ശ്രീനഗര്‍: മുഹമ്മദ് സമീര്‍ മൊള്ളയുടെ ബലിദാനത്തിന് സുരക്ഷാസൈന്യം പകരം ചോദിച്ചു. കശ്മീരിലെ ബദ്ഗാമില്‍ സുരക്ഷാ ഉദ്യോഗസ്ഥനായ മൊള്ളയെയും തഗാമുള് മഹിദീന് എന്ന ഗ്രാമീണനെയും കൊലപ്പെടുത്തിയ കൊടുംഭീകരനും ലഷ്കര്‍ കമാന്‍ഡറുമായ യൂസഫ് കാന്‍ട്രൂ എറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതായി പോലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ വിജയ്കുമാര്‍ അറിയിച്ചു. ഇയാളടക്കം രണ്ട് ഭീകരരെ സൈന്യം വധിച്ചു. ബാരാമുള്ളയിലെ പരിസ്വാനി മേഖലയില്‍ മാള്‍വ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടല്‍.
2020ല്‍ ബ്ലോക്ക് ഡെവലപ്മെന്റ് കൗണ്‍സില്‍ ചെയര്മാന് സര്‍ദാര്‍ ഭൂപീന്ദര്‍ സിങ്ങിനെ വധിച്ച ഭീകരസംഘത്തെ നയിച്ചത് യൂസഫ് കാന്‍ട്രൂ ആയിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് സൈനിക നടപടി ഉണ്ടായത്. നാല് സൈനികര്‍ക്കും ഒരു പൗരനുമുള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഏറ്റുമുട്ടലില്‍ പരിക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട രണ്ട് പേരുള്‍പ്പെടെ അഞ്ച് ഭീകരര്‍ പരിസ്വാനി മേഖലയില്‍ കടന്നതായുള്ള വിവരത്തെ തുടര്‍ന്നാണ് പ്രദേശത്ത് സൈന്യം തെരച്ചില്‍ ശക്തമാക്കിയത്.
ശേഷിക്കുന്ന മൂന്ന് പേര്‍ക്കായി നടപടി തുടരുകയാണെന്ന് വിജയ്കുമാര്‍ അറിയിച്ചു. നിരവധി മാരകായുധങ്ങളും തെരച്ചിലില്‍ സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. ബദ്ഗാം പോലീസും സൈന്യവും ചേര്‍ന്നാണ് സൈനിക നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
തീവ്രവാദി സംഘങ്ങളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ഏഴ് പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കേന്ദ്രസര്‍ക്കാര്‍ ഭീകരരായി പ്രഖ്യാപിച്ചിരുന്നു. മുഷ്താഖ് അഹമ്മദ് സര്‍ഗര്‍, ജെഇഎം കമാനന്ഡര് ആഷിഖ് അഹമ്മദ് നെന്ഗ്രൂ, അലി കാഷിഫ് ജാന്‍, മൊഹിയുദ്ദീന്‍ അറംഗസീബ് അലംഗിര്, ഹാഫിസ് തല്‍ഹ സയീദ്, സജ്ജാദ് ഗുല്‍, അര്ദുമന്ദ് ഗുല്സര് ദാര്‍ എന്നിവരെയാണ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: