തൃശ്ശൂര്‍: പ്രതിസന്ധികളെല്ലാം അകന്നതോടെ നഗരം പൂരാവേശത്തിലേക്ക്. സ്വരാജ് റൗണ്ടില്‍ നിലപന്തലുകളുടെ നിര്‍മാണം ആരംഭിച്ചു. ഇന്നലെ രാവിലെ 10ന് മണികണ്ഠനാല്‍ പരിസരത്ത് പാറമേക്കാവ് വിഭാഗത്തിന്റെ പന്തലിന്റെ കാല്‍നാട്ട് കര്‍മ്മം നടന്നു. പാറമേക്കാവ് മേല്‍ശാന്തി കാരേക്കാട്ട് രാമന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ഭൂമി പൂജയും മറ്റ് ചടങ്ങുകളും നടന്നത്. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് കെ.സതീഷ് മേനോന്, സെക്രട്ടറി ജി.രാജേഷ്, വൈസ് പ്രസിഡന്റ് ഡോ.എം.ബാലഗോപാല്‍, അസി.സെക്രട്ടറി വി.ജയന് എന്നിവരും ഭരണസമിതി അംഗങ്ങളും വിവിധ ദേശക്കാരും നിരവധി ഭക്തജനങ്ങളും പങ്കെടുത്തു.
ചെറുതുരത്തി മയൂര പന്തല്‍ ഡെക്കറേഷന്സിന്റെ എം.എ.യൂസഫാണ് പന്തല്‍ പണികള്‍ ഏറ്റെടുത്തിരിക്കുന്നത്. തിരുവമ്പാടി വിഭാഗം സ്വരാജ് റൗണ്ടില്‍ നിര്‍മിക്കുന്ന പന്തലുകളുടെ കാല്‍നാട്ട് കര്‍മ്മം 28ന് നടക്കും. നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകള്‍ നിര്‍മിക്കുക. ഇതിന്റെ ചുമതലക്കാരന് ചെറുതുരുത്തി ആരാധാന പന്തല്‍ വര്‍ക്സ് ഉടമ സൈതലവിയാണ്.
തൃശ്ശൂര്‍ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടില്‍ പന്തലുകള്‍ നിര്‍മിക്കുക. ഇതിനുള്ള അവകാശം പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങള്‍ക്കാണ്. രണ്ട് വര്‍ഷത്തെ അടച്ചിടലിനു ശേഷമെത്തിയ പൂരത്തെ ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ദേവസ്വങ്ങളും തട്ടകങ്ങളും. മെയ് 10, 11 തിയതികളില്‍ നടക്കുന്ന പൂരത്തിലേക്ക് 15 ലക്ഷത്തോളം പേര് എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മെയ് എട്ടിന് വൈകിട്ട് സാംപിള്‍ വെടിക്കെട്ട് നടക്കും. മേയ് ഒമ്പതിന് രാവിലെ എറണാകുളം ശിവകുമാര്‍ തെക്കേ ഗോപുര നട തുറക്കുന്നതോടെ ശക്തന്റെ തട്ടകം പൂരാവേശത്തിലാകും.
വന്‍തിരക്ക് മുന്നില്‍ക്കണ്ട് ഒരുക്കം നേരത്തെയാക്കി പോലീസും രംഗത്തുണ്ട്. ഉത്തരമേഖല ഐ.ജി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെയും തൃശൂരില്‍ പൂരം നിയന്ത്രിച്ച് പരിചയമുള്ള പോലീസുകാരെയും കൂടുതലായി നിയോഗിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടും. നാലായിരം പോലീസെങ്കിലും വേണ്ടിവരുമെന്നാണ് പ്രാഥമിക നിഗമനം. നഗരത്തിന്റെ പരിസരപ്രദേശങ്ങളില്‍ കൂടുതല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍ കണ്ടെത്തുന്നുണ്ട്. ഗതാഗതനിയന്ത്രണം കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. പൂരം നടക്കുന്ന മൂന്ന് ദിവസം നഗരം പോലീസിന്റെ കര്ശനവലയത്തിലായിരിക്കും.
വടക്കുന്നാഥ ക്ഷേത്ര മൈതാനവും സ്വരാജ് റൗണ്ടും അഞ്ച് വീതം സെക്ടറുകളായി തിരിച്ച് അഞ്ച് വീതം ഡിവൈ.എസ്.പിമാര്‍ക്ക് കീഴില്‍ നൂറ് വീതം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് പൂരം നടത്താറുള്ളത്. ഈ വര്‍ഷവും ഇതേ മാതൃകയിലാകും സുരക്ഷ. ഔട്ടര്‍ ഏരിയയെയും സെക്ടറുകളാക്കി തിരിച്ച് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ സുരക്ഷയൊരുക്കും. 2019 ലും പൂരം നിയന്ത്രണം ശക്തമാക്കിയിരുന്നു. സ്യൂട്ട്കെയ്സും ബാഗുകളുമായി ആരെയും ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിട്ടിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: