ് പടക്കം കൂട്ടിയിട്ട് കത്തിച്ചത്. സ്ഥലത്തെത്തിയ എസിപി രാജു യുവാക്കളെ തടയുകയും ഉടന്‍ പോലീസ് പട്രോളിങ് സംഘത്തെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. മദ്യലഹരിയില്‍ യുവാക്കള്‍ പോലീസിനോട് കയര്‍ക്കുകയും അത് ഉന്തും തള്ളിലേക്ക് എത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ബലംപ്രയോഗിച്ചാണ് ഇവരെ ഈസ്റ്റ് സ്റ്റേഷനിലേക്ക് എത്തിച്ചത്. ഇവരെത്തിയ കാറും കസ്റ്റഡിയിലെടുത്തു.
തൃശ്ശൂര്‍പൂരവും വെടിക്കെട്ടും കാണാനാണ് കോട്ടയം സ്വദേശികള്‍ തൃശ്ശൂരെത്തിയത്. മഴമൂലം വെടിക്കെട്ട് മാറ്റിവെച്ചതിലെ നിരാശയെ തുടര്‍ന്നാണ് ഇവര്‍ ചൈനീസ് പടക്കങ്ങള്‍ വാങ്ങി സ്വയം വെടിക്കെട്ട് നടത്തിയത്. അറസ്റ്റിലായ എല്‍ത്തുരുത്ത് സ്വദേശി നവീനിന് പടക്കവില്‍പ്പനയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കടയിലെ പടക്കങ്ങള്‍ കൊണ്ടുവന്നാണ് വെടിക്കെട്ടുപുരയ്ക്ക് സമീപം ഇവര്‍ പൊട്ടിച്ചത്. അറസ്റ്റുചെയ്ത പ്രതികളെ വൈദ്യപരിശോധനയ്ക്കായി രാത്രി ജനറല്‍ ആശുപത്രിയിലെത്തിച്ചു. വെടിക്കെട്ട് നടക്കാത്തതിനാല്‍ വെടിക്കെട്ടുപുരയ്ക്ക് പോലീസും റവന്യൂ ഉദ്യോഗസ്ഥരേയും കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: