ന്യൂ ഡല്‍ഹി: ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തിന്റെ സാക്ഷാത്കാരത്തിനായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റിന്റെ നയപരിപാടികള്‍ പ്രയോജനപ്പെടുത്താനും, ഇരുരാജ്യങ്ങളും സഹകരിച്ച് ഗവേഷണവികസന പ്രവര്‍ത്തനങ്ങളും പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മ്മാണവും അറ്റകുറ്റപ്പണികളും സാധ്യമാക്കാനും രാജ്യ രക്ഷാ മന്ത്രി രാജ്നാഥ് സിംഗ് യുഎസ് കമ്പനികളോടാവശ്യപ്പെട്ടു. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ഇന്‍ ഇന്ത്യ യുടെ 30ാമത് വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്ത പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു രാജ്യരക്ഷാ മന്ത്രി. സംയുക്തഉത്പാദനം, സംയുക്തവികസനം, നിക്ഷേപം, ഇന്ത്യയില്‍ നവീകരണഅറ്റകുറ്റപ്പണി സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയ്ക്കായി അദ്ദേഹം യുഎസ് കമ്പനികളെ ക്ഷണിച്ചു.
വ്യാവസായിക സുരക്ഷാ ഉടമ്പടി പൂര്‍ണമായി പ്രയോജനപ്പെടുത്തി, പ്രതിരോധ സാങ്കേതിക വിദ്യ വികസനത്തില്‍ സഹകരണവും സ്വദേശിവത്കരണവും സുഗമമാക്കുകയും പ്രതിരോധ വിതരണ ശൃംഖലയില്‍ യുഎസ്, ഇന്ത്യന്‍ കമ്പനികളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയില്‍ ഉത്പാദന സൗകര്യങ്ങള്‍ സ്ഥാപിക്കാന്‍ അമേരിക്കന്‍ കമ്പനികളെ സ്വാഗതം ചെയ്യുന്നതായി രാജ്നാഥ് സിംഗ് പറഞ്ഞു.
ഉപഭോക്തൃവ്യാപാരി ബന്ധത്തില്‍ നിന്ന് തുല്യ പങ്കാളിത്തത്തിലേക്കും വ്യാപാര പങ്കാളികള്‍ എന്ന നിലയിലേക്കും മാറേണ്ടതിന്റെ ആവശ്യകത രാജ്യ രക്ഷാ മന്ത്രി ഊന്നിപ്പറഞ്ഞു. പരമാധികാരവും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കുകയും എല്ലാവര്ക്കും സമാധാനവും ക്ഷേമവും ഉറപ്പാക്കുകയും ചെയ്യുന്ന നിയമാധിഷ്ഠിത അന്താരാഷ്ട്ര ക്രമം ഇരു രാജ്യങ്ങളും വിഭാവനം ചെയ്യുന്നതിനാല്‍ തന്ത്രപരമായ താത്പര്യങ്ങളുടെ സമന്വയം വര്‍ദ്ധിച്ചുവരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വതന്ത്രവും സുതാര്യവും പരസ്പരം ഉള്‍ക്കൊള്ളുന്നതുമായ നിയമങ്ങള്‍ അടിസ്ഥാനമാക്കിയുള്ള ഇന്തോപസഫിക്, ഇന്ത്യന്‍ മഹാസമുദ്ര മേഖല എന്ന പൊതു കാഴ്ചപ്പാട് ഇന്ത്യയും യുഎസും പങ്കിടുന്നു. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സമഗ്രവും തന്ത്രപരവുമായ ആഗോള പങ്കാളിത്തം അന്താരാഷ്ട്ര സമാധാനത്തിനും സ്ഥിരതയ്ക്കും ക്ഷേമത്തിനും നിര്‍ണ്ണായകമാണെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: