കൊച്ചി: തിരക്കഥാകൃത്ത് ജോൺ പോൾ (72) അന്തരിച്ചു. എറണാകുളം ലിസി ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം രണ്ട് മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു. ചികിത്സയെ തുടർന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സുഹൃത്തുക്കൾ സഹായമഭ്യർത്ഥിച്ച് രംഗത്തെത്തിയിരുന്നു.
1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി. ചാമരം, ഓർമക്കായ്, യാത്ര എന്നീ ചിത്രങ്ങളുടെ തിരക്കഥകളിലൂടെ ജോൺപോൾ മലയാളചലച്ചിത്ര രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടെ (MACTA) സ്ഥാപക സെക്രട്ടറിയായി ജോൺപോൾ.
1950-ൽ ഒക്ടോബർ 29-ന് എറണാകുളത്ത് ഷെവലിയർ പുതുശ്ശേരി വർക്കി പൗലോസിന്റേയും മുളയരിക്കൽ റബേക്കയുടേയും മകനായിട്ടാണ് ജോൺപോൾ പുതുശ്ശേരിയുടെ ജനനം. എറണാകുളം സെന്റ് ആൽബർട്സ് സ്കൂൾ, സെന്റ് അഗസ്റ്റിൻ സ്കൂൾ, പാലക്കാട് ചിറ്റൂർ ഗവണ്മെന്റ് സ്കൂൾ എന്നിവിടങ്ങളിൽ സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ 7 വർഷക്കാലം പ്രീഡിഗ്രി, ഡിഗ്രി, തുടർന്ന് സാമ്പത്തികശാസ്ത്രത്തിൽ മാസ്റ്റർ ബിരുദം എന്നിവ പൂർത്തിയാക്കി. ചലച്ചിത്രരംഗത്ത് സജീവമാവുന്നതിനു മുമ്പ് ഏകദേശം പതിനൊന്ന് വർഷക്കാലം കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നു.
വിദ്യാർത്ഥി കാലഘട്ടം മുതൽ തന്നെ ആനുകാലികങ്ങളിലും മറ്റുമെഴുതിത്തുടങ്ങിയ ജോൺപോൾ മാധ്യമരംഗത്തും പ്രായോഗികപരിശീലനം നേടി. ഗ്രന്ഥശാല, സ്കൗട്ട്, ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു. പഠനകാലത്ത് തന്നെ ചില ഹ്രസ്വ സിനിമകൾക്കും ഡോക്കുമെന്ററികൾക്കും പരസ്യങ്ങൾക്കും വേണ്ടി രചന നിർവ്വഹിച്ചിരുന്നു. ഫോക്കസ് എന്ന പേരിൽ മലയാളത്തിലെ ആദ്യ ലിറ്റിൽ മാഗസിൻ തുടങ്ങുന്നത് ജോൺപോളാണ്.
ഐവി ശശിയുടെ “ഞാൻ, ഞാൻ മാത്രം” എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയിൽ തുടക്കമിടുന്നത്. ഭരതന്റെ ചാമരത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രചനയിലും തുടക്കമിട്ടു. സിനിമയിൽ കഥയും തിരക്കഥയുമായി സജീവമായതോടെ ജോലി ഉപേക്ഷിച്ചു. മലയാളത്തിൽ പ്രമുഖരായ ഭരതൻ, ഐ വി ശശി, മോഹൻ, ഭരത് ഗോപി, പി ജി വിശ്വംഭരൻ, സത്യൻ അന്തിക്കാട് തുടങ്ങി ഒട്ടേറെ സംവിധായകരുടെ സിനിമകൾക്ക് കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചു. 98 ചിത്രങ്ങൾക്ക് രചയിതാവായി സഹവർത്തിച്ചു.
എം ടി വാസുദേവൻ നായർ സംവിധാനം ചെയ്ത ഒരു ചെറുപുഞ്ചിരി എന്ന ചിത്രം നിർമ്മിച്ചു, അതിന് ദേശീയ-സംസ്ഥാന അവാർഡുകളും കരസ്ഥമാക്കിയിരുന്നു. 2014-ൽ ഗ്യാങ്സ്റ്റർ, 2017-ൽ സൈറാബാനു എന്നീ സിനിമകളിൽ അഭിനേതാവായും രംഗത്തെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: