Â
ന്യൂദല്‍ഹി: തോമസ് മക്കാളെ ഐപിസി തയ്യാറാക്കിയ 1860ല്‍ ഇടംപിടിച്ചതാണ് 124 എ. രാജ്യദ്രോഹക്കുറ്റം ചുമത്തി സ്വാതന്ത്ര്യ സമരസേനാനികളെയും ജയിലിലടക്കുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. മഹാത്മാഗാന്ധി അടക്കം നിരവധിനേതാക്കള്‍ 124 എ പ്രകാരം ജയിലിലടയ്ക്കപ്പെട്ടിട്ടുണ്ട്. ഈ വകുപ്പ് പ്രകാരം വിചാരണ നടത്തി ശിക്ഷ ലഭിച്ചത് ബാലഗംഗാധര തിലകനെ പോലെ അപൂര്‍വ്വം ചിലര്‍ക്ക് മാത്രമാണ്. 1857ലെ ആദ്യ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ നിന്ന് അധികാരം പിടിച്ചെടുത്ത ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ നേതാക്കളെ തടവിലിടാന്‍ ഉപയോഗിച്ച 124 എ നിയമം സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷത്തില്‍ ഇല്ലാതാക്കുന്നതിന് പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. 162 വര്‍ഷങ്ങള്‍ക്കിപ്പുറം കൊളോണിയല്കാലത്തെ ഒരു നിയമം കൂടി സ്വതന്ത്ര ഭാരതം ഇല്ലാതാക്കുകയാണ്.
നിയമനിര്‍മാണ പ്രക്രിയയില്‍ പാര്‍ലമെന്റിനും കേന്ദ്രസര്‍ക്കാരിനുമുള്ള അധികാരത്തിന്മേല് കൈകടത്താതെയുള്ള ചരിത്ര വിധിയാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. നിയമനിര്‍മാണം കേന്ദ്ര ചുമതലയാണെന്ന് വ്യക്തമാക്കിയ കോടതി പാര്‍ലമെന്റിലൂടെ ഐപിസി 124 എയിലെ കാലഹരണപ്പെട്ട വ്യവസ്ഥകള്‍ ഇല്ലാതെയാവുമെന്ന പ്രതീക്ഷയാണ് പ്രകടിപ്പിച്ചത്. കോടതി 124എ റദ്ദാക്കിയില്ല, മരവിപ്പിച്ചുമില്ല.
രാജ്യദ്രോഹക്കുറ്റം വ്യവസ്ഥ ചെയ്യുന്ന 162 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ പീനല്‍ കോഡിലെ 124 എ വകുപ്പ് പുനഃപരിശോധിക്കുമെന്ന് കേന്ദ്രമാണ് സുപ്രീംകോടതിയെ അറിയിച്ചത്. വ്യക്തിസ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ സംബന്ധിച്ച പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും വൈവിധ്യങ്ങള്‍ നിറഞ്ഞ ചിന്തകളാണ് ഭാരതത്തിന്റെ സൗന്ദര്യമെന്ന അദ്ദേഹത്തിന്റെ വാക്കുകളും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പരാമര്‍ശിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊളോണിയല്‍ കാല നിയമങ്ങള്‍ ഇല്ലാതാവണം എന്നാണ് പ്രധാനമന്ത്രിയുടെ ആഗ്രഹം. 2014-15 കാലം മുതല്‍ 1,500ലധികം കാലഹരണപ്പെട്ട നിയമങ്ങളാണ് കേന്ദ്രം ഇല്ലാതാക്കിയത്. വിവിധ കുറ്റങ്ങള്‍ ക്രിമിനല്‍ കുറ്റങ്ങളല്ലാതാക്കി. ഇതൊരു തുടര്‍ പ്രക്രിയയാണ്. കൊളോണിയല്‍ മാനസികാവസ്ഥയ്ക്ക് ഇന്നത്തെ ഇന്ത്യയില്‍ സ്ഥാനമില്ല എന്നും പ്രധാനമന്ത്രി വിശദീകരിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അതേപടി സുപ്രീംകോടതി ഉത്തരവിലും പരാമര്‍ശിച്ചിട്ടുണ്ട്
Â
Â
പ്രതികരിക്കാൻ ഇവിടെ എഴുതുക: