കോട്ടയം: ഭരണകൂടം തന്നെ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാല്‍ എന്തുചെയ്യും? കോട്ടയം നഗരത്തില്‍ ഇന്നലെ സംഭവിച്ചത് അതാണ്. മന്ത്രിയും കളക്ടറും എസ്പിയും ഭരണകക്ഷി ജനപ്രതിനിധികളുമെല്ലാം നേതൃത്വം നല്കിയ ആഘോഷ പരിപാടിയില്‍ ജനങ്ങള്‍ ഒന്നാകെ മണിക്കൂറുകളോളം ബന്ദിയാക്കപ്പെട്ടെന്ന് പറയുന്നതാകും ശരി.
സംസ്ഥാന സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക ആഘോഷമാണ് കോട്ടയം നഗരവാസികളെയും, പുറമെ നിന്നും നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിച്ചേര്‍ന്നവരെയും ഒരുപോലെ ദുരിതത്തിലാക്കിയത്. ഇന്നലെ രാവിലെയാണ് കോട്ടയം നഗരത്തെ അടച്ചുപൂട്ടി സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷ പരിപാടികള്‍ നടന്നത്.
ഈ പൂട്ട് അഴിച്ചുവന്നപ്പോള്‍ നാലുമണിയെങ്കിലുമായി. രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും കോടികള്‍ ധൂര്‍ത്തടിച്ചാണ് പരിപാടികള്‍ നടത്തുന്നത്. കോട്ടയത്തും അങ്ങനെതന്നെ. നാഗമ്പടം മുനിസിപ്പല്‍ മൈതാനിയില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ വിശദീകരിക്കുന്ന ആഘോഷ നഗരിയാണെങ്കില്‍ പൂര്‍ണ്ണമായും ശീതീകരിച്ചതാണ്.
ജില്ലാ ഭരണകൂടമാണ് ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.പോലീസിന്റെ ക്രമീകരണങ്ങളെല്ലാം പാളിയതോടെ നഗരത്തിനുള്ളിലും, നഗരത്തിലേക്കുമുള്ള എല്ലാ വഴികളും ഗതാഗതക്കുരുക്കിലായി. ഇതിനുള്ളില്‍ മെഡിക്കല്‍ കോളജിലേക്ക് രോഗികളുമായി വന്ന ആംബുലന്‍സുകളും പെട്ടു.
പോലീസും സര്‍ക്കാര്‍ സംവിധാനങ്ങളള്ക്കും പുറമെ കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്‍സിസി, സ്കൗട്ട്, സ്കൂള്‍ കുട്ടികള്‍ എന്നിവരെയൊക്കെ പങ്കെടുപ്പിച്ചാണ് പരിപാടിക്ക് ആളെ കൂട്ടിയത്. രാവിലെ തിരുനക്കരയില്‍ നിന്നും ആരംഭിച്ച റാലി നാഗമ്പടത്തെ സമ്മേളന നഗരിയിലാണ് സമാപി
ച്ചത്. കോട്ടയം ജില്ലയുടെ ചുമതലയുള്ള സഹകരണ മന്ത്രി വി. എന്‍ വാസവനാണ് നേതൃത്വം നല്‍കിയത്.
റാലി തുടങ്ങിയത് മുതല്‍ നഗരത്തില്‍ രൂക്ഷമായ ഗതാഗതക്കുരുക്കായിരുന്നു. പോലീസ് മുന്‍കൂട്ടി തയാറാക്കിയ ഗതാഗത നിയന്ത്രണങ്ങള്‍ കുരുക്ക് അഴിക്കാന്‍ പര്യാപ്തമായിരുന്നില്ല. ചില പോയിന്റുകളില്‍ എങ്ങോട്ട് വാഹനങ്ങള്‍ തിരിച്ചുവിടുമെന്ന് അറിയാതെ ഉദ്യോഗസ്ഥരും കുഴങ്ങി. ഒരു പോയിന്റില്‍ നിന്നും കടത്തിവിടുന്ന വാഹനങ്ങള്‍ തൊട്ടടുത്ത പോയിന്റില്‍ കുടുങ്ങുന്ന അവസ്ഥയും വന്നതോടെ നഗരത്തിന് പുറത്തേക്കും ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
ദേശീയപാതയായ കെകെ റോഡിലും എംസി റോഡിലും വളരെദൂരം വാഹനങ്ങള്‍ നിശ്ചലമാക്കി ഇടേണ്ടതായിവന്നു. സ്വകാര്യ ബസ്സുകളില്‍ പലതിന്റെയും ട്രിപ്പുകള്‍ മുടങ്ങി.
ആശുപത്രിയില്‍ അടക്കം വിവിധ ആവശ്യങ്ങള്‍ക്ക് പോകേണ്ട നൂറുകണക്കിന് യാത്രക്കാര്‍ മണിക്കൂറോളം കുടുങ്ങി. അസഹനീയമായ ചൂട് യാത്രക്കാരെ കഷ്ടത്തിലാക്കി. കൃത്യ സമയത്ത് ജോലിക്കെത്താനോ ആശുപത്രിയിലെത്താനോ പലര്‍ക്കും സാധിച്ചില്ല.
ഗതാഗത കുരുക്കില്‍പ്പെട്ട ഇരുചക്ര വാഹന യാത്രക്കാര്‍ കടുത്ത വെയിലില്‍ പൊരിഞ്ഞു. മാത്രമല്ല പൊരിവെയിലില്‍ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള റാലിക്കെതിരെയും വ്യാപക പരാതി ഉയരുന്നുണ്ട്.
കോഴിക്കോട്ട് നടന്ന വാര്‍ഷിക ആഘോഷ പരിപാടില്‍ ആളെത്താത്തുകൊണ്ട് ഒഴിഞ്ഞ കസേര നോക്കി മന്ത്രി മുഹമ്മദ് റിയാസിന് പ്രസംഗിക്കേണ്ടി വന്നു. ആ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. കോഴിക്കോട്ടെ അവസ്ഥ കോട്ടയത്ത് സംഭവിക്കാതിരിക്കാന്‍ കാലേക്കൂട്ടി തന്നെ മുന്‍കരുതല്‍ എടുത്തിരുന്നു. കുടുംബശ്രീ പ്രവര്‍ത്തകരില്‍ മിക്കവരെയും ആനുകൂല്യം തടയുമെന്ന് ഭീഷണിപ്പെടുത്തിയാണ് പരിപാടിയില്‍ പങ്കെടുപ്പിച്ചത്. ഇവരെ എത്തിക്കാനായി എല്ലാ സ്ഥലങ്ങളിലേക്കും പ്രത്യേക വാഹനങ്ങളും അയയ്ക്കുകയുണ്ടായി.
സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും സര്‍ക്കാരിന്റെ ധൂര്‍ത്തിന് ഒരു കുറവുമില്ലെന്ന ആരോപണം ശക്തമാകുകയാണ്.
കോട്ടയത്ത് ജനങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരിതങ്ങള്‍ രാഷ്ട്രീയ ഭേദമന്യേ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത വിധത്തിലായിരുന്നു പരിപാടി സംഘടിപ്പിക്കേണ്ടതെന്ന വികാരമാണ് ഭരണകക്ഷികള്‍ക്ക് പോലുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: