ചെന്നൈ: നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരമായ ധര്‍മ്മപുരം പട്ടണപ്രവേശത്തിന് തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ ഭക്തജനരോഷം ശക്തമാകുന്നു. ഈ മാസം 22ന് ആചാരപരമായി നടക്കേണ്ട പട്ടണപ്രവേശം വിലക്കിയ മയിലാടുതുറെ ജില്ലാ ഭരണകൂടത്തിന്റെ നിലപാടുകളെ ജനകീയമായി നേരിടുമെന്നും വേണ്ടിവന്നാല്‍ താന്‍ സ്വയം പല്ലക്കെടുക്കുമെന്നുമുള്ള പ്രഖ്യാപനത്തോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ രംഗത്തെത്തിയതോടെ വിഷയം തമിഴകത്തുടനീളം ചര്‍ച്ചയാവുകയാണ്.
ഡിഎംകെ ജനിക്കുന്നതിന് മുമ്പുതന്നെ ധര്‍മപുരം ആദീനം ഇവിടെയുണ്ട്. മുഖ്യമന്ത്രി സ്റ്റാലിന്റെ അച്ഛന് എം. കരുണാനിധി മുഖ്യമന്ത്രിയായിരുന്നപ്പോഴും ‘പട്ടണപ്രവേശം’ നടത്തിയിട്ടുണ്ട്. അദ്ദേഹം അഞ്ചുതവണ മുഖ്യമന്ത്രിയാരുന്നു. അപ്പോഴെല്ലാം ഈ പരിപാടി ഇതേപോലെ നടന്നിട്ടുണ്ട്. അദ്ദേഹം വിഡ്ഢിയായിരുന്നുവെന്നാണോ സ്റ്റാലിന് പറയുന്നത്? ഈ നിരോധനത്തിന് പിന്നില്‍ രാഷ്ട്രീയമാണ്. ഒരു സര്‍ക്കാര്‍ എന്തിനാണ് ഭക്തരുടെ വിശ്വാസപരമായ പരിപാടികള്‍ നിരോധിക്കുന്നതെന്ന ജനങ്ങളുടെ ചോദ്യത്തിന് ഉത്തരമുണ്ടാകണംÂ-Âഅണ്ണാമലൈÂപറഞ്ഞു.
പട്ടണപ്രവേശം നടത്തിപ്പിന് മുന്നില്‍ നില്ക്കാന് ബിജെപി തയ്യാറാണ്. വേണ്ടിവന്നാല്‍ സ്വാമികളുടെ പല്ലക്ക് ചുമക്കാനും തയ്യാറാണ്. ഡിഎംകെ മന്ത്രിമാരും എംഎല്‍എമാരും മുഖ്യമന്ത്രി സ്റ്റാലിനും മകനും സ്തുതി പാടുകയാണ്. ഗുരുവിനെയാണ് പല്ലക്കിലേറ്റുന്നത്. ക്ഷേത്രങ്ങളില്‍ ദേവന്മാരെ പല്ലക്കിലേറ്റാറുണ്ട്. ഇതൊന്നും അറിയാത്തവരല്ല അവര്‍. വിവിധ ക്ഷേത്രങ്ങളില്‍ പോയി പൂജകള്‍ നടത്തിയ ഡിഎംകെ നേതാക്കളുടെ പട്ടിക പുറത്തുവിടുമെന്നുംÂഅണ്ണാമലൈÂവ്യക്തമാക്കി.
പുരാതന ശൈവമഠമായ ധര്‍മ്മപുരം ആദീനത്തിന്റെ അധീനതയില്‍ സിര്‍കാഴി വൈത്തീശ്വരന്‍ കോവിലുള്‍പ്പെടെ 27 മഹാശിവക്ഷേത്രങ്ങളുണ്ട്. ധര്‍മ്മഗുരുവിനെ വെള്ളിപ്പല്ലക്കിലേറ്റി വിശ്വാസികള്‍ നഗരപ്രദക്ഷിണം നടത്തുന്നതാണ് ചടങ്ങ്. ധര്‍മ്മപുരം അദീനം മഠത്തിന്റെ അധിപതി ശ്രീലശ്രീ മസിലാമണി ജ്ഞാനസംബന്ധ പരമാചാര്യ സ്വാമികളാണ് ഇപ്പോഴത്തെ ധര്‍മ്മഗുരു. 2019 ഡിസംബര്‍ 13ന് ചുമതലയേറ്റപ്പോള്‍ സീര്കാശിക്കടുത്തുള്ള വൈത്തീശ്വരന്‍ കോവിലിലും പട്ടണപ്രവേശം സംഘടിപ്പിച്ചിരുന്നു.
ഏപ്രില്‍ 27ന് മയിലാടുതുറെ ആര്‍ഡിഒ ജെ. ബാലാജിയാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. പല്ലക്കിലേറ്റിയുള്ള പട്ടണപ്രവേശം ഒഴിച്ചുള്ള ചടങ്ങുകള്‍ നടത്തുന്നതിന് നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാഭരണകൂടം പറയുന്നു. തമിഴ്നാട് ഗവര്‍ണര്‍ ആര്.എന്‍. രവി ധര്‍മപുരം ആദീനം സന്ദര്‍ശിച്ചതിന്റെ തൊട്ടുപിന്നാലെയാണ് നിരോധന ഉത്തരവെന്നത് ശ്രദ്ധേയമാണ്. Â
പട്ടണപ്രവേശം അനുവദിക്കുന്നത് ക്രമസമാധാന പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന ഡിഎംകെ അടക്കമുള്ള സംഘടനകളുടെ മുന്നറിയിപ്പുകള്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജില്ലാ ഭരണകൂടത്തിന് നല്‍കിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് നിരോധന ഉത്തരവെന്ന് അധികൃതര്‍ പറയുന്നു.
മയിലാടുതൂറയിലെ കുത്താലം തിരുവാടുതുറൈ പട്ടണത്തില്‍ പ്രവര്‍ത്തിക്കുന്ന ശൈവ മഠമായ തിരുവാവാടുതുറൈ അധീനം ഗുരുമഹാസന്നിധാനം ഫെബ്രുവരിയില്‍ നടത്തുന്നതിനിടയിലും ഡിഎംകെ സമാനമായ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: