ആര്. ഹരിപ്രസാദ്
കാര്‍ഷിക, ആരോഗ്യ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്തി കല്ലിയൂര്‍ പഞ്ചായത്ത് രാജ്യത്തിനു തന്നെ മാതൃകയാകുന്നു. കൂട്ടായതും ആത്മാര്ത്ഥതയുള്ളതുമായ പ്രവര്‍ത്തനത്തിലൂടെയാണ് ഈ നേട്ടത്തിലേക്ക് ബിജെപി ഭരിക്കുന്ന തിരുവനന്തപുരം ജില്ലയിലെ കല്ലിയൂര്‍ പഞ്ചായത്ത് എത്തിയത്. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം അമൃത് മഹോത്സവമായി ആചരിച്ചു വരുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ 10 ലക്ഷം രൂപയുടെ ദേശീയ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കയ്യില്‍നിന്നുമാണ് കല്ലിയൂടെ പഞ്ചായത്ത് അധ്യക്ഷന്‍ ചന്തു കൃഷ്ണ കഴിഞ്ഞ ദിവസം ഏറ്റുവാങ്ങിയത്. ജീവിതത്തിലെ ഏറ്റവും അഭിമാനിതനായ നിമിഷമായിരുന്നു നരേന്ദ്രമോജിയെ നേരില്‍ക്കണ്ട സന്ദര്‍ഭമെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അര്‍പ്പണമനോഭാവത്തോടെയുള്ള ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന് രാജ്യം നല്കിയ പുരസ്കാരമായിരുന്നു അത്.
2021 ലെ കാര്‍ഷികം, ആരോഗ്യം മേഖലകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളില്‍ മുന്നിലെത്തിയതിനാണ് കേരളത്തിലെ മികച്ച പഞ്ചായത്തായി കല്ലിയൂര്‍ പഞ്ചായത്തിനെ പുരസ്കാരത്തിന് അര്ഹനരാക്കിയത്. ആരോഗ്യരംഗത്തും, കാര്‍ഷികരംഗത്തും, പദ്ധതി രൂപീകരണം-നിര്‍വ്വഹണവും എന്നിവയിലുള്ള പ്രവര്‍ത്തനമികവിനാണ് അംഗീകാരം നല്‍കിയത്. ആരോഗ്യമേഖലയില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് കല്ലിയൂര്‍ പഞ്ചായത്ത് ചെയ്തത്. സുരേഷ്ഗോപി എംപിയുടെ ഫണ്ട് കയ്യയച്ച് അദ്ദേഹം വിവിധ പദ്ധതികള്‍ക്കായി നല്‍കുകയും ചെയ്തു. പഞ്ചായത്ത് ആശുപത്രിയിലെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തി, ജീവിതശൈലി രോഗങ്ങള്‍ക്ക് പ്രത്യേക ക്ലിനിക്ക്, മരുന്നുവിതരണം, ആംബുലന്‍സ്, ലാബ് ടെസ്റ്റ്, അടിസ്ഥാനസൗകര്യങ്ങള്‍, വാക്സിനേഷന്, കുട്ടികള്‍ക്കുള്ള വാക്സിനേഷന് തുടങ്ങിയവ നടപ്പിലാക്കിയതു വഴി ആരോഗ്യമേഖല ഏറെ മെച്ചപ്പെട്ടു. രോഗികളില്ലാത്ത, രോഗങ്ങളുടെ ആക്രമണമില്ലാത്ത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് ഇപ്പോള്‍.
കാര്‍ഷിക ഗ്രാമമായ കല്ലിയൂര്‍ പഞ്ചായത്തില്‍ കാര്‍ഷികരംഗത്ത് നല്ല രീതിയിലുള്ള ഉണര്‍വുണ്ടാക്കാന്‍ പഞ്ചായത്ത് ഭരണസമിതിയുടെ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. കാര്‍ഷിക കര്‍മസേനയെ കൊണ്ട് ഭൂമി കൃഷിയോഗ്യമാക്കല്‍, പച്ചക്കറി വ്യാപനം, നെല്‍കൃഷി തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്കി. കൃഷി ഓഫീസ് മുഖാന്തരം പച്ചക്കറിതൈ, ഫല വൃക്ഷതൈ, കിഴങ്ങു വിത്തുകള്‍, ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ് എന്നിവയുടെ വിത്തുകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ സാധിച്ചു. കൂടാതെ ക്ഷീരമേഖലയിലും നല്ല മുന്നേറ്റം നടത്താന്‍ പഞ്ചായത്തിന് കഴിഞ്ഞു. പശുക്കളുടെ ക്ഷേമത്തിനും രോഗപ്രതിരോധത്തിനും കൂടുതല്‍ പാല് ലഭിക്കുന്നതിനുമായി സമഗ്ര പദ്ധതിയാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്.
വളര്‍ത്തുമൃഗങ്ങള്‍ക്ക് എന്ത് അസുഖം വന്നാലും പഞ്ചായത്ത് മൃഗാശുപത്രി വഴി മരുന്ന് സൗജന്യമായി കൊടുക്കുന്നു. പശു വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കന്നുകുട്ടി പരിപാലന തീറ്റയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും ഒരു വര്‍ഷം തീറ്റ സൗജന്യമാക്കി. കൂടാതെ 525 കുടുംബങ്ങള്‍ക്ക് കോഴിക്കുഞ്ഞ്, 42 കുടുംബങ്ങള്‍ക്ക് ആട്ടിന്‍കുട്ടികള്‍, 21 കുടുംബങ്ങള്‍ക്ക് പശുക്കള്‍ എന്നിവയെയും സൗജന്യമായി നല്കി. മുന്‍വര്‍ഷങ്ങളിലും കേന്ദ്രത്തിന്റെ പട്ടികയില്‍ മികച്ച പ്രവര്‍ത്തനത്തിന് ഭാരതത്തില്‍ അഞ്ചാം സ്ഥാനവും കേരളത്തില്‍ ഒന്നാം സ്ഥാനവും അന്ത്യോദയാ റാങ്കിംഗില്‍ കല്ലിയൂര്‍ പഞ്ചായത്തിന് ലഭിച്ചിരുന്നു. പ്രധാനമന്ത്രി ആദര്‍ശ് ഗ്രാമീണ്‍ യോജനയുടെ ഭാഗമായി സുരേഷ് ഗോപിയുടെ ഫണ്ടില്‍ നിന്നും എട്ടു കോടിയോളം രൂപയുടെ വികസനം കല്ലൂര്‍ പഞ്ചായത്തില്‍ നടപ്പിലാക്കിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരനും കല്ലിയൂര്‍ പഞ്ചായത്തിന്റെ പുരോഗതിക്ക് വേണ്ട എല്ലാ പിന്തുണയും നല്കി വരുന്നു.
പുതിയ നിരവധി പദ്ധതികളാണ് ഭരണ സമിതി ആവിഷ്കരിച്ച് നടിപ്പിലാക്കാനായി ആസൂത്രണം ചെയ്തുവരുന്നത്. തരിശുഭൂമിയെല്ലാം പൂര്‍ണമായി നെല്‍കൃഷി വ്യാപിപ്പിക്കുക, രാസവളം ഉപയോഗിച്ചുള്ള നെല്ല് കൃഷി പൂര്‍ണമായും അവസാനിപ്പിച്ച് ജൈവവള നെല്‍കൃഷി, പച്ചക്കറി കൃഷി എന്നിവ വ്യാപിപ്പിക്കുക. ചുരുങ്ങിയത് കല്ലിയൂര്‍ പഞ്ചായത്ത് നിവാസികള്‍ക്കെങ്കിലും ആവശ്യമുള്ളത്ര പച്ചക്കറിയും ധാന്യങ്ങളും ഇവിടെ തന്നെ ഉല്പാദിപ്പിക്കാനാണ് ലക്ഷ്യം. അതിലൂടെ സ്വയം പര്യാപ്തമായിട്ടുള്ള കാര്‍ഷിക ഗ്രാമമെന്നതിലേക്കുള്ള ചുവടുവയ്പ്പാണ് ബിജെപി ഭരിക്കുന്ന പഞ്ചായത്ത് നടപ്പിലാക്കുന്നത്. എല്ലാ വീടുകളിലും പച്ചക്കറി കൃഷി വ്യാപിക്കുക എന്നതാണ് വരും വര്‍ഷത്തില്‍ ചെയ്യുക. ഒരു വീട്ടില്‍ കുറഞ്ഞത് 5 പച്ചക്കറി ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന തലത്തിലേക്ക് എത്തിക്കും. ഈ പദ്ധതി ഒരു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്ന് പഞ്ചായത്ത് അധ്യക്ഷന്‍ ചന്തു കൃഷ്ണ പറഞ്ഞു.
കല്ലിയൂര്‍ പഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കിയതെന്ന് പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചതിനെക്കുറിച്ചുള്ള അനുഭവം വിവരിച്ച് ചന്തു കൃഷ്ണ പറഞ്ഞു. ഗ്രാമപഞ്ചായത്തിന്റെ വികസനങ്ങളെ കുറിച്ചും, പഞ്ചായത്തില്‍ നടന്നു വരുന്ന ദേശീയ തൊഴിലുറപ്പ് പദ്ധതിയെ കുറിച്ചും കാര്‍ഷിക, ആരോഗ്യമേഖലകളെ കുറിച്ചും പ്രധാനമന്ത്രിയോട് പറയാന്‍ കഴിഞ്ഞു. കൂടാതെ പ്ലാസ്റ്റിക് ശേഖരിക്കുന്ന ഹരിത കര്‍മ്മ സേനാംഗങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നും പ്രതിമാസം മൂന്നു ടെന്‍ പ്ലാസ്റ്റിക് ശേഖരിക്കുകയും അതില്‍നിന്നും നല്ലൊരു വരുമാനം സ്ത്രീകള്‍ക്ക് കിട്ടുന്നതായും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. ഏകദേശം നാനൂറോളം കുടുംബശ്രീ സ്വയംസഹായസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ വെള്ളയാണി കായല്‍ നവീകരണവുമായി ബന്ധപ്പെട്ട് പ്രത്യേകം ശ്രദ്ധ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്ത് നല്കി. കേന്ദ്രമന്ത്രി വി.മുരളീധരന്റെ ഇടപെടല്‍ കൊണ്ടാണ് പ്രധാനമന്ത്രിയെ കാണാനുള്ള അനുമതി കിട്ടിയതെന്നും ജീവിതത്തില്‍ കിട്ടിയ ഏറ്റവും അസുലഭവവും സന്തോഷപ്രദവുമായ സന്ദര്‍ഭമായിരുന്നു അതെന്നും ചന്തുകൃഷ്ണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: