വടക്കാഞ്ചേരി: കാര്‍ഷികവൃത്തിയില്‍ പുതുചരിത്രം രചിച്ച് ഏഴരയേക്കര്‍ പാടശേഖരത്തെ എള്ള് കൃഷിയില്‍ വിജയഗാഥയുമായി യുവ കര്ഷകന്. മങ്കര സ്വദേശി കുണ്ടുപറമ്പില്‍ നാസറാണ് മികവിന്റെ കൃഷിയൊരുക്കിയത്. വിളവെടുപ്പ് ഉദ്ഘാടനം നഗരസഭ ചെയര്മാന് പി.എന്‍ സുരേന്ദ്രന് നിര്‍വഹിച്ചു. ജില്ലയിലെ പുതു തലമുറയില്‍പ്പെട്ട എല്ലാ കര്‍ഷകര്‍ക്കും അത്ര സുപരിചിതമല്ല എളള് കൃഷി.
മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നാണ് ആവശ്യമായ വിത്തുകള്‍ എത്തിച്ചത്. മുണ്ടകന്‍ കൃഷിക്ക് ശേഷം കൊയ്തൊഴിഞ്ഞ പാടശേഖരത്താണ് എള്ള് വിതച്ചത്. വിത്തു വിതച്ചാല്‍ പിന്നെ മറ്റ് ശ്രമകരമായ മറ്റ് ജോലിയൊന്നുമില്ല. വിളവെടുപ്പിന്റെ സമയത്ത് വയലിലെത്തിയാല് മതിയെന്നും നാസര്‍ പറയുന്നു.
മറ്റ് കൃഷികളെപ്പോലെ ജലലഭ്യതയോ വളപ്രയോഗമോ ഒന്നും ഈ കൃഷിക്ക് ആവശ്യമില്ല. മൂന്ന് മാസം കൊണ്ട് വിളവെടുക്കാനും കഴിയും. തത്തകളും മറ്റ് കിളികളുമൊക്കെ എള്ള് തിന്നാനെത്തും. എന്നാലും ലാഭം മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളു എന്നും കര്ഷകന് പറയുന്നു.
മേലേതില്പ്പാലത്തിന് സമീപത്തെ പാട്ടഭൂമിയിലാണ് കൃഷി. എള്ള് വിത്തുകള്‍ നിറഞ്ഞ് പൂക്കളമിട്ട് പരന്നു കിടക്കുന്ന എള്ള് വയല്‍ കാര്‍ഷിക സ്നേഹികള്‍ക്ക് പകര്‍ന്നു നല്കുന്ന മാനസികോല്ലാസവും ചെറുതല്ല. ചെടി അടിയോടെ പിഴുതെടുത്ത് കായ്കള്‍ വേര്‍തിരിച്ചാണ് വിളവെടുക്കുന്നത്. എള്ളിന്റെ കായ്കള്‍ക്ക് കത്തിയ്ക്ക എന്ന നാടന്‍ പേരുകൂടിയുണ്ട്. വിളവെടുക്കുന്ന വിത്തുകള്‍ മരച്ചക്കില്‍ ആട്ടി നാടന്‍ എള്ളെണ്ണയാക്കി നാട്ടില്‍ തന്നെ വിറ്റഴിക്കാനാണ് നാസറിന്റെ പദ്ധതി. പഴയ കാലത്ത് വേനല്‍ക്കാല കൃഷിയായി എള്ള് വ്യാപകമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: