കോഴിക്കോട്: പാലക്കാട് ഡിവിഷണല്‍ അധികൃതര്‍, കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെ ലോക്കോ പൈലറ്റ് ഡിപ്പോ നിര്‍ത്താന്‍ വഴിയൊരുക്കുന്നതായി ആരോപണം. ഇതിനെതിരേ ജീവനക്കാരുടെ യൂണിയനുകള്‍ പ്രചാരണം തുടങ്ങി. ലോക്കോ പൈലറ്റുമാര്‍ക്ക് ഹാജരും ഡ്യൂട്ടിയും രേഖപ്പെടുത്താനുള്ള പ്രത്യേക കേന്ദ്രമാണ് ഡിപ്പോ.
മലബാര്‍ മേഖലയിലെ ജീവനക്കാര്‍ക്കായി ആകെയുള്ള കേന്ദ്രമാണിത്. ഇത് ഇല്ലാതാക്കുന്നതിന്റെ ആദ്യപടിയായി ജീവനക്കാരെ കുറയ്ക്കുന്നെന്നാണ് ഓള് ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷന് ഭാരവാഹികള്‍ പറയുന്നത്.
ഏകദേശം 140 ലോക്കോ പൈലറ്റുമാര്‍ ഇതിന് കീഴിലുണ്ട്. നിലവില്‍ വിവിധ ഡിപ്പോകളില്‍ നിന്ന് മുപ്പതോളം ലോക്കോ പൈലറ്റുമാര്‍ കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം കാത്ത് നില്‍ക്കുന്നുമുണ്ട്. ഇതിനിടയിലാണ് ഏഴ് പോസ്റ്റുകള്‍ ഷൊര്‍ണൂരിലേക്ക് മാറ്റിയത്. മാത്രമല്ല ഈ പോസ്റ്റിലേക്ക് കോഴിക്കോട്ട് നിന്ന് ജീവനക്കാരെ മാറ്റാന്‍ ഉത്തരവിറക്കുകയും ചെയ്തു. സൗത്ത് സോണിലെ പ്രിന്‍സിപ്പല്‍ ചീഫ് ഓപ്പറേഷന് മാനേജരുടെ ഉത്തരവ് മറികടന്നാണ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്നും ആക്ഷേപമുണ്ട്.
കോഴിക്കോട്ടെ 40 ഗുഡ്സ് ലോക്കോ പൈലറ്റുമാരുടെ എണ്ണം 23 ആക്കി. ലോക്കോ സൂപ്പര്‍വൈസര്‍മാരുടെ ഒഴിവുകള്‍ നികത്തുന്നില്ല. മലബാറിലെ റെയില്‍ വികസനത്തിന് പ്രതികൂലമാകും ഈ നടപടികളെന്നാണ് വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: