ഹിമാചല്‍പ്രദേശ് നിയമസഭാ കവാടത്തില്‍ ഖാലിസ്ഥാന്‍ വാദികളുടെ പതാകയും മുദ്രാവാക്യങ്ങളും പ്രത്യക്ഷപ്പെട്ട സംഭവം വളരെ ഗുരുതരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പഞ്ചാബില്‍നിന്നു വന്ന വിനോദ സഞ്ചാരികളില്‍ ചിലരാണ് ഇതിനു പിന്നിലെന്നു പറയുന്നുണ്ടെങ്കിലും പഞ്ചാബിലെ ഭരണമാറ്റവുമായി ഹിമാചല്‍ സംഭവത്തിന് ബന്ധമുണ്ടെന്നും കരുതേണ്ടിയിരിക്കുന്നു. സംസ്ഥാനത്ത് കേജ്രിവാളിന്റെ പാര്‍ട്ടിയായ ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതിനുശേഷം ഖാലിസ്ഥാന്‍ ഭീകരവാദികള്‍ സജീവമായിരിക്കുകയാണ്. തെരഞ്ഞെടുപ്പു കാലത്തും അതിനുശേഷവും നിരവധിയിടങ്ങളില്‍ ബോംബു സ്ഫോടനങ്ങള്‍ നടക്കുകയുണ്ടായി. ഈ സംഭവങ്ങള്‍ എന്‍ഐഎ അന്വേഷിക്കുകയാണ്. പഞ്ചാബിലെ അധികാരമാറ്റം തങ്ങള്‍ക്ക് അനുകൂലമാണെന്ന് ഖാലിസ്ഥാന്‍ വിഘടനവാദികള്‍ കരുതുന്നു. സിംലയില്‍ ഖാലിസ്ഥാന്റെ പതാക ഉയര്‍ത്താന്‍ ഖാലിസ്ഥാനി സംഘടനയായ എസ്എഫ്ജെയുടെ നേതാവ് ഗുര്‍പത് വന്ത് സിങ് പന്നന്‍ അടുത്തിടെ ആഹ്വാനം ചെയ്തിരുന്നു. ആംആദ്മി പാര്‍ട്ടിയുടെ ഹിമാചല്‍ സോഷ്യല്‍ മീഡിയ ചുമതലക്കാരന് ഖാലിസ്ഥാന്‍ വാദത്തിന് അനുകൂലമായി ട്വീറ്റു ചെയ്തത് വലിയ വിവാദങ്ങളുണ്ടാക്കുകയും, കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇയാളെ സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഹിമാചല്‍ നിയമസഭാ കവാടത്തില്‍ ഖാലിസ്ഥാനി പതാക പ്രത്യക്ഷപ്പെട്ടത്. പഞ്ചാബില്‍നിന്ന് ഹരിയാന, മഹാരാഷ്ട്ര, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ എസ്എഫ്ജെ ശ്രമിച്ചുവരികയാണ്.
ദല്‍ഹിക്കു പുറമെ പഞ്ചാബിലും ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നതാണ് ഖാലിസ്ഥാന്‍ വിഘടനവാദികളെ പ്രോത്സാഹിപ്പിക്കുന്നത്. 2017 ലെയും 2022 ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ ഖാലിസ്ഥാന്‍ വാദികളുടെ പിന്തുണ ആം ആദ്മി പാര്‍ട്ടിക്ക് ലഭിച്ചിരുന്നു. പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന് ഖാലിസ്ഥാന്‍ വാദികളുമായി ബന്ധമുണ്ടെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയായിരുന്ന ചരണ്‍ജിത് സിങ് ചന്നി ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നല്കുകയുണ്ടായി. പഞ്ചാബ് തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണ നല്‍കിക്കൊണ്ട് എസ്എഫ്ജെ നേതാവ് അയച്ച കത്തിനെക്കുറിച്ച് ഈ പരാതിയില്‍ പറയുന്നുണ്ട്. പരാതി വളരെ ഗുരുതരമാണെന്നും ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കുകയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ കേജ്രിവാളിന്റെ പാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ ഖാലിസ്ഥാന്‍ വാദികള്‍ ജനങ്ങളെ ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. കശ്മീരിലെ പ്രത്യേക പദവി എടുത്തുകളയുകയും, അവിടുത്തെ ഭീകരപ്രവര്‍ത്തനം Â ശക്തമായി അടിച്ചമര്‍ത്തുകയും ചെയ്തത് പാകിസ്ഥാന് വലിയ തിരിച്ചടിയായി. ഖാലിസ്ഥാന്‍ വിഘടനവാദം ഉയര്‍ത്തിക്കൊണ്ടുവന്ന് പ്രശ്നങ്ങളുണ്ടാക്കാനാണ് ഇപ്പോള്‍ പാകിസ്ഥാന് ശ്രമിക്കുന്നത്. ഇതിന് അനുകൂലമായ നിലപാടുകള്‍ പഞ്ചാബിലെ ആം ആദ്മി സര്‍ക്കാരില്‍നിന്ന് ഉണ്ടാവുന്നു എന്നത് ദേശസുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്.
അഴിമതിക്കെതിരെ അണ്ണാ ഹസാരെ സൃഷ്ടിച്ച അന്തരീക്ഷം മുതലെടുത്ത് രാഷ്ട്രീയത്തിലേക്കു വന്നയാളാണ് അരവിന്ദ് കേജ്രിവാള്. രാഷ്ട്രീയ സദാചാരം തൊട്ടുതീണ്ടാത്തവിധം കൗശലങ്ങള്‍ പ്രയോഗിക്കുന്ന Â ഒരു നേതാവായ ഇയാള്‍ അധികാരം ലഭിക്കാന്‍ എന്തു ഹീനകൃത്യവും ചെയ്യാന്‍ മടിക്കില്ലെന്ന് ഇതിനകം വ്യക്തമായിട്ടുള്ളതാണ്. സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുകയും വലിയ വാഗ്ദാനങ്ങള്‍ നല്കി അധികാരം പിടിക്കുകയും ചെയ്യുന്ന രീതിയാണ് ആം ആദ്മി പാര്‍ട്ടി അവലംബിക്കുന്നത്. ദല്‍ഹിയില്‍ ഈ പാര്‍ട്ടിക്ക് അധികാരം ലഭിച്ചത് ദേശവിരുദ്ധ ശക്തികളെപ്പോലും സഹായിക്കാന്‍ ഉപയോഗിക്കുകയാണ്. പൗരത്വനിയമഭേദഗതിക്കെതിരെ ദല്‍ഹിയില്‍ നടത്തിയ കലാപത്തെ തന്ത്രപരമായി പിന്തുണയ്ക്കുകയാണ് കേജ്രിവാള് ചെയ്തത്. ആം ആദ്മി പാര്‍ട്ടിയിലെ ചില നേതാക്കള്‍ കലാപത്തിന് നേതൃത്വം നല്‍കുകയും ഇതുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളാവുകയും ചെയ്തു. ദല്‍ഹിയില്‍ നടന്ന ‘കര്‍ഷക സമര’ത്തിന്റെ പേരില്‍ സിഖ് വിഘടനവാദികള്‍ അഴിഞ്ഞാടിയപ്പോഴും ഇപ്പോള്‍ നിയമവിരുദ്ധ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ദല്‍ഹി കോര്‍പ്പറേഷനെതിരെ ഒരു വിഭാഗത്തെ ഇളക്കിവിടുന്നതിലും ആം ആദ്മി പാര്‍ട്ടിക്ക് കയ്യുണ്ട്. ദല്‍ഹിയിലെ അധികാരം വച്ചുകൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യത്ത് അസ്ഥിരത വളര്‍ത്തുകയാണ് കേജ്രിവാള്. തനിക്കെതിരെ സമരം നടത്തിയ ബിജെപി നേതാവ് തേജീന്ദര്‍ സിങ് ബഗ്ഗയെ പഞ്ചാബ് പോലീസിനെ ഉപയോഗിച്ച് തട്ടിക്കൊണ്ടുപോയി ജയിലിലടയ്ക്കാനുള്ള നീക്കം കേജ്രിവാളിന്റെ തനിനിറം പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. ദല്‍ഹിയിലെ പോലീസ് സംസ്ഥാന സര്‍ക്കാരിന്റെ കീഴിലല്ല. അധികാരത്തിലുള്ള പഞ്ചാബിലെ പോലീസിനെ ഉപയോഗിച്ച് ഇതിനുള്ള പ്രതികാരം ചെയ്യുകയാണ്. അധികാരം കയ്യടക്കുന്ന ഇത്തരം ഛിദ്രശക്തികളെ അതിശക്തമായി അടിച്ചമര്‍ത്തിക്കൊണ്ടല്ലാതെ ഒരു രാഷ്ട്രത്തിനും മുന്നോട്ടുപോകാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: