ന്യൂദല്‍ഹി : യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ബ്ലഡ് മണി വാങ്ങുന്നതില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം തീരുമാനമെടുത്തില്ലെന്ന് വെളിപ്പെടുത്തല്‍. താലാലിന്റെ ഗോത്ര തലവനാണ് ഇക്കാര്യം അറിയിച്ചത്. യെമനിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
50 ദശലക്ഷം യെമന്‍ റിയാല്‍ നല്കിയാല് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാമെന്ന് തലാലിന്റെ കുടുംബം സന്നദ്ധത പ്രകടിപ്പിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതോടൊപ്പം കോടതിയില്‍ 10 ദശലക്ഷം യെമന്‍ റിയാല്‍ കൂടി കെട്ടിവെയ്ക്കണം. റംസാന് മുമ്പ് തീരുമാനം അറിയിക്കാനാണ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ യെമനിലെ സുരക്ഷാപ്രശനങ്ങള്‍ കാരണം സനയിലെ ഇന്ത്യന്‍ എംബസി നിലവില്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കുന്നില്ല. കുറച്ച് ജീവനക്കാര്‍ മാത്രമാണ് എംബസിയില്‍ ഉള്ളത്. ഇവരാണ് കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ ഗോത്ര തലവനുമായ ചര്‍ച്ച നടത്തിയത്.
താനുമായി അധികൃതര്‍ ചര്‍ച്ച ചെയ്ത ശേഷം മാത്രമേ തലാല്‍ മുഹമ്മദിന്റെ കുടുംബം ദയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കുകയുള്ളൂ. ഇതുസംബന്ധിച്ച് നിലവില്‍ തീരുമാനം കൈക്കൊണ്ടിട്ടില്ലന്നും ഗോത്ര തലവന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ എംബസി ജീവനക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനെ അറിയിച്ചിട്ടുണ്ട്.
തലാലിന്റെ കുടുംബം ബ്ലഡ് മണി ആവശ്യപ്പെട്ട് യെമനീസ് ഉദ്യോഗസ്ഥരാണ് നേരത്തെ ജയിലില്‍ എത്തി നിമിഷ പ്രിയയെ അറിയിച്ചത്. അതേസമയം നിമിഷ പ്രിയയുടെ അമ്മയും മകളും യെമനില്‍ എത്തി നേരിട്ട് കാണുന്നതിനും തലാലിന്റെ കുടുംബത്തെ നേരിട്ട് കണ്ട് മാപ്പപേക്ഷിക്കുന്നതിനും കേന്ദ്രസര്‍ക്കാര്‍ അനുമതി തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: