തിരുവനന്തപുരം: പി.ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിക്കുന്നതിനെ എതിര്‍ത്ത് പി. ജയരാജന്. തെറ്റുകള്‍ ആവര്‍ത്തിക്കരുത് എന്ന മുന്നറിയിപ്പാണ് ജയരാജന് നല്‍കിയത്. ഇതോടെ സമൂഹമാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് സഖാക്കള്‍ ഉള്‍പ്പെടെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ത്തുന്നത്.
നേരത്തെ ശശി നായനാരുടെ കാലത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നപ്പോള്‍ നടത്തിയ ചില നടപടികളുടെ വിവരങ്ങള്‍ തന്റെ പക്കലുണ്ടെന്നും ജാഗ്രതയില്ലാതെ തീരുമാനം എടുക്കരുതെന്നുമായിരുന്നു കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാനസമിതിയില്‍ ജയരാജന് പ്രതികരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ അനുകൂലിച്ചിരുന്ന നേതാക്കള്‍ക്കിടയിലും ആഴത്തിലുള്ള അഭിപ്രായ ഭിന്നതയാണ് പി ശശിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായുള്ള കടന്നുവരവ് സൃഷ്ടിച്ചത്. നേരത്തെ ലൈംഗികാരോപണത്തെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്തായ പി ശശിയെ വീണ്ടും ഉയർത്തിക്കാട്ടുന്നതിൽ പാർട്ടിയിലെ മുതിർന്ന വനിതാ നേതാക്കൾക്കിടയിലും അതൃപ്തിയുണ്ട്. ഇവരും സംസ്ഥാന കമ്മിറ്റി യോഗത്തിൽ പി ശശിയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
എന്നാല്‍ അക്കാലത്തെ എന്ത് തെറ്റായ നടപടികളാണ് ശശി കൈക്കൊണ്ടതെന്ന് ജയരാജന് പുറത്ത് പറഞ്ഞിട്ടില്ല. 1996ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ശശി പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയിലുണ്ടായിരുന്നത്. അന്ന് ശശി മുഖ്യമന്ത്രിയേക്കാള്‍ വലിയ മുഖ്യമന്ത്രിയായിരുന്നു എന്ന പരാതിയുണ്ടായിരുന്നു. പിന്നീട് 2001ല്‍ നടന്ന തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോല്‍വിക്ക് പിന്നില്‍ ശശിയുടെ സൂപ്പര്‍ മുഖ്യമന്ത്രി ചമയല്‍ കാരണമായെന്ന് പാര്‍ട്ടിക്കുള്ളില്‍ ആരോപിക്കുന്നവരുണ്ട്.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ വഴിവിട്ട് സഹായിച്ചു എന്ന ആരോപണവും കൂടി ശശിയ്ക്കെതിരായുണ്ട്. സമൂഹമാധ്യമങ്ങളില്‍ സഖാക്കള്‍ മുഴുവന്‍ ശശിക്കെതിരെ ഉയര്‍ത്തുന്നത് ഐസ്ക്രീം പാര്‍ലര്‍ കേസാണ്.
സ്ത്രീക്കെതിരായ ലൈംഗികാതിക്രമത്തിന്റെ പേരില്‍ 2011ല്‍ പാര്‍ട്ടി ശശിയെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയിരുന്നു. സാധാരണ ഗതിയില്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടവര്‍ക്ക് തിരിച്ചുവരവ് വിരളമാണ്. എന്നാല്‍ ഈ ലൈംഗികാതിക്രമത്തിന്റെ പേരില്‍ ആറ് വര്‍ഷം പുറത്തിരുന്ന ശേഷമാണ് ശശി തിരിച്ചെത്തുന്നത്. വെറും ആറ് വര്‍ഷത്തെ ഇടവേളയ്ക്കുള്ളില് രണ്ടാം പിണറായി സര്‍ക്കാരിലെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്ന ശക്തമായ പദവിയിലേക്കാണ് ശശി തിരിച്ചെത്തുന്നത്.
പാര്‍ട്ടിയും മുഖ്യമന്ത്രിയുടെ ഓഫീസും തമ്മില്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകലാണ് പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ജോലി. രണ്ടാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരവകുപ്പിനെക്കുറിച്ച് വിമര്‍ശനമുയരുന്ന നാളുകളില്‍ ശശി ശക്തമായി പ്രവര്‍ത്തിക്കും എന്നാണ് പാര്‍ട്ടി നേതാക്കളും മുഖ്യമന്ത്രിയും പറയുന്നത്. പക്ഷെ സ്വപ്ന സുരേഷ് എന്ന സ്ത്രീയെ ചുറ്റിപ്പറ്റിയുള്ള ആരോപണങ്ങളില്‍ നിന്നും സര്‍ക്കാര്‍ തലയൂരിവരുമ്പോഴേക്കും പുതിയ വിഴുപ്പുകളിലേക്ക് ഭരണത്തെകൊണ്ടെത്തിക്കാനുള്ള സാഹചര്യം ബോധപൂര്‍വ്വം ഒരുക്കുകയാണോ എന്ന ചോദ്യവും സഖാക്കള്‍ ഉയര്‍ത്തുന്നു.
പരാതിക്കാരി തന്നെ ശശിയെ കുറ്റവിമുക്തനാക്കിയതോടെയാണ് ശശിക്ക് തിരിച്ചുവരാനായത്. പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും ആറ് വര്‍ഷം പുറത്തിരുത്തുകയും ചെയ്തത് മതിയായ ശിക്ഷയായെന്ന് പരാതിക്കാരി തന്നെ സമ്മതിച്ചതായി പറയുന്നു. പിന്നീട് ശശിയുടെ തിരിച്ചുവരവ് അതിവേഗം നടന്നു.
പി. ശശിയുടെ തിരിച്ചുവരവിന് പിന്നില്‍ പിണറായിക്കും കൊടിയേരിക്കും വിരോധമില്ല. ശശി തെറ്റുതിരുത്തി എത്തിയാല്‍ സ്വീകരിക്കുന്നതില്‍ എന്താണ് പ്രശ്നം എന്ന ചോദ്യമാണ് കോടിയേരി ചോദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: