കോട്ടയം: മുസ്ലിം യുവാക്കള്‍ ഉള്‍പ്പെടുന്ന മിശ്രവിവാഹങ്ങളുമായി ബന്ധപ്പെട്ട്, ക്രൈസ്തവരില്‍ മാത്രമല്ല ഹൈന്ദവരിലും ആശങ്കയുണ്ടെന്ന് കത്തോലിക്കാ സഭ. ഹൈന്ദവ-ക്രിസ്ത്യന്‍-മുസ്ലിം സമുദായങ്ങളില്‍പ്പെട്ട എല്ലാ നല്ല മനുഷ്യരും ഇക്കാര്യം ഒന്നിച്ചു ചിന്തിക്കണമെന്നും സഭയുടെ മുഖപത്രമായ ദീപികയുടെ മുഖപ്രസംഗത്തില്‍ പറയുന്നു. അല്ലാത്തപക്ഷം, ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണിക്കു മുസ്ലിം സമുദായത്തിലെ നിരപരാധികള്‍ പഴികേള്‍ക്കേണ്ടിവരും. കോടഞ്ചേരിയിലെ ലൗ ജിഹാദ് വിവാദത്തിന്റെ പശ്ചാത്തലത്തിലുള്ള കുറിപ്പില്‍ പറയുന്നു. സൗദിയില്‍ നഴ്സായ കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജോയ്സ്നയും സിപിഎം നേതാവായ ഷജിനും തമ്മിലുള്ള വിവാഹമാണ് വിവാദമായത്.
”പ്രണയിച്ചവരെ ഒന്നിപ്പിക്കണമെന്നും ഇതിനെ ലൗ ജിഹാദെന്നു പറഞ്ഞ് ചിലര്‍ മതസൗഹാര്‍ദ അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നുമൊക്കെയാണ് സിപിഎം ഉള്‍പ്പെടെയുള്ള ചില രാഷ്്ട്രീയ പാര്‍ട്ടികളും സംഘടനകളും ചില മാധ്യമങ്ങളുമൊക്കെ പറയുന്നത്. അങ്ങനെ പറയാനുള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്. അതേസമയം, ആ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് അവളുടെ ഭാവി സുരക്ഷിതമാക്കാനുള്ള അവകാശവും സ്വാതന്ത്ര്യവുമൊന്നുമില്ലേ?” സഭ ചോദിക്കുന്നു.
അവളെ പഠിപ്പിച്ചു സ്വന്തം കാലില്‍ നില്ക്കാന് പ്രാപ്തയാക്കാന്‍ അഹോരാത്രം വിയര്‍പ്പൊഴുക്കിയത് മാതാപിതാക്കളാണ്. അവര്‍ക്കു സ്വന്തം മകളോട് സംസാരിക്കാന്‍പോലും അവസരം കൊടുക്കാതെ ദുരൂഹ സാഹചര്യത്തില്‍ കൊണ്ടുപോകുന്നതാണോ മതേതരത്വം? പ്രൊഫഷണല്‍ കോളജുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇതരമതസ്ഥരായ പെണ്‍കുട്ടികളെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും ആകര്‍ഷിക്കാന്‍ തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നുണ്ടെന്ന പാര്‍ട്ടി രേഖയുണ്ട്. ഇക്കാര്യം 2021 സെപ്റ്റംബറില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയുണ്ടായിരുന്നു. ലൗ ജിഹാദ് ഇല്ലെന്നു പറയുന്ന സിപിഎമ്മിനുപോലും തീവ്രവാദികളുടെ നീക്കങ്ങളെക്കുറിച്ചു ഭയമുണ്ട്. പാര്‍ട്ടിക്കകത്തു ചര്‍ച്ച ചെയ്യണം, ഒരക്ഷരം പുറത്തു പറയരുത്. ഇതാണോ നയം? മുഖപ്രസംഗം ചോദിക്കുന്നു.
മലയാളികളായ മുസ്ലിം യുവാക്കളെ വിവാഹം കഴിച്ച് ഐഎസില്‍ ചേര്‍ന്ന് അഫ്ഗാനിസ്ഥാനിലെ ജയിലില്‍ കഴിയുന്ന സോണിയ സെബാസ്റ്റ്യന്‍, മെറിന് ജേക്കബ്, നിമിഷ ഫാത്തിമ, റഫീല എന്നിവരെക്കുറിച്ചൊക്കെ മലയാളികള്‍ ധാരാളം കേട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ ക്യാമ്പുകളില്‍ നരകിക്കുന്ന മക്കളെ രക്ഷിക്കാന്‍ നിമിഷയുടെ അമ്മ ബിന്ദുവും സോണിയയുടെ പിതാവ് സെബാസ്റ്റ്യനും കേന്ദ്രസര്‍ക്കാരിനെയും സുപ്രീംകോടതിയെയുമൊക്കെ സമീപിച്ചു നടന്നതും കേരളം കണ്ടു. ആ മാതാപിതാക്കളെ സഹായിക്കാന്‍ മതേതര രാഷ്ട്രീയ പാര്‍ട്ടികളെയോ പുരോഗമനവാദികളെയോ ഒന്നും കണ്ടിട്ടില്ല. ഇതൊക്കെ കേരളത്തിലെ മാതാപിതാക്കളെ ഭയചകിതരാക്കുന്നുണ്ട്. മുഖപ്രസംഗത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: