ആലപ്പുഴ:ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്താകെ നടത്തിയ പരിശോധനയില്‍ 1493കിലോഗ്രാം കേടായ മത്സ്യം പിടികൂടി നശിപ്പിച്ചു. സംസ്ഥാനത്ത് 329 ഇടങ്ങളിലായിരുന്നു പരിശോധന. 374 സാമ്പിളുകള്‍ ശേഖരിച്ചു. 171 സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിട്ടുണ്ട്. 203 സാമ്പിളുകള്‍ കിറ്റ് ഉപയോഗിച്ച് പരിശോധിച്ചു.
പൊതുജനങ്ങളില്‍ നിന്ന് പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വ്യാപക പരിശോധന നടത്തിയത്
ആലപ്പുഴ വഴിച്ചേരി മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ 99 കിലോ ഉപയോഗശൂന്യമായ മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. ഒരു മാസം പഴക്കമുള്ളതും ഫോര്‍മാലിന്‍ കലര്‍ത്തിയതുമായ 92 കിലോ കേരമീനും, ഒരു മാസം പഴക്കമുള്ള ഏഴു കിലോ സിലോപ്പിയയുമാണ് പിടികൂടിയത്.
രാവിലെ 9.30 ഓടെയാണ് പരിശോധന നടത്തിയത്. ആദ്യം ചില വ്യാപാരികളുടെ ഭാഗത്തു നിന്ന് എതിര്‍പ്പുണ്ടായി. പോലീസ് സന്നാഹമുണ്ടായിരുന്നതിനാല്‍ അവര്‍ പിന്മാറി. പിടിച്ചെടുത്ത മത്സ്യം കുഴിച്ചു മൂടി. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഒരാഴ്ച പരിശോധന തുടരും.
കഴിഞ്ഞ ദിവസം ഇടുക്കി നെടുങ്കണ്ടത്ത് പഴകിയ മത്സ്യം കഴിച്ച് നിരവധി പേര്‍ക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായി. ഈ സാഹചര്യത്തില്‍ എല്ലായിടത്തും പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചെങ്കിലും ആലപ്പുഴയില്‍ നടപടി ഉണ്ടാകാത്തത് വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: