പത്ത് ഇന്നോവ കാറുകള്‍ വാങ്ങാന്‍ പോകുന്നു. മന്ത്രിമാര്‍ ഉപയോഗിക്കുന്ന കാറുകള്‍ പഴഞ്ചനായെന്ന വിലയിരുത്തലിനെത്തുടര്‍ന്നാണിത്. മുഖ്യമന്ത്രിക്കായി ഒരു കറുത്ത ഇന്നോവ വാങ്ങിക്കഴിഞ്ഞു. ഒരു ഇന്നോവ വാങ്ങുന്ന കാശ് അമേരിക്കന്‍ യാത്രയ്ക്ക് ചെലവാക്കി. ഇനി ഒരു അമേരിക്കന്‍ യാത്ര കൂടി വരാന്‍ പോകുന്നു. അതിനെത്രയാകും. എത്ര ചെലവായാലും പോകുന്നത് അമേരിക്കയിലേക്കായാലും രോഗം മാറിക്കിട്ടിയാല്‍ മതിയായിരുന്നു. ആരോഗ്യമല്ലെ മുഖ്യം. അത് മുഖ്യമന്ത്രിയുടേതാകുമ്പോള് പറയാനുമില്ലല്ലോ.
നാട്ടിലുള്ള പെണ്ണുങ്ങള്‍ക്കെല്ലാം വിലാസിനി ചേച്ചി ഒരു അത്ഭുതമാണ്. വിലാസിനി ചേച്ചിക്കും സുധാകരന് ചേട്ടനും നാല് പെണ്മക്കളാണ്. സുധാകരന് ചേട്ടന് പാറ പൊട്ടിക്കലാണ് പണി. മറ്റ് വരുമാനം എന്നു പറയാന്‍ നാല് സെന്റില്‍ നട്ടുവളര്‍ത്തുന്ന മുളകും ചീരയുമൊക്കെയും. നാലാം ക്ലാസ് മാത്രം പഠിച്ച വിലാസിനി ചേച്ചി നാലു പെണ്മക്കള്ക്കും നല്ല വിദ്യാഭ്യാസം നല്കി. അവരെയൊക്കെ അന്തസായി കല്യാണം കഴിപ്പിച്ചയച്ചു. നാല് പെണ്മക്കളുടെയും പ്രസവവും അവരുടെ വീട് പാലുകാച്ചിനുമൊക്കെ ഒരു കുറവും വരുത്തിയിട്ടില്ല. ഒരു രൂപപോലും കടം വാങ്ങാതെ എങ്ങനെയാണ് ഒറ്റ വരുമാനത്തില്‍ ഇതൊക്കെ ചെയ്തതെന്ന് ചോദിച്ചാല്‍ വിലാസിനി ചേച്ചിയുടെ ചുണ്ടില്‍ ഒരു ചിരി വിരിയും. നമ്മുടെ ധനമന്ത്രി ഐസക്കിന്റെ മുഖത്ത് വിരിയുന്ന കിഫ്ബി ചിരിയല്ല.
വരവ് അനുസരിച്ച് ചെലവാക്കിയതും വീട്ടിനുള്ളിലെ ആഭ്യന്തര വരുമാനം വര്‍ധിപ്പിച്ചുമുള്ള നാലാം ക്ലാസ്സുകാരി വിലാസിനി ചേച്ചിയുടെ ധനതത്വശാസ്ത്രം വിജയിച്ചതിലുള്ള സന്തോഷച്ചിരി. കേരളത്തിന്റെ പൊതുകടം മൂന്നുലക്ഷം കോടി കവിഞ്ഞു. കടുത്ത പലിശ നല്കാന് കടമെടുക്കേണ്ട സ്ഥിതി. അതിനിടയില്‍ കെഎസ്ആര്‍ടിസി, കെഎസ്ഇബി സമരം കൂടി വന്നാല്‍ എന്തു ചെയ്യും. കെഎസ്ആര്‍ടിസിക്ക് വിഷുവിനും ഈസ്റ്ററിനും പട്ടിണിയായിരുന്നു. ഇനി ആരെല്ലാം ശ്രീലങ്കന്‍ പട്ടികയിലെത്തുമെന്ന് ആര്‍ക്ക് പറയാനൊക്കും.
”വരവ് അറിയാതെ ചെലവു കഴിച്ചാല്‍ പെരുവഴിയാധാരം” എന്ന് അറിയാന്‍ സാമ്പത്തിക ശാസ്ത്രത്തില്‍ അഗാധ പാണ്ഡിത്യം വേണ്ട. വിലാസിനി ചേച്ചിയെ പോലുള്ളവരുടെ വിവരം മാത്രം മതി. എന്നിട്ടും വിലാസിനി ചേച്ചിയുടെ അത്രപോലും സാമ്പത്തിക വിവരം ധനമന്ത്രിക്ക് തൊട്ടുതീണ്ടിയിട്ടില്ല. ഒരു പഴഞ്ചൊല്ല് ഉണ്ട്. ‘കടംവാങ്ങി കണ്ടത് ചെയ്തവനും മരം കേറി കൈവിട്ടവനും ഒരു പോലെയാണെന്ന്. അതുപോലെ കിട്ടാവുന്ന ഇടങ്ങളില്‍ നിന്നൊക്കെ കടം വാങ്ങി ഇപ്പോള്‍ മരത്തില്‍ കയറി കൈവിട്ട അവസ്ഥയിലാണ് ധനമന്ത്രി.
ഒരു സംസ്ഥാനത്തിന് എത്ര രൂപവരെ എവിടെ നിന്നെല്ലാം കടമെടുക്കാമെന്ന് ഭരണഘടനാപരമായി വ്യവസ്ഥയുണ്ട്. ആ വ്യവസ്ഥ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ കൂടിയാണ് ഭരണഘടനാ സ്ഥാപനമായ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ സംസ്ഥാനത്തെ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കുന്നത്. സര്‍ക്കാരിന്റെ ഓരോ ചെലവും പദ്ധതികളും അവര്‍ പരിശോധിക്കും. സര്‍ക്കാരിനോട് സംശയം ഉള്ളതൊക്കെ ചോദിക്കും. അതിന് മറുപടി നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടത്. അല്ലാതെ എന്ത് റിപ്പോര്‍ട്ട് എഴുതണം എന്ന് സിഎജിയെ പഠിപ്പിക്കുകയല്ല വേണ്ടത്. കേരളം വ്യത്യസ്തമാണ്, അതനുസരിച്ച് പെരുമാറണം എന്നൊക്കെ തട്ടിവിടാം, പക്ഷെ കേരളം ഈ രാജ്യത്തെ ഇഠാവട്ടമുള്ള സംസ്ഥാനം മാത്രമാണെന്ന് ഓര്‍ക്കണം. രാജ്യത്തെ നിയമം അനുസരിച്ച് ഭരണം നടത്താമെന്നാണ് ഓരോ മന്ത്രിയും സത്യപ്രതിജ്ഞ ചെയ്യുന്നത്. അത് ഒന്നടങ്കം ലംഘിക്കുകയാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും എന്നു വരുമ്പോള്‍ കഷ്ടം എന്നല്ലാതെ എന്തു പറയുക.
ഭരണഘടനാ ലംഘനവും നിയമസഭാ അവകാശ ലംഘനവും ആണെന്ന കൃത്യമായ ബോധ്യത്തോടെയാണ് ധനമന്ത്രിയായിരിക്കെ തോമസ് ഐസക്ക് സിഎജി റിപ്പോര്‍ട്ടിന്റെ കരട് എന്ന പറഞ്ഞ് ഫൈനല്‍ റിപ്പോര്‍ട്ട് പുറത്തു വിട്ടത്. കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) ഒപ്പിട്ട് ഗവര്‍ണര്‍ക്ക് നല്കാന് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളായിരുന്നു ഇതില്‍. കരടിലെ പരാമര്‍ശങ്ങള്‍ പോലും അതീവ രഹസ്യമായി സൂക്ഷിക്കേണ്ടവയാണ്. കിഫ്ബി ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 293(1) ലംഘിക്കുന്നുവെന്ന് സിഎജിയുടെ കരട് റിപ്പോര്‍ട്ടിലുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചില്ലെന്നുമാണ് തോമസ് ഐസക് പറഞ്ഞത്. എന്നാല്‍ സിഎജി തയ്യാറാക്കുന്ന കരട് റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കാറില്ല. പകരം ഓഡിറ്റ് സമയത്ത് വരുന്ന സംശയങ്ങളും അവയുടെ ചോദ്യങ്ങളും അതാത് വകുപ്പുകള്‍ക്ക് അക്കൗണ്ടന്റ് ജനറല്‍ ഓഫീസ് അയച്ചുനല്‍കും. തുടര്‍ന്ന് 42 ദിവസം മറുപടി ലഭിച്ചില്ലെങ്കില്‍ അക്കൗണ്ടന്റ് ജനറല്‍ കരട് റിപ്പോര്‍ട്ട് അതേപടി ഉള്‍പ്പെടുത്തി ഫൈനല്‍ റിപ്പോര്‍ട്ട് തയ്യാറാക്കും. ഈ ഫൈനല്‍ റിപ്പോര്‍ട്ട് സിഎജിക്ക് അയച്ച് അനുമതി വാങ്ങുകയാണ് ചെയ്യുന്നത്.
ഇതെല്ലാം മാസങ്ങള്‍ക്ക് മുന്നേ കഴിഞ്ഞു. അനുമതി കിട്ടുന്ന റിപ്പോര്‍ട്ട് പ്രിന്റ് ചെയ്യും. അതില്‍ കുറച്ചെണ്ണം ദല്‍ഹിയില്‍ എത്തിച്ച് സിഎജിയെക്കൊണ്ട് ഒപ്പ് ഇടീക്കും. അതിനുശേഷം അതില്‍ രണ്ടെണ്ണം ഗവര്‍ണര്‍ക്ക് നല്‍കുന്നതിനായി ധനകാര്യ വകുപ്പ് സെക്രട്ടറിക്ക് നല്‍കുകയാണ് ചെയ്യുന്നത്. ആ റിപ്പോര്‍ട്ടാണ് പിന്നീട് നിയമസഭയില്‍ വയ്ക്കണമെന്ന ഗവര്‍ണറുടെ നിര്‍ദ്ദേശത്തോടെ സ്പീക്കര്‍ക്ക് അയയ്ക്കുന്നത്. അത് സര്‍ക്കാരിന് ലഭിക്കുക നിയമസഭയില്‍ മാത്രമാണ്. ഇതാണ് ഐസക്ക് പുറത്തുവിട്ടത്. അത് ഏറെ കോലാഹലം സൃഷ്ടിച്ചതാണ്. അതേശൈലിയും തന്ത്രവും ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്വീകരിച്ചാല്‍ എന്താകും സ്ഥിതി. ഐസക് ഇനി ചിന്തയുടെ കാര്യം നോക്കിയാല്‍ മതി എന്നാണ് പാര്‍ട്ടി തീരുമാനം. ചിന്തയുടെ അവസ്ഥയെങ്കിലും മാറിക്കിട്ടുമെന്നാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: