എം. ജോണ്സണ് റോച്ച്
കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന് ഗതാഗതവകുപ്പ് മന്ത്രി പറഞ്ഞതിനെ ധനമന്ത്രി ശരിവെച്ചിരിക്കുകയാണ്. ഈ സ്ഥാപനത്തിന്റെ ഉടമ സര്‍ക്കാരല്ലേ? കൂലിയ്ക്ക് ആളെ വിളിച്ചിട്ട് ജോലി കഴിഞ്ഞാല്‍ കൂലി കൊടുക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് ഉടമ പറയുന്നത് എന്ത് ന്യായമാണ്? ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് 65 കോടി രൂപയുടെ സഹായം വേണമെന്നാണ് കെഎസ്ആര്‍ടിസിയുടെ ആവശ്യം. ഗതാഗത വകുപ്പ് മുഖേനയാണ് കെഎസ്ആര്‍ടിസി സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നാണ് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. എല്ലാക്കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാന്‍ അടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം.
എന്നാല്‍ കെഎസ്ആര്‍ടിസിയില്‍ സര്‍ക്കാര്‍ എന്ന ഉടമസ്ഥന്റെ നയങ്ങളും താത്പ്പര്യങ്ങളുമാണ് നടപ്പിലാക്കുന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായ നിലനിര്‍ത്താനുള്ള ഷെഡ്യൂളുകള്‍ അവരുടെ നിര്‍ദ്ദേശപ്രകാരം തുടങ്ങുന്നു. ഇങ്ങനെ തുടങ്ങുന്ന ഉള്‍പ്രദേശങ്ങളിലെ സര്‍വ്വീസുകള്‍ മിക്കതും നഷ്ടത്തിലാണ്. യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതിനുള്ള അധികാരം സര്‍ക്കാരിനാണ്. വിവിധതരം സൗജന്യയാത്രാപാസ്സുകള്‍ നിശ്ചയിക്കുന്നതും പ്രഖ്യാപിക്കുന്നതും സര്‍ക്കാരാണ്. ഈ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറേയും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയും നിയമിപ്പിക്കുന്നത് സര്‍ക്കാരാണ്. ഈ സ്ഥാപനത്തില്‍ കൂലിയ്ക്ക് വരുന്ന ജീവനക്കാര്ക്ക്എന്തെങ്കിലും തീരുമാനം സ്വയമെടുത്ത് നടപ്പിലാക്കാന്‍ അവകാശമുണ്ടോ? അവര്‍ക്ക് നിശ്ചയിച്ചു കൊടുക്കുന്ന ജോലി, നിശ്ചയിച്ചു നല്കിയ സമയത്ത് നിര്‍വഹിച്ച് ജീവനക്കാര്‍ പോ
കുന്നു. അതില്‍ വീഴ്ച വന്നാല്‍ ജീവനക്കാരുടെ മേല്നടപടിയുണ്ടാകുന്നു. എന്നിട്ട് പറയുന്നു ”നിശ്ചയിക്കപ്പെട്ട കൂലി തരാന്‍ ഞങ്ങള്‍ക്ക് ബാദ്ധ്യതയില്ലെന്ന്.” സര്‍ക്കാര്‍ ഉണ്ടാക്കിവെച്ചിരിക്കുന്ന സംവിധാനമാണ് ഈ സ്ഥാപനത്തിന്റെ മാനേജ്മെന്റ്. മാനേജ്മെന്റ് പൂര്‍ണ്ണമായും സര്‍ക്കാരിന്റെ നിയന്ത്രണത്തിലുമാണ്. സര്‍ക്കാരിന്റെ നയങ്ങളും ഇഷ്ടങ്ങളും നടപ്പിലാക്കാനാണ് മാനേജ്മെന്റ് ശ്രദ്ധിക്കുന്നത്.
കാലകാലങ്ങളില്‍ നിലനിന്നിരുന്ന സര്‍ക്കാരുകളെടുത്ത തീരുമാനങ്ങളാണ് പ്രധാനമായും ഈ സ്ഥാപനത്തെ ഇത്ര ഗതികേടില്‍ കൊണ്ടെത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ നടപ്പിലാക്കിയ ഒരു തീരുമാനത്തിന്റെ ഉദാഹരണം നോക്കുക. നിലവില്‍ ബസ്സ് സര്‍വ്വീസ് ഇല്ലാതിരുന്ന തിരുവനന്തപുരം നഗരപ്രദേശങ്ങളിലെ റോഡിലൂടെ സഞ്ചരിക്കാന്‍ വലിയ നീളമുള്ള 66 ബസ്സുകള്‍ കൊണ്ടാണ് സിറ്റി സര്‍ക്കുലര്‍ സര്‍വ്വീസ് തുടങ്ങിയിരിക്കുന്നത്. പത്തില്‍ താഴെ യാത്രാക്കാരുമായാണ് മിക്കപ്പോഴും ഈ ബസ്സുകള്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഇട റോഡുകളിലൂടെ ഇത്രയും നീളംകൂടിയ ബസ്സുമായി യാത്ര തുടങ്ങിയതുതന്നെ മണ്ടത്തരമാണ്. ഇവിടങ്ങളില്‍ സര്‍വ്വീസ് നടത്താന്‍ ടെമ്പോ പോലുള്ള വാഹനങ്ങളാണ് വേണ്ടിയിരുന്നത്. ഈ സര്‍ക്കുലര്‍ സര്‍വ്വീസുകള്‍ ഭീമമായ നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്നുവെങ്കിലും അത് തിരുത്താന്‍ മാനേജ്മെന്റ് തയ്യാറല്ല. സര്‍ക്കാരിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശാനുസരണം തുടങ്ങിയ ഈ സര്‍വ്വീസുകള്‍ നിര്‍ത്താനും ബദല്‍ സംവിധാനം ഏര്‍പ്പെടുത്താനും സര്‍ക്കാരിന്റെ അനുവാദമില്ലാതെ മാനേജ്മെന്റിന് കഴിയില്ല.
പ്രൈവറ്റ് ബസ്സുകള്‍ പോകാന്‍ മടിക്കുന്ന ഉള്‍പ്രദേശങ്ങളില്‍ കെഎസ്ആര്‍ടിസി യാത്രാ സൗകര്യമൊരുക്കി ജനങ്ങളെ നഗരങ്ങളില്‍ എത്തിക്കുകയും തിരിച്ചു കൊണ്ടുപോകുകയും ചെയ്യുന്നു. ഇങ്ങനെ സര്‍ക്കാരിനുവേണ്ടി നടത്തുന്ന നഷ്ടസര്വ്വീസുകളുടെ ഉത്തരവാദിത്ത്വം സര്‍ക്കാര്‍ തന്നെ ഏറ്റെടുക്കണം. ലാഭത്തിലോടിക്കൊണ്ടിരുന്ന ദീര്‍ഘദൂര സര്‍വ്വീസുകളെ ‘സ്വിഫ്റ്റ്’ എന്ന മറ്റൊരു സംവിധാനത്തിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. ഇതോടെ ഇനി കെഎസ്ആര്‍ടിസിയുടെ നഷ്ടം വലിയ തോതില്‍ ഉയരുന്നത് ചൂണ്ടിക്കാണിക്കുവാനു
മാകും. ഇലക്ട്രിസിറ്റി, വാട്ടര്‍ അതോറിറ്റി, ആശുപത്രി, വിദ്യാഭ്യാസം എന്നിവ പോലെ ഈ പൊതുമേഖലാ സ്ഥാപനത്തേയും ഒരു അവശ്യസര്‍വ്വീസായി കാണേണ്ടിയിരിക്കുന്നു. ലാഭനഷ്ടം നോക്കി നടത്തേണ്ട ഒരു സ്ഥാപനമല്ല കെഎസ്ആര്‍ടിസി. ട്രാന്‍സ്പോര്‍ട്ട് സര്വ്വീസുകളെക്കുറിച്ചു പഠിക്കുവാനായി നെതര്ലന്ഡിലൊന്നും പോകേണ്ട കാര്യമില്ല. കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗോവ, ഗുജറാത്ത് മുതലായ സംസ്ഥാനങ്ങളിലേയ്ക്ക് നോക്കിയാല്‍ മതി. അവിടെ സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന സൗജന്യങ്ങള്‍ കണക്കാക്കിയുള്ള ധനം കോര്‍പ്പറേഷനുകള്‍ക്ക് കൊടുക്കുന്നുണ്ട്. കൂടാതെ നഷ്ടം പരിഹരിക്കുന്നതിനും കോര്‍പ്പറേഷന്റെ വികസനത്തിനുമായി തുക നീക്കിവെച്ചുകൊണ്ടിരിക്കുന്നു. ട്രാന്‍സ്പോ
ര്‍ട്ട് കോര്‍പ്പറേഷനുകള്‍ ഒരിടത്തും ലാഭത്തിലല്ല. ദല്‍ഹി സര്‍ക്കാര്‍, ട്രാന്‍സ്പോര്‍ട്ട് സര്‍വ്വീസുകളുടെ ഏതാണ്ട് പൂര്‍ണ്ണമായ ചെലവും ഏറ്റെടുത്തിരിക്കുകയാണ്. നെതര്‍ലന്‍ഡിലെ ബസ്സില്‍ കണ്ടക്ടറില്ല. യാത്രക്കാരന് ടിക്കറ്റ് മെഷീനില്‍ പഞ്ച് ചെയ്ത് ടിക്കറ്റെടുക്കുന്നു. യാത്രക്കാര്‍ അവരവര്‍ക്ക് ഇറങ്ങാനുള്ള സ്ഥലമെത്തുമ്പോള്‍ സിഗ്നല്‍ ഡ്രൈവര്‍ക്ക് സ്വയം കൊടുക്കും. അതൊക്കെ നമുക്ക് അപ്രായോഗികമാണ്. അവിടത്തെ സംവിധാനങ്ങള്‍ പഠിച്ച് ഇവിടെ നടപ്പിലാക്കാനുമാകില്ല.
നമുക്ക് മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളുണ്ടെങ്കിലും കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിക്കുന്ന ആനവണ്ടി കേരളീയരുടെ അഭിമാനമാണ്. ഈ സ്ഥാപനം കേരളീയര്‍ക്ക് വൈകാരികവുമാണ്. അങ്ങനെയുള്ളൊരു സ്ഥാപനത്തില്‍ പണിയെടുക്കുന്നവന്റെ ശമ്പളം കൊടുക്കുവാന്‍ അതിന്റെ ഉടമയ്ക്ക് ബാധ്യതയില്ലായെന്ന് പറയുന്നത് കാട്ടുനീതിയല്ലേ.?
പ്രതികരിക്കാൻ ഇവിടെ എഴുതുക: