പരസ്പരം ആരോപണങ്ങളും ആക്ഷേപങ്ങളും ആത്മപ്രശംസകളും പറഞ്ഞുപറഞ്ഞ് യുദ്ധവും കെടുതികളും മുന്നോട്ട്പോയി. അവസാനം കര്‍ണനും അര്‍ജുനനും തമ്മിലുള്ള ഘോരയുദ്ധവുമാരംഭിച്ചു. ഉഗ്രവേഗരായ കര്‍ണനും അര്ജുനനുമായ വീരര്‍ തമ്മില്‍ എതിര്‍ത്തു. ബലംപെടുന്ന രണ്ടു ശൈലങ്ങള്‍ പോലെ അവര്‍ തങ്ങളില്‍ ശരം ചൊരിഞ്ഞുകൊണ്ടിരുന്നു.
ആനയെ മദയാനപോലെ പാര്‍ത്ഥനെ വധിക്കുവാന്‍ കര്ണന് ഇടഞ്ഞു പാഞ്ഞു. അപ്പോള്‍ പാര്‍ത്ഥസേന ‘പാര്‍ത്ഥ! എളുപ്പം ചെന്ന് കര്‍ണനെ കൊല്ലൂ’ എന്ന് ആര്‍ത്തുവിളിച്ചു. ‘അവന്റെ ആ വന്തല കൊയ്യുക. ദുര്യോധനന്റെ രാജ്യകാംക്ഷയെയും മുടിക്കാന്‍ വൈകരുത്.’ അപ്പോള്‍ കൗരവപക്ഷത്തുനിന്ന് പല യോദ്ധാക്കളും കര്‍ണനോട് വിളിച്ചുപറഞ്ഞു, ‘അമ്പെയ്തു പാര്‍ത്ഥനെ വധിക്കൂ കര്‍ണാ! പാണ്ഡവര്‍ ഇനിയുള്ളകാലം ദുഃഖിതരായിത്തീരട്ടെ.’
കര്ണന് പാര്ത്ഥനുനേരെ പത്തു ബാണങ്ങള്‍ മറുത്തെയ്തു. പാര്‍ത്ഥനും പത്തു ബാണങ്ങളെ കര്‍ണന്റെ കക്ഷഭാഗത്തായി അതിക്രൂരമായി എയ്തു. അങ്ങനെ ലാക്കുനോക്കീട്ടു രണ്ടുപേരും പ്രഹൃഷ്ടരായി ഭീഷണമായി പാഞ്ഞണഞ്ഞു. പാര്ത്ഥന് കര്‍ണനെ നോക്കി ആഗ്നേയാസ്ത്രമയച്ചു. ഭൂമിയും ആകാശവും ദിക്കുകളൊക്കെയും അര്ക്കമാര്ഗവും മൂടി അഗ്നിയിലെരിഞ്ഞു. ഉടുതുണിക്കു തീപിടിച്ച സൈന്യമൊക്കെ ഒഴിഞ്ഞോടി. കര്ണന് ആ ജ്വലനാസ്ത്രത്തെ കണ്ടിട്ട് പെട്ടെന്ന് വരുണാസ്ത്രം തൊടുത്ത് അഗ്നിക്കു ശമം വരുത്തി. അതിഘോരമായ മേഘജാലങ്ങള്‍ നിരന്ന് പെയ്ത് അഗ്നിയെ കെടുത്തി. ആ മേഘങ്ങളാല്‍ ദിക്കൊക്കെയും ഇരുണ്ടുമൂടി ഒന്നും കാണാനാകാതെയായി. ഉടനെ വായവ്യാസ്ത്രമെയ്ത് അര്ജുനന് മേഘപാളികളെയകറ്റിയിട്ട് ദേവേന്ദ്രന് പ്രിയപ്പെട്ട ഉഗ്രമായ വജ്രാസ്ത്രം അയച്ചുവിട്ടു. ഗാണ്ഡീവം, ഞാണ്, അമ്പുകള്‍ എല്ലാം ജപിച്ച് അയച്ചുകൊണ്ടിരിക്കെ ക്ഷുരപ്രാജികമായ അര്ദ്ധചന്ദ്രാസ്ത്രമയച്ചു. തുടരെ നാളീകം, നാരാചം, വരാഹം, കര്‍ണം എന്നിങ്ങനെ അസംഖ്യമായ അസ്ത്രങ്ങള്‍ ഗാണ്ഡീവത്തില്നിന്നു തൊടുത്തുവിട്ടുകൊണ്ടിരുന്നു. അതീവ നിശിതാസ്ത്രങ്ങളായ അവ കര്‍ണന്റെ കുതിരകള്‍, ധനുസ്സ്, ചക്രം, നുകം, ധ്വജം മറ്റുപലതും കീറിക്കേറി. ശരം തറച്ച് ഉടല്ചോരയാര്ന്നു കര്ണന് ചൊടിച്ചു കണ്ണുരുട്ടി ഞാണണിവില്ല് ഉലച്ചുകൊണ്ട് ഭാര്‍ഗവാസ്ത്രം പ്രയോഗിച്ചു.
മഹേന്ദ്രാസ്ത്രം ചെര്‍ത്ത പാര്ത്ഥാസ്ത്രങ്ങളെ കര്ണന് വിദഗ്ധമായി ഖണ്ഡിച്ചു. തേരാനകാലാളശ്വങ്ങളെ ഭാര്ഗവാസ്ത്രംകൊണ്ടു കൊന്നു തള്ളി. പാഞ്ചാലരില് ശ്രേഷ്ഠരായ യോദ്ധാക്കളെയും കര്ണന് അമ്പെയ്തു തറച്ചു. കൗരവസേന കര്ണന് ജയിച്ചെന്നു നിനച്ചു. കൃഷ്ണന്മാരും കര്‍ണനു പാട്ടിലായെന്നു വിചാരിച്ചു. അവര്‍ ആര്‍ത്തുവിളിച്ചു. വായുപുത്രനായ ഭീമന് കോപത്താല്‍ കൈതിരുമ്മിയിട്ട് അര്ജുനനോട് പറഞ്ഞു, ‘ധര്‍മ്മം വിട്ട പാപിയായ സൂതാത്മജന് എന്താണു ചെയ്യുന്നത്? അവനിപ്പോള്‍ പാഞ്ചാലരില് പലയോദ്ധരെയും ഭവാന് കാണ്‍കെ കൊന്നൊടുക്കുന്നു. പാര്‍ത്ഥാ! ഉപേക്ഷവിചാരിക്കേണ്ട കാലമല്ലിത്. ഖാണ്ഡവവനത്തില്‍ അഗ്നിയെ തുണച്ച ധൈര്യത്തോടെ നീ കര്‍ണനെ കൊല്ലുക. അവന്റെ മെയ്യ് ഞാന്‍ ഗദകൊണ്ട് തച്ചുടയ്ക്കാം. കിരാതമൂര്‍ത്തിയെ നീ ഏതൊന്നിനാല് ക്ലേശപ്പെടുത്തിയോ ആ ധൈര്യത്തെ നീ ഓര്‍ത്തെടുത്ത് കര്‍ണനെ കൊന്നുതള്ളുക. മഹാബലനായ ഭീമനും കൃഷ്ണനും പറഞ്ഞ വാക്കുകള്‍ കേട്ടിട്ട് തന്റെ തത്ത്വത്തെ മുഴുവനും ഓര്‍ത്തെടുക്കുക.’ തന്റെ അവതാരത്തിനു മൂലത്തെയും അറിഞ്ഞ് കേശവനോട് അര്ജുനന് ഇങ്ങനെ പറഞ്ഞു, ‘ലോകക്ഷേമത്തിനുവേണ്ടി കര്‍ണനെ കൊല്ലാന്‍ അങ്ങും വാനോര്‍കളും ബ്രഹ്മാവും ശിവനും ബ്രഹ്മവിത്തുക്കളും സമ്മതിക്കുക,’ എന്നു പറഞ്ഞുകൊണ്ട് ആ സവ്യസാചി ബ്രഹ്മദേവനെ കൈവണങ്ങിയിട്ട് അശക്യമായ ബ്രഹ്മാസ്ത്രത്തെ പ്രയോഗിച്ചു. കര്ണന് പെയ്ത്തുകാറെന്നവണ്ണം ശരമയച്ച് അതിനെയും തടുത്തു. അതുകണ്ടു ചൊടിച്ച ഭീമന് അമര്‍ഷത്തോടെ അര്ജുനനോട് ‘ഭവാന് അധീനമായ മഹാബ്രഹ്മാസ്ത്രത്തെ തൊടുക്കെന്നു മഹാജനങ്ങള് പറയുന്നു,’ എന്നു പറഞ്ഞു. അതുകേട്ട അര്ജുനന് ഉടനെ ദിക്കുകളും വിദിക്കുകളും ഉഗ്രതേജസ്സുയരുമാറ് ഭുജാംഗാസ്ത്രമുള്പ്പെട്ട ആയുധങ്ങളയച്ച് കര്ണരഥത്തെ മൂടി.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: