പ്രൊഫ. ഡി.അരവിന്ദാക്ഷന്‍
സില്‍വര്‍ ലൈന്‍ പദ്ധതി നടപ്പാക്കും എന്ന് സിപിഎമ്മിന്റെ 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും പ്രഖ്യാപിച്ചു. കേന്ദ്ര അനുമതി ഇല്ലാതെ 66,000 കോടിയുടെ അടങ്കല്‍ ചെലവ് വരുന്ന ഇത്തരം ഒരു പദ്ധതി നടപ്പാക്കാന്‍ ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും കഴിയില്ല എന്നറിഞ്ഞുകൊണ്ട് തന്നെയാണ് അവര്‍ ഇത്തരമൊരു പ്രഖ്യാപനം നടത്തുന്നത്. ഞങ്ങള്‍ വികസനത്തിനു വേണ്ടിയും കേരളത്തെ നിക്ഷേപ സൗഹൃദമാക്കുന്നതിനു വേണ്ടിയും നിലകൊള്ളുന്നു എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
കെ.റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് 2017 ജനുവരി മൂന്നിനാണ് കൊച്ചി രജിസ്ട്രാര്‍ ഓഫ് കമ്പനി മുമ്പാകെ ഗവണ്‍മെന്റ് കമ്പനി എന്ന വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തത്. കമ്പനിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ 2017-ലെ 47699 ആണ്. അംഗീകൃത മൂലധനം 100 കോടിയും അടച്ചുതീര്‍ത്ത മൂലധനം 76കോടി 98 ലക്ഷവുമാണ്. കമ്പനിയുടെ പ്രധാന ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിരിക്കുന്നത് ഗതാഗത പ്രവൃത്തികളെ പിന്തുണയ്‌ക്കുന്ന അനുബന്ധ പ്രവൃത്തികളും ട്രാവല്‍ ഏജന്‍സി പ്രവര്‍ത്തനവുമാണ്. അപ്പോള്‍ 2017 ജനുവരി മൂന്നിന് 66,000 കോടിയുടെ സില്‍വര്‍ ലൈന്‍ പദ്ധതി ഏറ്റെടുക്കാന്‍ ഈ സര്‍ക്കാര്‍ കമ്പനിയ്‌ക്ക് ഉദ്ദേശമില്ലായിരുന്നു എന്നുതെളിയുന്നു. അതിനാലാണ് ഇപ്പോള്‍ കെ.റെയിലിന്റെ വെബ്‌സൈറ്റില്‍ ഈ കമ്പനി രൂപീകരിക്കുന്ന സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ (എസ്പിവി) പുതിയ കമ്പനിയായി രൂപീകരിക്കുമെന്ന് പറഞ്ഞത്.
അടിമുടി അവ്യക്തത
നിലവിലുള്ള സര്‍ക്കാര്‍ കമ്പനിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ഭേദഗതി ചെയ്യാതെ ഇത്തരം വന്‍കിട പദ്ധതികള്‍ എസ്പിവി വഴി ഏറ്റെടുക്കാന്‍ നിലവിലുള്ള 2013 ലെ കമ്പനി നിയമപ്രകാരം സാധ്യമല്ല. ഇത്തരം കാര്യങ്ങള്‍ പരിശോധിക്കേണ്ടത് കെ. റെയിലിനു വേണ്ടി എഞ്ചിനീയറിംഗ്, മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്‍സി നല്കുന്ന സിസ്ട്ര ഇന്ത്യ എന്ന മള്‍ട്ടിനാഷണല്‍ കമ്പനിയാണ്. പാരീസ് ആസ്ഥാനമായായുള്ള ഈ കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് പ്രൈവറ്റ് കമ്പനിയായിട്ടാണ്. ഇവരുടെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ദല്‍ഹിയിലെ നെഹ്‌റു പ്ലേസിലും, ഫാരിദാബാദിലും അഹമ്മദാബാദിലുമാണ്. 2002 ല്‍ ഇവര്‍ ഇന്ത്യയില്‍ വന്ന് ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് പ്രവര്‍ത്തിച്ചു എന്ന് അവകാശപ്പെടുന്നു. അമേരിക്ക, ബ്രിട്ടണ്‍, സൗത്ത് കൊറിയ, ആസ്‌ട്രേലിയ, ബ്രസീല്‍, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങളിലെ റെയില്‍വേ പ്രോജക്ടുകളിലും മറ്റ് അടിസ്ഥാനമേഖലാ വികസനപദ്ധതികളിലും ഇവര്‍ പങ്കാളികളായതായും അവകാശപ്പെടുന്നു. ഇങ്ങനെയുള്ള ഒരു കമ്പനിയ്‌ക്ക് കേരള സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള കെ.റെയില്‍ ഡവലപ്
മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്, പഠനം നടത്തി വിശദമായ പദ്ധതി രേഖ തയ്യാറാക്കാന്‍ കരാര്‍ നല്കുമ്പോള്‍ നിയമപരമായി പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. പാര്‍ലമെന്റ് പാസാക്കിയ സ്റ്റോഴ്‌സ് പര്‍ച്ചേസ് നിയമങ്ങളനുസരിച്ച് സര്‍ക്കാരും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികളും കരാര്‍ നല്കുമ്പോള്‍ പരസ്യം നല്കി ടെന്‍ഡര്‍ പ്രകാരം ഓഫറുകള്‍ ക്ഷണിക്കണം. സിസ്ട്രാ ഇന്ത്യ എന്ന കമ്പനി റെയില്‍വേ പ്രോജക്ടുകള്‍ ഏറ്റെടുക്കുന്ന അന്തര്‍ദ്ദേശീയ കമ്പനിയായതുകൊണ്ട് കെ.റെയില്‍ അന്തര്‍ദേശീയതലത്തില്‍ പരസ്യം നല്കി ടെന്‍ഡറുകള്‍ ക്ഷണിക്കണം. അങ്ങനെ ടെന്‍ഡറുകള്‍ ക്ഷണിച്ചതായ യാതൊരു പരസ്യവും കെ.റെയിലിന്റെ വെബ്‌സൈറ്റില്‍ കാണാനില്ല.
കെ. റെയിലിന്റെ ഇപ്പോഴത്തെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സില്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയ് ആണ് ചെയര്‍മാന്‍. രാജേഷ്‌കുമാര്‍ സിംഗ് എന്ന ഫിനാന്‍സ് സെക്രട്ടറിയും, കെ.ആര്‍.ജ്യോതിലാല്‍ എന്ന ട്രാന്‍സ്‌പോര്‍ട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഡയറക്ടര്‍മാരാണ്. റെയില്‍വേ ബോര്‍ഡിന്റെ പ്രതിനിധികളായി റെയില്‍വേ എഞ്ചിനീയറിംഗ് സര്‍വ്വീസില്‍ നിന്നുള്ള ഷാജി സക്കറിയായും, ധനജ്ഞയന്‍ സിംഗും ഡയറക്ടര്‍മാരാണ്. റെയില്‍വെ സിഗ്നല്‍ എഞ്ചിനീയറിംഗ് വിദഗ്ധനായ അജിത്കുമാറാണ് മാനേജിംഗ് ഡയറക്ടര്‍. കേരളാ ഷിപ്പിംഗ് ആന്‍ഡ് ഉള്‍നാടന്‍ ഗതാഗത കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഡയറക്ടറായിരുന്ന റെജി ജോണ്‍ 2020 ഡിസംബര്‍ ഒന്നു മുതല്‍ ഡയറക്ടറായി പ്രവര്‍ത്തിക്കുന്നു. നേരത്തെ ഉണ്ടായിരുന്ന ജയകുമാര്‍ പുരുഷോത്തമന്‍ നായര്‍ എന്ന ഡയറക്ടര്‍ ഇപ്പോള്‍ ബോര്‍ഡിലുള്ളതായി വെബ്‌സൈറ്റില്‍ കാണുന്നില്ല.
ശാസ്ത്ര ഇന്ത്യ എന്ന കമ്പനി തയ്യാറാക്കിയ പദ്ധതി രേഖ അപൂര്‍ണ്ണവും പ്രയോഗികവുമല്ലെന്ന് റെയില്‍വേ മന്ത്രാലയം കണ്ടെത്തി. ഇത് സംബന്ധിച്ച് പ്രാഥമിക പഠനങ്ങള്‍ നടത്തി വിശദമായ പദ്ധതിരേഖ തയ്യാറാക്കാനുള്ള അനുമതി മാത്രമാണ് കൊടുത്തതെന്ന് റെയില്‍വെ മന്ത്രാലയം കേരളത്തില്‍നിന്നുള്ള എം.പി.മാരെ രേഖാമൂലം അറിയിക്കുകയും കേന്ദ്ര റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയും ചെയ്തു. സമര്‍പ്പിച്ച പദ്ധതിരേഖ സാങ്കേതിക ക്ഷമതയില്ലാത്തതും ലാഭകരമല്ലാത്തതുമാണെന്ന് റെയില്‍വെ മന്ത്രാലയം കണ്ടെത്തി.
ഇതിനിടയില്‍ സിസ്ട്രാ ഇന്ത്യയ്‌ക്കെതിരെ യൂറോ കംപ്ലയന്‍സ് ഇത് സംബന്ധിച്ച അന്വേഷണം നടത്തുന്നതായി വാര്‍ത്തവന്നു. മികച്ച സ്ഥാപനങ്ങള്‍ക്ക് സുസ്ഥിരവും സുതാര്യവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് ഐഎസ്ഒ 37001 സര്‍ട്ടിഫിക്കേഷന്‍ നല്കുന്ന അംഗീകൃത ഏജന്‍സിയാണ് യൂറോ കംപ്ലയന്‍സ്. അപ്രകാരം യൂറോ കംപ്ലയന്‍സ് സിസ്ട്രയ്‌ക്ക് ഐഎസ്ഒ 37001 സര്‍ട്ടിഫിക്കേഷന്‍ നല്കി. എന്നാല്‍ കെ.റെയിലിനു വേണ്ടി സിസ്ട്രാ ഇന്ത്യ നടത്തിയ പഠനങ്ങളും തയ്യാറാക്കിയ പദ്ധതി രേഖയും അപൂര്‍ണ്ണവും കൃത്രിമവും ആണെന്ന് കണ്ടതിനാലാണ് അവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ യൂറോ കംപ്ലയന്‍സ് തീരുമാനിച്ചത്.
ചീഫ് സെക്രട്ടറി അധ്യക്ഷനായുള്ള സര്‍ക്കാര്‍ കമ്പനിയുടെ ബോര്‍ഡ് പാലിക്കേണ്ട നിയമപരമായ വ്യവസ്ഥകള്‍ പാലിക്കാത്തത് കൊണ്ടാണ് ഇത്തരം ക്രമക്കേടുകള്‍ ഉണ്ടാകുന്നതും അന്തര്‍ദ്ദേശീയതലത്തില്‍ വാര്‍ത്തയാകുന്നതും.
കെ.റെയിലിന്റെ വെബ് സൈറ്റില്‍ പറയുന്നത് സര്‍വേ നടത്താന്‍ ഉത്തരവ് പുറപ്പെടുവിച്ചത് റവന്യൂ വകുപ്പ് ആണെന്നാണ്. കെ.റെയില്‍ എന്നെഴുതിയ കല്ലിടാന്‍ ഉത്തരവ് പുറപ്പെടുവിച്ചതായി വെബ്‌സൈറ്റില്‍ പറയുന്നില്ല. സര്‍വ്വേ നിയമപ്രകാരവും 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരവും പാരിസ്ഥിതിക ആഘാതപഠനം നടത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് സുപ്രീംകോടതി വിധിച്ചത്. ഇത് സംബന്ധിച്ച കേസില്‍ വിശദമായ വാദം കേട്ട കേരളാ ഹൈക്കോടതിയുടെ വിധി വരാനിരിക്കുന്നതേയുള്ളൂ. റെയില്‍വേ മന്ത്രാലയം സര്‍വ്വേ നടത്താന്‍ അനുമതി നല്കിയിട്ടില്ലെന്നും റെയില്‍വെയുടെ സ്ഥലങ്ങളില്‍ കല്ലിടാന്‍ അനുവദിക്കില്ലെന്നും ഹൈക്കോടതി മുമ്പാകെ വ്യക്തമാക്കി.
ഏജന്‍സികളുടെ യോഗ്യത
പരിസ്ഥിതി ആഘാതപഠനം നടത്താന്‍ വേണ്ടിയുള്ള സാറ്റലൈറ്റ് സര്‍വ്വേയ്‌ക്കും ഡിജിറ്റല്‍ സര്‍വ്വേയ്‌ക്കും കെ.റെയില്‍ എന്നെഴുതിയ കല്ലിടേണ്ട ആവശ്യമില്ല. കല്ലിട്ട ഭൂമി പണയപ്പെടുത്തി വായ്പ നല്കാന്‍ ബാങ്കുകള്‍ വിസമ്മതിക്കുന്നു. സര്‍വ്വേ നടത്താനായി ഏഴ് ഏജന്‍സികളെ ചുമതലപ്പെടുത്തി, അവര്‍ക്ക് പണം നല്കി. എന്നാല്‍ ഈ ഏജന്‍സികളെ തിരഞ്ഞെടുത്ത ടെന്‍ഡര്‍ നടപടികളുടെയും ഏജന്‍സികള്‍ക്ക് നിശ്ചയിച്ച യോഗ്യതാമാനദണ്ഡങ്ങളുടെയും യാതൊരു വിവരവും കെ.റെയിലിന്റെ വെബ്‌സൈറ്റിലില്ല. ടെന്‍ഡര്‍ ഇല്ലാതെയാണ് ഏജന്‍സികളെ നിയമിച്ചതെങ്കില്‍ അത് ഗുരുതരമായ നിയമലംഘനവും കൃത്യവിലോപവുമാണ്. ഇതില്‍ ചെന്നൈ ആസ്ഥാനമായ ഏജന്‍സി ജോലി ഉപേക്ഷിച്ച് പിന്മാറിയതായി വാര്‍ത്തവന്നു. മറ്റൊരു ഏജന്‍സി എറണാകുളം ജില്ലയിലെ രാജഗിരി സ്‌കൂള്‍ ഓഫ് സയന്‍സ് ആണെന്ന് കാണുന്നു. ഈ ഏജന്‍സികള്‍ക്ക് പരിസ്ഥിതി ആഘാതപഠനം നടത്തുന്നതിനുള്ള യോഗ്യത കേന്ദ്രപരിസ്ഥിതി മന്ത്രാലയം അംഗീകരിച്ച് നല്കിയതായി വാര്‍ത്തകളില്‍ കാണുന്നില്ല.
പാരിസ്ഥിതിക ആഘാത പഠനം നടത്താന്‍ അധികാരപ്പെട്ട ഇന്ത്യയിലെ പ്രമുഖസ്ഥാപനം കേന്ദ്രസര്‍ക്കാര്‍ ഉടമയിലുള്ള നാഗ്പൂരിലെ നീരി (നാഷണല്‍ എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട്) ആണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ച മറ്റ് പ്രമുഖ സ്ഥാപനങ്ങളും ഭാരതത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ റൈറ്റ്‌സ് എന്ന പേരില്‍ പഠനഗവേഷണ സ്ഥാപനം പ്രവര്‍ത്തിക്കുന്നു. ഇവരെയൊന്നും പാരിസ്ഥിതിക ആഘാതപഠനം
ഏല്‍പിക്കാതെ യോഗ്യതാ മാനദണ്ഡങ്ങളില്ലാത്ത മറ്റ് ഏഴ് ഏജന്‍സികളെ നാട്ടുകാരുടെ വസ്തുക്കളില്‍ കയറി കെ. റെയില്‍ എന്ന് എഴുതിയ കല്ലിട്ട് പഠനം നടത്താന്‍ ഏല്‍പിച്ചുവെങ്കില്‍ അതിനുത്തരവാദികളായ ഉദ്യോഗസ്ഥര്‍ അന്വേഷണവും വിചാരണയും നേരിടേണ്ടിവരും. 2022 മാര്‍ച്ച് 31 വരെ കെ.റെയില്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 77 കോടിയില്‍ എത്രതുക ഇതുവരെ ചെലവാക്കിയിട്ടുണ്ട് എന്നും അത് നിയമപരമാണോ എന്നും സിഎജി യ്‌ക്ക് ഏത് സമയവും പരിശോധിക്കാവുന്നതുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: