കൊച്ചി : എറണാകുളം നഗരത്തിലെ വെള്ളക്കെട്ടില്‍ വീണ് വീട്ടമ്മയുടെ രണ്ട് കാലുകളും ഒടിഞ്ഞു. കൊച്ചി മുളവുകാട് സ്വദേശി പ്രമീള പ്രകാശന്റെ കാലുകളാണ് ഒടിഞ്ഞത്. പെട്ടിക്കടയില്‍ നിന്ന് വെള്ളം കുടിച്ചശേഷം തിരിയുന്നതിനിടെ അവര്‍ വെള്ളം കെട്ടിക്കിടക്കുന്ന കുഴിയിലേക്ക് വീഴുകയായിരുന്നു.
വീഴ്ചയില്‍ ഇവരുടെ രണ്ട് കണങ്കാലുകളും ഒടിഞ്ഞു. രണ്ട് മാസത്തെ വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതോടെ തയ്യല്‍ക്കാരിയായ പ്രമീള ജോലിക്ക് പോകാനാകാതെ ദുരിതത്തിലായിരിക്കുകയാണ്. ശക്തമായ മഴയില്‍ കൊച്ചി നഗരം വെള്ളത്തിലാകും.
റോഡിലെ കുഴിയും വെള്ളക്കെട്ടും പരിഹരിക്കുന്നതിന് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ല. കോര്‍പ്പറേഷന്റെ ഭാഗത്തു നിന്ന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും പ്രമീള കുറ്റപ്പെടുത്തി.
റോഡില്‍ നിന്നും ഓടയിലേക്ക് പോകുന്നതിനുള്ള കുഴിയിലാണ് പ്രമീള വിണത്. ഇത്തരത്തില്‍ നിരവധി കുഴികള്‍ റോഡിലുണ്ട്. ഈ ഭാഗത്ത് അപകടങ്ങള്‍ സ്ഥിരമാണെന്നും നാട്ടുകാര്‍ ആരോപിച്ചു. കൊച്ചിയിലെ വെളളക്കെട്ടിനെതിരെ ഹൈക്കോടതി നേരത്തെ ഇടപെടുകയും കോര്‍പ്പറേഷനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പ്രശ്നം പരിഹരിക്കാന്‍ നഗരസഭയ്ക്ക് കഴിയില്ലെങ്കില്‍ ജില്ലാ കളക്ടര്‍ക്ക് ഇടപെടാമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു.
സംഭവം വിവാദമായതോടെ അധികാരികളുടെ ഭാഗത്താണ് തെറ്റെങ്കില്‍ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ അനില്‍ കുമാര്‍ വിഷയത്തില്‍ പ്രതികരിച്ചു. റോഡിലെ കുഴിയില്‍ വീണ് വീട്ടമ്മയ്ക്ക് അപകടം പറ്റിയത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. സ്മാര്‍ട് സിറ്റി അധികൃതര്‍ ഏറ്റെടുത്ത് നിര്‍മിച്ചതാണ് അവര്‍ അപകടത്തില്‍ പെട്ട പിഡബ്ല്യൂഡി റോഡ്. അപകടകരമായ കുഴിയാണോയെന്ന് പരിശോധിക്കാന്‍ അധികാരികളോട് ആവശ്യപ്പെടും. വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടി സ്വീകരിക്കുമെന്നും മേയര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: