കൊച്ചി : അന്തരിച്ച മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്ത് ജോണ്‍പോളിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സാംസ്കരിക കേരളം. രാവിലെ 8 മണിയോടെ കൊച്ചി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ സിനിമാ, സാഹിത്യ, സാംസ്കാരിക രംഗത്തെ നിരവധി പേര് അന്തിമോപചാരം അര്‍പ്പിച്ചു.
ഇന്നസെന്റ്, ഇടവേള ബാബു, ബി. ഉണ്ണികൃഷ്ണന്, രഞ്ജി പണിക്കര്‍, ബെന്നി ബെഹന്നാന് എംപി, സിബി മലയില്‍, വിനോദ് കുമാര്‍ എംല്‍എ, കെ.എസ്. പ്രസാദ്, സംവിധായകന് സിദ്ദിഖ്, ഹൈബി ഈഡന്, വിനയന്, ജനാര്ദ്ദനന്, സത്യന് അന്തിക്കാട്, മന്ത്രി പി. രാജീവ്, കളക്ടര്‍ ജാഫര്‍ മാലിക്ക്, മുകേഷ്, കമല്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്, സെബാസ്റ്റ്യന്‍ പോള്‍, ലാല്‍ ജോസ്, സംഗീത സംവിധായകന് ഔസേപ്പച്ചന്, ബിജു നാരായണന്, സുധീപ് കുമാര്‍ തുടങ്ങി ആയിരങ്ങളാണ് പ്രീയപ്പെട്ട തിരക്കഥാകൃത്തിനെ അവസാനമായി കാണാനെത്തിയത്.
ചാവറ കള്‍ച്ചറല്‍ സെന്ററിലും മരടിലെ വീട്ടിലും ഇന്ന് പൊതുദര്‍ശനത്തിന് ശേഷം 3 മണിയോടെ കൊച്ചി എളംകുളത്തെ സെന്റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് സംസ്കാരം. പൂര്‍ണ്ണമായ ഔദ്യോഗിക ബഹുമതികളോടെയാകും കേരളം വിടനല്കുക.
ശനിയാഴ്ച ഉച്ചയോടെയാണ് തിരക്കഥാകൃത്ത് ജോണ്‍ പോള്‍ അന്തരിച്ചത്. 72 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. രണ്ട് മാസത്തോളമായി വിവിധ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. ശ്വാസ തടസ്സവും രക്തത്തില്‍ ഓക്സിജന്റെ അളവ് കുറഞ്ഞതും ജോണ്‍ പോളിനെ അവശ നിലയിലാക്കിയിരുന്നു. ക്രിട്ടിക്കല്‍ കെയര്‍ ടീമിന്റെ ചികിത്സ വേണ്ടി വന്നതോടെ ഒരു മാസം മുമ്പാണ് ആദ്യം ചികിത്സിച്ച ആശുപത്രിയില്‍ നിന്ന് മാറ്റിയത്. നില ഗുരുതരമായതോടെ പരിചരണത്തിന് പ്രത്യേക മെഡിക്കല്‍ സംഘത്തെയും നിയോഗിച്ചിരുന്നു.
കാനറ ബാങ്കില്‍ ജീവനക്കാരനായിരുന്ന ജോണ്‍ പോള്‍ പിന്നീട് ജോലി രാജിവച്ചാണ് തിരക്കഥാ രചനയിലേക്ക് എത്തിയത്. കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലില്‍ ഇത്തിരിനേരം, ഈറന്‍ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി തുടങ്ങിയ മനോഹരചിത്രങ്ങള്‍ ജോണ്‍പോളിന്റെ തൂലികയില്‍ വിരിഞ്ഞവയാണ്. കമല്‍ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടല്‍ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവില്‍ എഴുതിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: