മഞ്ചേരി: നായകന്റെ പകിട്ടോടെ കളത്തില്‍ തകര്‍ത്താടിയ ജിജോ ജോസഫിന്റെ മികവില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. പഞ്ചാബിനെ തോല്‍പ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്. ഇതോടെ കേരളം സെമി ഉറപ്പിച്ചു.
മേഘാലയക്കെതിരെ ഇറങ്ങിയ ഇലവനില്‍ രണ്ട് മാറ്റവുമായാണ് ഇന്നലെ പഞ്ചാബിനെതിരെ കേരളത്തെ കോച്ച് ബിനോ ജോര്‍ജ് ഇറക്കിയത്. മുഹമ്മദ് സഫ്നാദിന് പകരം ഷിഗിലും നിജോ ഗില്‍ബര്‍ട്ടിന് പകരം സല്മാന് കള്ളിയത്തും ഇറങ്ങി. മത്സരം തുടങ്ങി ആദ്യ മിനിറ്റ് പിന്നിടും മുന്‍പ് തന്നെ കേരളം പഞ്ചാബ് ഗോള്‍മുഖം വിറപ്പിച്ചു. പത്താം മിനിറ്റില്‍ ബല്‍ജിത് സിങ് ഒരു ലോങ് ഷോട്ട് പായിച്ചത് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. പതിനൊന്നാം മിനിറ്റില്‍ പഞ്ചാബിന് കോര്‍ണര്‍ ലഭിച്ചെങ്കിലും ഗുണമുണ്ടായില്ല. തൊട്ടുപിന്നാലെ കേരളത്തെ ഞെട്ടിച്ച് പഞ്ചാബ് ലീഡ് നേടി. 12-ാം മിനിറ്റില്‍ മന്വിര്സിങ്ങാണ് നല്ലൊരു ഹെഡ്ഡറിലൂടെ കേരള വല കുലുക്കിയത്. 15-ാം മിനിറ്റില്‍ നല്ലൊരു മുന്നേറ്റത്തിനൊടുവില്‍ ബോക്സിന്റെ വലതുമൂലയില്‍ നിന്ന് ഷിഗില്‍ പായിച്ച ഷോട്ട് പഞ്ചാബ് ഗോളി കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. വീണ്ടും കേരളത്തിന്റെ മുന്നേറ്റം. അര്ജുന് ജയരാജ് ഷോട്ട് പായിച്ചെങ്കിലും പഞ്ചാബ് പ്രതിരോധനിര കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. 18-ാം മിനിറ്റില്‍ ആരാധകരെ ആവേശത്തിലാറാടിച്ച് കേരളത്തിന്റെ സമനില ഗോള്‍. കോര്‍ണറിനൊടുവിലായിരുന്നു ഗോള്‍. അര്ജുന് ജയരാജ് കോര്‍ണറില്‍ നിന്ന് പന്ത് തട്ടിക്കൊടുത്തത് ഷിഗിലിന്. ഷിഗില്‍ അത് ബോക്സിലേക്ക് സുന്ദരമായി ഉയര്‍ത്തിക്കൊടുത്തു. ഉയര്‍ന്നുവന്ന പന്തിനൊപ്പം തലപ്പൊക്കത്തില്‍ ചാടിയ നായകന് ജിജോയുടെ വെടിയുണ്ട കണക്കെയുള്ള ഹെഡ്ഡര്‍ പഞ്ചാബ് വലയില്‍ കയറി.
22-ാം മിനിറ്റില്‍ പഞ്ചാബ് ഒരിക്കല്‍ക്കൂടി കേരള വല കുലുക്കിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. 25-ാം മിനിറ്റില്‍ ജിജോ ഒരു നല്ല അവസരം പാഴാക്കി. മുഹമ്മദ് റാഷിദ് വലതുവിങ്ങില്‍ക്കൂടി മുന്നേറി ബോക്സിലേക്ക് നല്കിയ പാസ് ജിജോ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും നേരിയ വ്യത്യാസത്തിന് പുറത്ത്. 29-ാം മിനിറ്റില്‍ കേരള ഗോളി മിഥുന് പരിക്കേറ്റ് പിന്‍വാങ്ങി. പകരം ഇറങ്ങിയത് ടീമിലെ രണ്ടാം ഗോളിയായ എസ്. ഹജ്മല്‍.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സല്‍മാനെ പിന്‍വലിച്ച് നൗഫലിനെ കേരളം കളത്തിലിറക്കി. തുടക്കത്തില്‍ തന്നെ കേരളത്തിന് നല്ലൊരു അവസരം ലഭിച്ചു. എന്നാല്‍ ബോക്സിനുള്ളില്‍ വിഘ്നേഷ് എടുത്ത ഷോട്ട് പഞ്ചാബ് ഗോളി രക്ഷപ്പെടുത്തി. പകരക്കാരനായി ഇറങ്ങിയ ജഷന്‍ദീപ് സിങ്ങിന്റെ ഷോട്ടാണ് ഹജ്മല്‍ ഉജ്ജ്വലമായി രക്ഷപ്പെടുത്തിയത്. പിന്നീടങ്ങോട്ട് ആക്രമണ പ്രത്യാക്രമണങ്ങളുടെ തിരമാലയായിരുന്നു മൈതനാത്ത്. ഇരു ബോക്സിലേക്കും പന്ത് തുടര്‍ച്ചയായി കയറിയിറങ്ങിയതോടെ കളി ആവേശക്കൊടുമുടിയിലെത്തി. 63-ാം മിനിറ്റില്‍ വിഘ്നേഷിനെ പിന്‍വലിച്ച് ടി.കെ. ജെസിനെ കേരളം മൈതാനത്തിറക്കി. ഒടുവില്‍ 86-ാം മിനിറ്റില്‍ ഒരിക്കല്‍ കൂടി ആരാധകരെ ആവേശത്തിലാറാടിച്ച് ലീഡെടുത്തു. ബോക്സിലേക്ക് ലഭിച്ച പന്ത് നായകന് ജിജോ ജോസ് ഉഗ്രനൊരു ഷോട്ടിലൂടെ പഞ്ചാബ് ഗോള്‍കീപ്പറെ കീഴടക്കി വലയിലെത്തിച്ചു (21). ടൂര്‍ണമെന്റില്‍ കേരള ക്യാപ്റ്റന്റെ അഞ്ചാം ഗോളായി ഇത്.
സന്തോഷ് ട്രോഫി പോയിന്റ് ടേബിള്‍
ട്രീം മത്സരം വിജയം തോല്‍വി സമനില പോയിന്റ്
ഗ്രൂപ്പ് എ
കേരളം 4 3 0 1 10
ബംഗാള്‍ 3 2 1 0 6
മേഘാലയ 3 1 1 1 4
പഞ്ചാബ് 3 1 2 0 3
രാജസ്ഥാന് 3 0 3 0 0
ഗ്രൂപ്പ് ബി
മണിപ്പൂര്‍ 3 2 1 0 6
ഒഡീഷ 2 1 0 1 4
കര്‍ണാടക 2 1 0 1 4
സര്‍വീസസ് 3 1 2 0 3
ഗുജറാത്ത് 2 0 2 0 0
പ്രതികരിക്കാൻ ഇവിടെ എഴുതുക: