മഞ്ചേരി: ഹാട്രിക് ജയം, സെമി… മഞ്ചേരിയില്‍ കേരളത്തിന് നാളെ ലക്ഷ്യം പലതാണ്. സന്തോഷ് ട്രോഫി ഫുട്ബോളില്‍ തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ട് കേരളം ഇറങ്ങുന്നത്. ആദ്യ കളിയില്‍ വിജയിച്ച് എത്തുന്ന മേഘാലയയാണ് എതിരാളികള്‍. വിജയിച്ചാല്‍ സെമി ഉറപ്പിക്കാം. രണ്ട് ആധികാരിക വിജയങ്ങള്‍ക്കു ശേഷമാണ് ഇന്ന് കേരളം കളത്തിലെത്തുന്നത്. പയ്യനാട് സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് മത്സരം തുടങ്ങും.
ബംഗാളിനെ പൂട്ടിയത് ആത്മവിശ്വാസം നല്കുന്നു
ആദ്യ മത്സരത്തില്‍ രാജസ്ഥാനെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്കും രണ്ടാം കളിയില്‍ അതികരുത്തരായ ബംഗാളിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്കും തകര്‍ത്താണ് കേരളം ഗ്രൂപ്പ് എയില്‍ ഇന്ന് മൂന്നാം അങ്കത്തിനിറങ്ങുന്നത്. ബംഗാളിനെതിരെ നേടിയ മികച്ച വിജയം കേരളത്തിന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല. മത്സരശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരള കോച്ച് ബിനോ ജോര്‍ജ് അത് വ്യക്തമാക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ വരുത്തിയ മാറ്റങ്ങളാണ് കേരളത്തിന് ഗുണകരമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗാളിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചതായിരുന്നു രണ്ടാം പകുതിയില്‍ പുറത്തെടുത്ത ഗെയിം പ്ലാന്‍. പകരക്കാരായി ഇറങ്ങിയ രണ്ട് താരങ്ങളാണ് കേരളത്തിന്റെ വിജയഗോളുകള്‍ നേടിയത്.
അതിവേഗത മേഘാലയയുടെ കരുത്ത്
രാജസ്ഥാനെതിരെ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷം തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് മേഘാലയ. 1-0ന് പിന്നില്‍ നിന്ന മത്സരത്തില്‍ 3-2നായിരുന്നു അവരുടെ ജയം. അതിവേഗ പ്രത്യാക്രമണങ്ങളാണ് മേഘാലയയുടെ കരുത്ത്. പ്രത്യേകിച്ചും വിങ്ങുകളില്‍ക്കൂടിയുള്ള മുന്നേറ്റങ്ങള്‍. മേഘാലയ നിരയില്‍ ഏറെ ശ്രദ്ധിക്കേണ്ട താരങ്ങളാണ് കഴിഞ്ഞ കളിയില്‍ രാജസ്ഥാനെതിരെ രണ്ട് ഗോള്‍ നേടിയ ഫിഗോ സിന്ഡായിയെയും ഒരു ഗോള്‍ നേടിയ ക്യാപ്റ്റന്‍ ഹോര്‍ഡി ക്ലിഫ് നോണ്ഗബ്രിയെയും.
ഫിഗോയുടെ വേഗമാര്‍ന്ന നീക്കങ്ങളായിരുന്നു രാജസ്ഥാനെ പ്രതിരോധത്തിലാക്കിയത്. ഹെന്റിയും ഗില്ബര്ട്ടുമടങ്ങുന്ന പ്രതിരോധവും കഴിഞ്ഞ മത്സരത്തില്‍ ഗംഭീര പ്രകടനമാണ് നടത്തിയത്. സ്റ്റേഡിയത്തില്‍ നിറഞ്ഞുകവിയുന്ന കാണികളുടെ പിന്തുണയില്‍ കേരളവും അതിവേഗ പ്രത്യാക്രമണങ്ങളിലൂടെ എതിരാളികളുടെ താളം തെറ്റിക്കാന്‍ കെല്‍പ്പുള്ള മേഘാലയയും ഇന്ന് പോരാട്ടത്തിനിറങ്ങുമ്പോള്‍ ആവേശം കൊടുമുടികയറുമെന്ന് ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: