തൃശ്ശൂര്‍: പൂരം പൂര്‍വാധികം ഭംഗിയായി നടത്തുമെന്നും ദേവസ്വങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയടക്കമുള്ളവ പരിഹരിക്കുമെന്നും മന്ത്രിമാരുടെ ഉറപ്പ്. തൃശ്ശൂര്‍ പൂരം ഒരുക്കങ്ങള്‍ സംബന്ധിച്ച് കളക്ട്രേറ്റില്‍ ഇന്നലെ നടന്ന അവലോകന യോഗത്തിലാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് മന്ത്രിമാര്‍ ഉറപ്പ് നല്‍കിയത്. ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രിമാരായ ആര്.ബിന്ദു, കെ.രാജന് എന്നിവരും പങ്കെടുത്തു.
പൂരത്തിന് കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏര്‍പ്പെടുത്തിയത് പോലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ ഇത്തവണ ഉണ്ടാകില്ല. ഇതര സംസ്ഥാനങ്ങളിലും കേരളത്തിലും കൊവിഡ് വ്യാപന സാധ്യത മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ മാസ്കും സാനിറ്റൈസറും അടക്കമുള്ള സ്വയം സുരക്ഷ ഉറപ്പാക്കണമെന്ന് യോഗത്തില്‍ മന്ത്രിമാര്‍ നിര്‍ദേശിച്ചു. നിലവിലെ സാഹചര്യവും ആശങ്കയും ഉദ്യോഗസ്ഥരുടെ നിലപാടുകളുമടക്കം ദേവസ്വങ്ങള്‍ മന്ത്രിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി. പൂരം രണ്ടു വര്‍ഷം നടക്കാത്തതിനാല്‍ ദേവസ്വങ്ങള്‍ പ്രതിസന്ധിയിലാണെന്നും വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ ബാരിക്കേഡ് ഉള്‍പ്പെടെയുള്ളവ നിര്‍മിക്കാന്‍ സാമ്പത്തിക സഹായം ആവശ്യമാണെന്നും ദേവസ്വം ഭാരവാഹികള്‍ യോഗത്തില്‍ അറിയിച്ചു. നിലവില്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും സര്‍ക്കാരില്‍ നിന്ന് സഹായം വേണമെന്നും ദേവസ്വങ്ങള്‍ പറഞ്ഞു.
ആശങ്കകള്‍ വേണ്ടെന്നും ഇടവേളക്ക് ശേഷമെത്തിയ പൂരം മികവോടെയും പ്രൗഢിയോടെയും ആഘോഷിക്കുമെന്നും സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു. ബാരിക്കേഡ് കെട്ടുന്നതിലടക്കം ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കും. ഇതിന് പുറമേ ഭക്ഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് പണം കണ്ടെത്തും. ദേവസ്വങ്ങള്‍ ഇതിനായി സ്പോണ്‍സര്‍മാരെ കണ്ടെത്തണമെന്ന് മന്ത്രിമാര്‍ പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ബാരിക്കേഡും ഗ്യാലറിയും കെട്ടിയിരുന്നത് പൊതുമരാമത്ത് വിഭാഗമാണ്. ഇത്തവണ ദേവസ്വങ്ങള്‍ ചിലവ് എടുക്കണമെന്ന് ജില്ലഭരണകൂടം നിര്‍ദേശം വെച്ചത് തര്‍ക്കത്തിനിടയാക്കിയിരുന്നു.
പൂരം വെടിക്കെട്ട് കാണാനെത്തുന്നവര്‍ക്ക് സ്വരാജ് റൗണ്ടില്‍ പ്രവേശനമനുവദിക്കുന്നത് പെസോ നിയമമനുസരിച്ചായിരിക്കും. ഇക്കാര്യത്തില്‍ എന്തെങ്കിലും ഇളവുകള്‍ ചെയ്യാനാകുമോയെന്ന് പെസോ അധികൃതരുമായി ചര്‍ച്ച നടത്തും. മന്ത്രിമാരുടെ ഉറപ്പില്‍ ദേവസ്വങ്ങള്‍ തൃപ്തിയറിയിച്ചു. ടി.എന്‍ പ്രതാപന് എംപി, പി.ബാലചന്ദ്രന് എംഎല്‍എ മേയര്‍ എം.കെ വര്‍ഗീസ്, കളക്ടര്‍ ഹരിത വി.കുമാര്‍, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് വി.നന്ദകുമാര്‍, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം പ്രതിനിധികള്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ എന്നിവരും യോഗത്തില്‍ പങ്കെടുത്തു. 15 ലക്ഷത്തോളം ആളുകളെയാണ് ഇത്തവണ പൂരത്തിന് പ്രതീക്ഷിക്കുന്നത്. മെയ് 10നാണ് പൂരം. വെടികെട്ട് നടത്താന്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ നടത്താന്‍ അനുമതി ലഭിച്ചിട്ടുണ്ട്. എട്ടിനാണ് സാമ്പിള്‍ വെടിക്കെട്ട്. 10ന് പൂലര്‍ച്ചെ പ്രധാന വെടിക്കെട്ട് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: