ഷാജന് സി. മാത്യു
ആര്‍ക്കും ഫോണ്‍ വിളിക്കാമായിരുന്നു ജോണ്‍ പോളിനെ. എടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ തിരിച്ചു വിളിക്കും. അതുകൊണ്ടുതന്നെ വര്‍ഷം 15 തിരക്കഥ എഴുതിയ കാലത്തുപോലും അദ്ദേഹം വിദ്യാര്‍ഥികള്‍ക്കുവരെ പ്രാപ്യനായി. നൂറോളം തിരക്കഥകളെഴുതിയ മലയാള സിനിമയിലെ ഈ പെരുന്തച്ചനെ വലിപ്പച്ചെറുപ്പമില്ലാതെ ആര്‍ക്കും സന്ദര്‍ശിക്കാമായിരുന്നു. അതിഥി മടുക്കുവോളമാണ് സംസാരം. ആ വീട് മിക്കപ്പോഴും മലയാള സിനിമയിലെ ഇളമുറക്കാരുടെ പാഠശാലയും ഗവേഷകരുടെ സംശയനിവാരണകേന്ദ്രവും കൂടി ആയിരുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളും ടെലിവിഷന്‍ പംക്തിയുമൊക്കെ മലയാള സിനിമയുടെ, ഒരുവേള ലോകസിനിമയുടെ ചരിത്രാലേഖനം കൂടിയായിരുന്നു.
പക്ഷേ, എന്നും മനുഷ്യനായിരുന്നു ജോണ്‍ പോളിന്റെ വിഷയം. എസ്.എല്‍. പുരത്തിന്റെയും എംടിയുടെയും തലമുറ ഫോക്കസ് ചെയ്തിരുന്ന സാഹിത്യലോകത്തുനിന്നു മലയാള തിരക്കഥയെ മനുഷ്യനിലേക്ക് ആനയിച്ചതു ജോണ്‍ പോളാണ്. തികച്ചും സാധാരണക്കാരക്കാരായിരുന്നു ജോണ്‍ പോളിന്റെ നായകര്‍, ‘അതിരാത്രം’ ഒഴികെ. കാതോടു കാതോരം, യാത്ര, ഉണ്ണികളേ ഒരു കഥ പറയാം, പാളങ്ങള്‍, ഓര്‍മയ്ക്കായ്, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, കാറ്റത്തെ കിളിക്കൂട്, മാളൂട്ടി, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, വിട പറയും മുന്‍പേ… തുടങ്ങി വെറും സാധാരണക്കാരുടെ നൊമ്പരവും പ്രണയവും പ്രതീക്ഷയുമെല്ലാം മലയാള സിനിമ അതിഭാവുകത്വമില്ലാതെ ആഘോഷിച്ചു. സിനിമാ സംഭാഷണം സാധാരണ സംസാരഭാഷയിലേക്കു മാറിയതും ജോണ്‍ പോളിലൂടെയാണ്. പില്ക്കാലത്ത് ലോഹിതദാസ് മണ്ണില്‍ ചവിട്ടി നില്ക്കുന്ന നായകരെ നട്ടത് ജോണ്‍ പോള്‍ ഒരുക്കിയ നിലത്താണ്.
മനുഷ്യനിലുള്ള വിശ്വാസം തിരക്കഥകളില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗംതന്നെ ആയിരുന്നു. പന്ത്രണ്ട് വര്‍ഷം മുന്‍പുള്ള ഒരു സംഭവം ഇങ്ങനെ: കടത്തില്‍ മുങ്ങി ജപ്തി ചെയ്യപ്പെടുമെന്ന ഘട്ടത്തില്‍ അദ്ദേഹം തന്റെ വീട് വില്ക്കാന് തീരുമാനിച്ചു. പത്രപ്രവര്‍ത്തകനായ ബോബി തോമസുമായി കരാര്‍ എഴുതി. ആധാരത്തിന്റെ ദിവസം ആകാറായപ്പോള്‍ ബോബിയുടെ പക്കല്‍ പണം തികയുന്നില്ല. രണ്ടരലക്ഷം കുറവ്. ബോബി, ജോണ്‍ പോളിനെ വിളിച്ചു സാവകാശം ചോദിച്ചു. ജോണ്‍ പോളിന്റെ മറുപടി ഇങ്ങനെ ആയിരുന്നു. ‘ആധാരം നിശ്ചയിച്ച ദിവസം നടക്കട്ടെ. ബോബി പണം സൗകര്യം പോലെ തന്നാല്‍ മതി.’ അത്ര വിശ്വാസമായിരുന്നു ജോണ്‍ പോളിനു മനുഷ്യരില്‍. ഒരു ഈടും വാങ്ങാതെ ജോണ്‍ പോള്‍ വീട് ബോബിക്ക് എഴുതിക്കൊടുത്തു. അപരിചിതനായ ബോബി വാക്ക് പാലിച്ചെങ്കിലും ജോണ്‍ പോളിന്റെ ചില സുഹൃത്തുക്കള്‍ ആ വിശ്വാസം അദ്ദേഹത്തിനു തിരികെ കൊടുത്തില്ല. മനുഷ്യസ്നേഹത്തില്‍ പറ്റിയ ചതി മൂലമാണ് നൂറോളം തിരക്കഥ എഴുതിയ മനുഷ്യന്, തന്റെ ജീവിത സായാഹ്നത്തില്‍ വാടകവീട്ടില്‍ കഴിയേണ്ടി വന്നത്, ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിങ് വേണ്ടി വന്നത്. പലരും പ്രചരിപ്പിക്കുന്നതുപോലെ അദ്ദേഹത്തോടു മലയാള സിനിമാവ്യവസായം അനീതി കാണിച്ചിട്ടല്ല.
പരിഭവങ്ങളൊന്നും അദ്ദേഹം പുറമേ കാണിച്ചില്ല. ചതിച്ച സുഹൃത്തുക്കളോടുപോലും ചിരിച്ചുകൊണ്ടേ സംസാരിച്ചുള്ളൂ. തന്റെ ജീവിത പരിസരങ്ങളില്‍ സുഗന്ധം പരത്തണമെന്നും അദ്ദേഹത്തിനു നിര്‍ബന്ധമായിരുന്നു. മലയാള സിനിമയിലെ വലിയ സുഹൃത്തുക്കളായിരുന്ന സംഗീതസംവിധായകന് ദേവരാജനും ഗാനരചയിതാവ് ഒഎന്‍വിയും തമ്മില്‍ പിണങ്ങിയപ്പോള്‍, വിദ്വേഷം വര്‍ധിപ്പിക്കുക എന്ന നടപ്പു സിനിമാ രീതിയില്‍നിന്നു വ്യത്യസ്തമായി അവരെ കൂട്ടിയിണക്കാനായി ‘ഗൂഢാലോചന’ ചെയ്തതു ജോണ്‍ പോളാണ്. ‘നീയെത്ര ധന്യ’ എന്ന സിനിമയുടെ തിരക്കഥ എഴുതിയ കാലത്താണ് അദ്ദേഹം അതു സാധിച്ചെടുത്തത്.
അക്കഥ ഇങ്ങനെ:
ഈ സിനിമയിലെ ഗാനങ്ങള്‍ ഒഎന്‍വി-ദേവരാജന്‍ ടീം കൈകാര്യം ചെയ്യണമെന്നു ജോണ്‍ പോള്‍ നിര്‍ദേശിച്ചു. ‘രണ്ടാളും വലിയ പിണക്കത്തിലല്ലേ, എങ്ങനെ സാധ്യമാവും’ എന്ന സന്ദേഹമാണ് നിര്‍മാതാവ് എംഡി ജോര്‍ജും സംവിധായകന് ജേസിയും പങ്കുവച്ചത്. താനൊന്നു ശ്രമിച്ചുനോക്കാമെന്നായി ജോണ്‍ പോള്‍. ജോണിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഒഎന്‍വി പറഞ്ഞു. ‘ഞാനാണ് എഴുതുന്നതെന്ന് ദേവരാജനോട് പറയണം. സമ്മതമാണെങ്കില്‍ എഴുതാം.’ ജോണിനു ദേവരാജന്‍ നല്കിയതും സമാനനിര്‍ദേശം. ‘ഞാനാണു സംഗീതം എന്ന് ഒഎന്‍വിയോടു പറയൂ. എന്നിട്ടും എഴുതാമെന്നു പറഞ്ഞെങ്കില്‍ ഞാന്‍ ചെയ്യാം’
എറണാകുളം പരമാര റോഡിലെ എലൈറ്റ് ടൂറിസ്റ്റ് ഹോമിലായിരുന്ന കമ്പോസിങ്. ഒഎന്‍വി തലേന്ന് വന്നു പാട്ടെഴുതാന്‍ തുടങ്ങി. രാവിലെ ജോണ്‍ പോള്‍ എത്തിയപ്പോള്‍ ആകെ അസ്വസ്ഥനായിരുന്നു ഒഎന്‍വി.
‘എന്തുപറ്റി കുറുപ്പുസാറേ?’
‘നാലു പാട്ടില്‍ മൂന്നും കഴിഞ്ഞു. നാലാമത്തേതു ശരിയാവുന്നില്ല.’
‘അതു സാരമില്ല. നമുക്ക് ഉള്ളതു വച്ചു തുടങ്ങാമല്ലോ?’
‘തനിക്കു ദേവരാജനെ അറിയാഞ്ഞിട്ടാണ്. അയാള്‍ക്ക് എല്ലാ പാട്ടും ഒന്നിച്ചു കിട്ടണം. അതു മതി ഒരു പ്രശ്നം ഉണ്ടാകാന്‍.’
‘അതു കുഴപ്പമുണ്ടാവില്ല. സാറ് വിശ്രമിച്ചോളൂ’
ഉച്ചയായപ്പോള്‍ ദേവരാജന്‍ എത്തി. ഒഎന്‍വിയെ ജോണ്‍ പോള്‍ ദേവരാജന്റെ മുറിയിലേക്ക് ആനയിച്ചു. വര്‍ഷങ്ങളായി പരസ്പരം കാണാതെ കഴിഞ്ഞ ഉറ്റചങ്ങാതിമാരുടെ സംഗമം. ആര് എവിടെ എങ്ങനെ തുടങ്ങും.
‘രാജീവ് (ഒഎന്‍വിയുടെ മകന്) ഇപ്പോള്‍ എന്തെടുക്കുന്നു?’ ദേവരാജന്‍ മഞ്ഞുരുക്കി. ഒഎന്‍വി അതില്‍ വീണു. ഒഎന്‍വി പാട്ടുകള്‍ ദേവരാജന്റെ കയ്യിലേക്കു കൊടുത്തു. നാലെണ്ണവും ഉണ്ട്. അവസാനം എഴുതിയതാണ് ഏറ്റവും മുകളില്‍ വച്ചിരുന്നത്. ദേവരാജന്‍ മുകളിലിരുന്നതു തന്നെ ആദ്യമെടുത്തു. അതു മനസ്സിരുത്തി വായിച്ചശേഷം പതിയെ പാടി. ഇന്നു നാം കേള്‍ക്കുന്ന അതേ ഈണം.
‘അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതേ നിനച്ചുപോയി’
വര്‍ഷങ്ങള്‍ കഴിഞ്ഞു. ഒഎന്‍വിയുടെയും ദേവരാജന്റെയും പിണക്കം മാറ്റിയ കഥ ജോണ്‍ പോള്‍ ഒരു പ്രസിദ്ധീകരണത്തില്‍ എഴുതി. അന്ന് ഒഎന്‍വിയുടെ ഫോണ്‍കോള്‍ ജോണ്‍ പോളിനെ തേടിയെത്തി. ‘ജോണ്‍, പാട്ടിലെ ആ നീ’ ആരാണെന്നോ? അതു ദേവരാജനാണ്. അവന് അടുത്തുണ്ടായിരുന്നെങ്കില്‍ എന്ന ചിന്തയായിരുന്നു തലേന്നു രാത്രി മുഴുവന്‍ എനിക്ക്. നന്ദി ജോണ്‍, എന്റെ ആത്മസുഹൃത്തിനെ എനിക്കു തിരിച്ചു തന്നതിന.്’
ഒഎന്‍വി മാത്രമല്ല, മലയാളികള്‍ ഒന്നടങ്കം പറയുന്നു, നന്ദി ജോണ്‍, ആ വലിയ ശരീരത്തിലെ മനുഷ്യസ്നേഹിയായ വലിയ മനസ്സിന്. നിങ്ങള്‍ പറഞ്ഞ കഥകളും നിങ്ങളുടെ ജീവിതവും കഷ്ടരാത്രികളിലെ ശുഭ്രനക്ഷത്രങ്ങളായി കാലങ്ങളോളം പരിലസിക്കും. ചുരുക്കമാണ് നിങ്ങളെപ്പോലുള്ളവര്‍!
പ്രതികരിക്കാൻ ഇവിടെ എഴുതുക: