ഇരിട്ടി: ആസാം സ്വദേശിനി മുന്മി ഗൊഗോയിക്ക് നിര്‍മ്മിച്ച് നല്കുന്ന വീടിന്റെ താക്കോല്‍ ദാനച്ചടങ്ങിലെത്തിയ സുരേഷ് ഗോപിക്ക് ശില്‍പ്പ വിദഗ്ധനായ ജോജു പുന്നാട് ഉപഹാരമായി നല്കിയ മുത്തപ്പശില്പത്തിനു മുന്നില്‍ ഭക്തിഭാവത്തോടെ തൊഴുകൈയ്യുമായി സുരേഷ് ഗോപി. അഞ്ചടി ഉയരവും മൂന്നടി വീതിയിലും ജോജു പുന്നാട് തീര്‍ത്ത മുത്തപ്പശില്പ്പം ഏറെനേരം അദ്ദേഹം നോക്കിനിന്നു.
പറശ്ശിനി മടപ്പുരക്ക് മുന്നില്‍ മുത്തപ്പന്, തിരുവപ്പന്, നായ എന്നിവര്‍ ചേര്‍ന്ന് നില്ക്കുന്ന ജീവന് തുടിക്കുന്ന ശില്‍പ്പത്തില്‍ വ്യാളിയും, കിംപുരുഷനുമടക്കം അനവധി രൂപങ്ങളും ചാരുതയോടെ ജോജു ഇതില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. അമ്പലനടയില്‍ ശ്രീകോവിലിനുമുന്നില്‍ എന്ന പോലെ സുരേഷ്ഗോപി തൊഴുകൈയ്യോടെ ശില്‍പ്പത്തിന് മുന്നില്‍ നിന്നപ്പോള്‍ ചുറ്റും കൂടിനിന്ന ജനങ്ങളിലും അത് ഭക്തിഭാവം തീര്‍ത്തു.
മേഖലയിലെ അറിയപ്പെടുന്ന കലാകാരനും ശില്പിയുമാണ് ജോജു പുന്നാട്. ഒരു വര്‍ഷം മുന്‍പ് തേക്കിന് തടിയില്‍ ജോജു തീര്‍ത്ത ഇതേ മുത്തപ്പശില്പം കടല്‍ കടന്ന് പോയിരുന്നു. പ്രവാസിയായ അനൂപ് പുതുശ്ശേരിയുടെ ആസ്ത്രേലിയയിലുള്ള വീടിന്റെ പൂജാമുറിയിലാണ് ഇപ്പോള്‍ ആ ശില്‍പ്പമുള്ളത്.
മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂര്‍പാടിയിലെ മനോഹരമായ ക്ഷേത്രകവാടം നിര്‍മ്മിച്ചത് ജോജുവാണ്. സിമന്റ് കൊണ്ടാണ് ഈ കവാടം നിര്‍മ്മിച്ചിരിക്കുന്നത്. ജോജു നിര്‍മ്മിച്ച മറ്റൊരു സിമന്റ് ശില്പമാണ് തലശ്ശേരി ജഗന്നാഥ ക്ഷേത്രക്കുളത്തിലെ ഗജമുഖ സ്തംഭം. ഇവ കൂടാതെ സ്വകാര്യ വ്യക്തികള്‍ക്കായി, ശ്രീ നാരായണ ഗുരു, മത്സ്യ കന്യകയടക്കമുള്ള നിരവധി ശില്പങ്ങളും ജോജു നിര്‍മ്മിച്ചിട്ടുണ്ട്.
നിരവധി വീടുകളിലെ കിണറുകള്‍ക്കും ഈ ചെറുപ്പക്കാരന് കണ്ണിനിമ്പം തുളുമ്പുന്നരീതിയിലുള്ള ശില്‍പ്പ ചാരുതയോടെ തന്റെ കരവിരുതിന്റെ ചാതുര്യം തെളിയിച്ചു കഴിഞ്ഞു. ദുബായി ഫെസ്റ്റിവെലിന്റെ ഭാഗമായി ഗ്ലോബല്‍ വില്ലേജില്‍ കഴിഞ്ഞതവണ ജപ്പാന്, ചൈന, യമന്‍, സിറിയ എന്നീ രാജ്യങ്ങളുടെ പവലിയന് നിര്‍മ്മിച്ചത് ജോജുവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു.
വര്‍ഷങ്ങളായി ഇരിട്ടി മേഖലയില്‍ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്രകളില്‍ ജോജുവിന്റെ ചലിക്കുന്നതും ചലിക്കാത്തതുമായ ടാബ്ലോകള്‍ ജനഹൃദയങ്ങളെ ആകര്‍ഷിച്ചു വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: