തൃശ്ശൂര്‍: സര്‍ക്കാരിന്റെ സമാന്തര എക്സിബിഷന് പിന്നാലെ പൂരം പ്രദര്‍ശനത്തെ തകര്‍ക്കാന്‍ നികുതി വകുപ്പിന്റെ ഇടപെലും.പൂരം പ്രദര്‍ശന നഗരിയില്‍ ജിഎസ്ടി വിഭാഗത്തിന്റെ മിന്നല്‍ പരിശോധന പതിവാകുന്നു. പ്രദര്‍ശന നഗരിയിലെ സ്റ്റാളുകളില്‍ കയറിയുള്ള ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ കടുത്ത പ്രതിഷേധത്തിലാണ് ദേവസ്വങ്ങള്‍. പ്രദര്‍ശനം ആരംഭിച്ചപ്പോള്‍ മുതല്‍ തുടര്‍ച്ചയായുള്ള പരിശോധനയില്‍ വ്യാപാരികളും അമര്‍ഷത്തിലാണ്. പ്രദര്‍ശന നഗരിയില്‍ ജിഎസ്ടി വിഭാഗമെത്തി തുടര്‍ച്ചയായി പരിശോധന നടത്തുന്നതില്‍ പ്രതിഷേധിച്ച് പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ പൂരത്തിന് മുന്നോടിയായുള്ള ഉന്നതതല പോലീസ് ആലോചന യോഗം ബഹിഷ്ക്കരിച്ചു. ദേവസ്വങ്ങള്‍ അടിയന്തര യോഗം ചേര്‍ന്നാണ് ബഹിഷ്കരണ തീരുമാനമെടുത്തത്.
പ്രദര്‍ശന നഗരിയില്‍ വ്യാഴാഴ്ചയും ജിഎസ്ടി വിഭാഗം പരിശോധനക്ക് എത്തിയിരുന്നു പ്രദര്‍ശന സ്റ്റാളുകളില്‍ കയറി വിവരങ്ങള്‍ ശേഖരിച്ച ഉദ്യോഗസ്ഥര്‍ സംഘാടകരും പി.ബാലചന്ദ്രന് എംഎല്‍എയുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. പൂരം പ്രദര്‍ശന നഗരിയിലെ കച്ചവടക്കാര്‍ക്ക് ജിഎസ്ടിയുടെ പേരില്‍ വന്‍ പിഴ ചുമത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് ദേവസ്വങ്ങള്‍ വ്യക്തമാക്കി. പ്രദര്‍ശനത്തിലെ ലാഭംകൊണ്ടാണ് പൂരം നടത്തുന്നത്. ഈ സമയത്തുള്ള ജിഎസ്ടി ഉദ്യോഗസ്ഥരുടെ വേട്ടയാടല്‍ അംഗീകരിക്കാനാകില്ല. പൂരം നടത്തേണ്ടത് തങ്ങളുടെ മാത്രം ബാധ്യതയല്ലെന്നും ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി. പോലീസുമായുള്ള ഉന്നതതല യോഗം അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കാന്‍ ദേവസ്വങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യോഗം അടുത്ത ദിവസം നടക്കുമെന്നും കമ്മീഷണര്‍ ആര്.ആദിത്യ അറിയിച്ചു.
ബാരിക്കേഡും പോലീസും ദേവസ്വത്തിന്റെ ചെലവില്‍ വേണമെന്ന്
ജില്ലാ ഭരണകൂടം രണ്ടു ദിവസമായി സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്ന് ദേവസ്വങ്ങള്‍ വിമര്‍ശിക്കുന്നു. പൂരത്തിന് സ്വരാജ് റൗണ്ടില്‍ ബാരിക്കേഡ് ആര് കെട്ടുമെന്നതിനെ കുറിച്ച് കളക്ടര്‍ ഹരിതാ വി.കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ തര്‍ക്കമുണ്ടായത് ഇതിനാലാണെന്നാണ്് ദേവസ്വം ഭാരവാഹികള്‍ പറയുന്നത്.
ബാരിക്കേഡ് മാത്രമല്ല വടക്കുന്നാഥക്ഷേത്രത്തിലേക്കുള്ള റാമ്പ്, പോലീസ് കണ്ട്രോള് റൂം, വിഐപി. ഗാലറി, പോലീസിന്റെ ഭക്ഷണം എന്നിവയെല്ലാം യോഗത്തില്‍ തര്‍ക്ക വിഷയമായി. ഇതെല്ലാം ദേവസ്വങ്ങളുടെ ചുമതലയാണെന്ന നിലപാടിലായിരുന്നു ജില്ലാഭരണകൂടം. ബാരിക്കേഡുകള്‍ നിര്‍മിക്കേണ്ട ബാധ്യത കഴിഞ്ഞ കാലങ്ങളില്‍ പി.ഡബ്ല്യൂഡി ആണ് നിര്‍വഹിച്ചിരുന്നത്. ഇത്തവണ ദേവസ്വം വഹിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിലപാട്. കൊവിഡിനെ തുടര്‍ന്ന് അടച്ചിടലിന് ശേഷം തുറന്ന ക്ഷേത്രങ്ങളില്‍ വരുമാനമായിട്ടില്ലെന്ന പ്രയാസമറിയിച്ചെങ്കിലും നിഷേധാത്മ നിലാപാടാണ് ജില്ലാഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായത്. വരുമാനമില്ലെന്ന ബുദ്ധിമുട്ട് അറിയിച്ചപ്പോള്‍ എന്നാല്‍ പൂരം വേണ്ടെന്ന നിലപാട് വരെ ജില്ലാഭരണകൂടം സ്വീകരിച്ചതായി ദേവസ്വം ഭാരവാഹികള്‍ പറയുന്നു.
ഇങ്ങനെ അവഗണന സഹിച്ചുകൊണ്ട് ഇപ്പോഴത്തെ സാഹചര്യത്തില്‍ മുന്നോട്ടു പോകാനാകില്ല. സര്‍ക്കാര്‍ സ്വീകരിച്ച ക്രിയാത്മക നിലപാട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. സ്ഥലം എംഎല്‍എ പി.ബാലചന്ദ്രനെ പൂരവുമായി ബന്ധപ്പെട്ട യോഗത്തിന് ജില്ലാഭരണകൂടം വിളിച്ചിട്ടില്ലെന്ന് ദേവസ്വങ്ങള്‍ ചൂണ്ടിക്കാട്ടി.
ദേവസ്വങ്ങള്‍ക്ക് അധിക ബാധ്യത അടിച്ചേല്‍പ്പിക്കരുതെന്ന് പൂരപ്രേമി സംഘം
പൂരത്തിന്റെ ഭാഗമായി പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളുടെ മേല്‍ അധിക ബാധ്യത വരുത്തുന്ന രീതി ആശാസ്യമല്ലെന്ന് പൂരപ്രേമി സംഘം. കൊവിഡിന്റെ പശ്ച്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി പൂരം പ്രദര്‍ശനത്തില്‍ ദേവസ്വങ്ങള്‍ക്ക് കോടികളുടെ നഷ്ടമാണ് വന്നിട്ടുള്ളത്. രണ്ട് വര്‍ഷത്തിനു ശേഷം പൂര്‍ണ്ണ തോതില്‍ നടക്കുന്ന തൃശ്ശൂര്‍ പൂരം നടത്തിപ്പിന് കൂടുതല്‍ സാമ്പത്തിക ബാധ്യത ദേവസ്വങ്ങള്‍ക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഉദ്യോഗസ്ഥ മാഫിയയെ സര്‍ക്കാര്‍ കടിഞ്ഞാണിടണം. പൂരം എങ്ങിനെ ജനസൗഹൃദമായി നടത്താമെന്നതിന് പകരം പൂരം നടത്തിപ്പുകാരെ എങ്ങിനെ ബുദ്ധിമുട്ടിക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നത്. ഇതിനെതിരെ സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും ജനപ്രതിനിധികളും ഇടപെടണമെന്ന് പൂരപ്രേമി സംഘം പ്രത്യേക യോഗം ആവശ്യപ്പെട്ടു. പൂരം നടത്തിപ്പിന് പൂരപ്രേമി സംഘത്തിന്റെ എല്ലാ സഹായങ്ങളും ദേവസ്വങ്ങള്‍ക്ക് നല്‍കും. പൂരപ്രേമി സംഘം രക്ഷാധികാരി നന്ദന് വാകയില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ബൈജു താഴേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിനോദ് കണ്ടംകാവില്‍, സെക്രട്ടറി അനില്‍കുമാര്‍ മോച്ചാട്ടില്‍, ട്രഷറര്‍ പി.വി അരുണ്‍, സജേഷ് കുന്നമ്പത്ത് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: