ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ രചിച്ചുകൊണ്ടിരിക്കുന്നത് പുതു ചരിത്രം. വികസന കാര്യത്തിലും ജനാധിപത്യത്തിലും ജമ്മുകശ്മീര്‍ പുതിയ മാതൃകയാകുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് 20,000 കോടി രൂപയുടെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം മോദി ആദ്യമായാണ് ജമ്മു കശ്മിരിലെ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കുന്നത്.
വികസനത്തിന്റെ സന്ദേശവുമായാണ് ഞാനിവിടെ എത്തിയിരിക്കുന്നത്. സംസ്ഥാനത്തെ വികസനത്തിന് വേഗം നല്‍കുന്നതിനായി 20,000 കോടി രൂപയുടെ പദ്ധതികളാണ് കേന്ദ്രസര്‍ക്കാര്‍ ആവിഷ്കരിച്ചിരിക്കുന്നത്. പൊതു സ്വകാര്യ നിക്ഷേപകര്‍ ഇന്ന് കശ്മീരിലേക്ക് വരാന്‍ താല്പര്യം പ്രകടിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഊര്‍ജ്ജ വികസനം ഉള്‍പ്പടെ സംസ്ഥാനത്തെ വിവിധ മേഖലകളിലെ വികസനത്തിനുള്ള പദ്ധതികളാണ് ആവഷ്കരിക്കുന്നത്. ഇതിലൂടെ ജമ്മു കാശ്മീരിലെ യുവാക്കള്‍ക്ക് സാധ്യതകളുടെ ഭാവി ഉറപ്പാക്കും. തൊഴിലിനായി അവരുടെ രക്ഷിതാക്കള്‍ നേരിട്ട പ്രശ്നങ്ങളും പ്രതിസന്ധികളും എന്തായാലും അവരിലേക്ക് എത്തില്ല. ഈ കാലയളവില്‍ ജമ്മു കശ്മീരിലെ ടൂറിസം രംഗത്തുണ്ടായ മാറ്റം തന്നെ അതിന് ഉദാഹരമാണ്.
ഈ വര്‍ഷം പഞ്ചായത്തിരാജ് ദിനം ജമ്മു കശ്മീരില്‍ ആഘോഷിക്കുകയാണ്. വലിയൊരു മാറ്റത്തെയാണ് ജമ്മുവിലെ ഈ ആഘോഷം സൂചിപ്പിക്കുന്നത്. ജനാധിപത്യം താഴെത്തട്ടില്‍ എത്തിയിരിക്കുന്നു. ജമ്മു കശ്മീരിലെ ജനങ്ങള്‍ക്ക് വര്‍ഷങ്ങളോളം ത്രിതല പഞ്ചായത്ത് രാജ് സംവിധാനം നിഷേധിക്കപ്പെട്ട നിലയായിരുന്നു. ജനങ്ങളെ ശാക്തീകരിക്കുന്നതിനായി സര്‍ക്കാര്‍ എല്ലാ കേന്ദ്ര നിയമങ്ങളും ജമ്മു കശ്മീരില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഇവിടെ വര്‍ഷങ്ങളായി സംവരണത്തിന്റെ ആനുകൂല്യം നിഷേധിക്കപ്പെട്ടവര്‍ക്ക് ആ അവകാശങ്ങള്‍ തിരികെ ലഭിച്ചിരിക്കുന്നു. അടുത്ത 25 വര്‍ഷത്തില്‍ ജമ്മുകശ്മീരിന്റെ മുഖഛായ തന്നെ മാറുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
3100 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ബനിഹാല്‍ ഖാസിഗുണ്ട് ടണല്‍ പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു. 8.45 കിലോമീറ്റര്‍ നീളത്തില്‍ ബനിഹാലിനും ഖാസിഗുണ്ടിനും ഇടയിലുള്ള ദൂരം 16 കിലോമീറ്റര്‍ കുറയ്ക്കുകയും യാത്രാസമയം ഒന്നര മണിക്കൂര്‍ കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ തുരങ്കപാത.
7500 കോടിയിലധികം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ദല്‍ഹി- അമൃത്സര്‍- കത്ര എക്സ്പ്രസ്വേയ്ക്ക് തുടക്കമിട്ടു. കിഷ്ത്വാര്‍ ജില്ലയിലെ ചെനാബ് നദിയില്‍ നിര്‍മിക്കുന്ന 850 മെഗാവാട്ട് റാറ്റില്‍ ജലവൈദ്യുത പദ്ധതിക്കും 540 മെഗാവാട്ട് ക്വാര് ജലവൈദ്യുത പദ്ധതിക്കും പ്രധാനമന്ത്രി തറക്കല്ലിട്ടു. ഏകദേശം 5300 കോടി രൂപ ചെലവിലുള്ളതാണ് ജലവൈദ്യുത പദ്ധതി. ഈ മേഖലയിലെ ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റുന്നതിന് രണ്ട് പദ്ധതികളും സഹായിക്കും. കാര്‍ബണ്‍ ന്യൂട്രല്‍ ആകുന്ന രാജ്യത്തെ ആദ്യത്തെ പഞ്ചായത്തായി മാറുന്ന പള്ളിയില്‍ 500 കിലോവാട്ട് സൗരോര്‍ജ്ജ പ്ലാന്റും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ജമ്മു കശ്മീരിലെ ജന്‍ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതല്‍ വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്നതിനുമായി 108 കേന്ദ്രങ്ങളും ഉദ്ഘാടനം ചെയ്തു. ജലാശയങ്ങളുടെ പുനരുജ്ജീവനം ഉറപ്പാക്കുകയെന്ന വീക്ഷണത്തോടെ അമൃത് സരോവര്‍ എന്ന പുതിയ സംരംഭത്തിനും തുടക്കമിട്ടു. രാജ്യത്തെ ഓരോ ജില്ലയിലും 75 ജലാശയങ്ങള്‍ വികസിപ്പിക്കാനും പുനരുജ്ജീവിപ്പിക്കാനും ലക്ഷ്യമിടുന്നതാണ് ഇത്.
ഇതോടൊപ്പം ദേശീയ പഞ്ചായത്ത് രാജ് ദിനമായ ഇന്ന് സാംബ ജില്ലയിലെ പല്ലി പഞ്ചായത്തില്‍ എത്തിയ മോദി ജമ്മു കശ്മീരിലെ പഞ്ചായത്ത് പ്രതിനിധികളുമായി ആശയവിനിമയം നടത്തി. പല്ലിയെ പഞ്ചായത്തില്‍ സ്ഥാപിച്ച സോളാര്‍ പവര്‍ പ്ലാന്റിനെക്കുറിച്ച് അവിടുത്തെ പ്രതിനിധികള്‍ മോദിയോട് വിശദീകരിച്ചു. കാര്‍ഷിക മേഖലയിലെ ഇതിന്റെ പ്രാധാന്യത്തെ കുറിച്ചും. എല്‍ഇഡി ബള്‍ബുകളുടെയും സോളാര്‍ കുക്കറിന്റേയും ഉപയോഗത്തെക്കുറിച്ചും പ്രകൃതി കൃഷിയുടെ പ്രാധാന്യത്തെ കുറിച്ചും പ്രധാനമന്ത്രി വിശദീകരിച്ചു.
ഗ്രാമപഞ്ചായത്തുകളുടെ സ്ഥാപക ദിനം ആഘോഷിക്കുന്നതിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ മോദി ഓരോ വര്‍ഷവും ഇത്തരം ആഘോഷങ്ങളില്‍ ഗ്രാമത്തിലെ എല്ലാ ആളുകളും പങ്കുചേരണമെന്നും ആവശ്യപ്പെട്ടു. പഞ്ചായത്ത് അടിസ്ഥാനത്തില്‍ അടുത്ത വര്‍ഷം പൂര്‍ത്തീകരിക്കേണ്ടതും ആരംഭിക്കേണ്ടതുമായ എല്ലാ ജോലികളും എന്താണെന്ന് ഇതില്‍ തീരുമാനമെടുക്കാന്‍ സാധിക്കും. ജനപ്രതിനിധികള്‍ ഇത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: